3 Jun 2023 10:46 AM GMT
Summary
- കഴിഞ്ഞമാസമാണ് ബംഗയെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്
- ലോകബാങ്കിന്റെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം
- ദാരിദ്ര്യ മുക്തമായ ലോകത്തിനായി പ്രവര്‍ത്തിക്കുമെന്ന് ലോകബാങ്ക്
ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ അജയ് ബംഗ ലോകബാങ്കിന്റെ പ്രസിഡന്റായി ചുമതലയേറ്റു. രണ്ട് ആഗോള ധനകാര്യ സ്ഥാപനങ്ങളുടെ തലപ്പത്തെത്തുന്ന ആദ്യത്തെ വ്യക്തിയായി.
മെയ് 3-ന്, ലോകബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ 63-കാരനായ ബംഗയെ അഞ്ച് വര്‍ഷത്തേക്ക് ലോകബാങ്കിന്റെ 14-ാമത് പ്രസിഡന്റായി തെരഞ്ഞെടുത്തു.
ലോകബാങ്കിനെ നയിക്കാന്‍ ബംഗയെ യുഎസ് നാമനിര്‍ദേശം ചെയ്യുമെന്ന് ഫെബ്രുവരിയില്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റായി ചര്‍ജെടുത്ത ബംഗയ്ക്ക് ലോക ബാങ്ക് സ്വാഗതം അരുളി.
ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായ ഒരു ലോകം സൃഷ്ടിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ബാങ്കിന്റെ ട്വീറ്റില്‍ പറയുന്നു.
അജയ് ബംഗ ലോകബാങ്കിന്റെ പ്രസിഡന്റായി തന്റെ പുതിയ ചുമതല ഏറ്റെടുക്കുമ്പോള്‍ എല്ലാ ആശംസകളും നേരുന്നതായി ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിവ പറഞ്ഞു. ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ആഴത്തിലുള്ള പങ്കാളിത്തം തുടരാന്‍ ആഗ്രഹിക്കുന്നതായി ജോര്‍ജിവ കൂട്ടിച്ചേര്‍ത്തു.
ലോകബാങ്കിന്റെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ബംഗ. ഫെബ്രുവരിയില്‍ സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ച ഡേവിഡ് മാല്‍പാസിന് പകരമാണ് അദ്ദേഹമെത്തിയത്.
ബംഗ അടുത്തിടെ ജനറല്‍ അറ്റ്‌ലാന്റിക്കില്‍ വൈസ് ചെയര്‍മാനായി സേവനമനുഷ്ഠിച്ചു. മുമ്പ്, ഏകദേശം 24,000 ജീവനക്കാരുള്ള ആഗോള സ്ഥാപനമായ മാസ്റ്റര്‍കാര്‍ഡിന്റെ പ്രസിഡന്റും സിഇഒയുമായിരുന്നു.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ലോകമെമ്പാടും തുല്യവും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ചയ്ക്കും സാമ്പത്തിക ഉള്‍പ്പെടുത്തലിനും വേണ്ടിയുള്ള സെന്റര്‍ ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് മാസ്റ്റര്‍കാര്‍ഡ് ആരംഭിച്ചു. ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഓണററി ചെയര്‍മാനായിരുന്നു അദ്ദേഹം, 2020-2022 വരെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചു.
2021-ല്‍ അദ്ദേഹം ജനറല്‍ അറ്റ്ലാന്റിക്കിന്റെ കാലാവസ്ഥാ കേന്ദ്രീകൃത ഫണ്ടായ ബിയോണ്ട് നെറ്റ്സീറോയുടെ ഉപദേഷ്ടാവായി. എല്‍ സാല്‍വഡോര്‍,ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവിടങ്ങളിലെ താഴ്ന്ന ജനവിഭാഗങ്ങളില്‍ സാമ്പത്തിക അവസരങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംഘടനകളുടെ കൂട്ടായ്മയായ സെന്‍ട്രല്‍ അമേരിക്കയുടെ പങ്കാളിത്തത്തിന്റെ കോ-ചെയര്‍ ആയും ബംഗ സേവനമനുഷ്ഠിച്ചു.
അമേരിക്കന്‍ റെഡ് ക്രോസ്, ക്രാഫ്റ്റ് ഫുഡ്സ്, ഡൗ ഇന്‍ക് എന്നിവയുടെ ബോര്‍ഡുകളിലും അദ്ദേഹം മുന്‍പ് പ്രവര്‍ത്തിച്ചിരുന്നു.
സൈബര്‍ റെഡിനസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും ന്യൂയോര്‍ക്കിലെ ഇക്കണോമിക് ക്ലബിന്റെ വൈസ് ചെയര്‍മാനുമായി ബംഗ പ്രവര്‍ത്തിച്ചിട്ടുണ്ട്.
2012-ല്‍ ഫോറിന്‍ പോളിസി അസോസിയേഷന്‍ മെഡല്‍, 2016-ല്‍ പത്മശ്രീ അവാര്‍ഡ്, എല്ലിസ് ഐലന്‍ഡ് മെഡല്‍ ഓഫ് ഓണര്‍, ബിസിനസ് കൗണ്‍സില്‍ ഫോര്‍ ഇന്റര്‍നാഷണല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗിന്റെ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റുമായി ബംഗ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ട്രഷറിയുമായി അടുത്ത സഹകരണം തുടരാനുള്ള തന്റെ ശക്തമായ ആഗ്രഹം ബംഗ അറിയിക്കുകയും ചെയ്തു.
ലോകബാങ്ക് അതിന്റെ സഹോദര വികസന ബാങ്കുകളുമായി കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യവും യെല്ലന്‍ ആവര്‍ത്തിച്ചു.
ആഗോള വെല്ലുവിളിയുടെയും അവസരങ്ങളുടെയും കാലഘട്ടത്തില്‍ ഈ നിര്‍ണായക സ്ഥാപനത്തിന്റെ അമരത്ത് ബംഗയുടെ പരിചയസമ്പന്നമായ നേതൃത്വവും മാനേജ്മെന്റ് വൈദഗ്ധ്യവും പ്രതീക്ഷിക്കുന്നതായി യെല്ലന്‍ അഭിപ്രായപ്പെട്ടിരുന്നു.