image

24 Jun 2023 9:04 AM GMT

Politics

ആരാണീ വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ ? പുടിനേക്കാള്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യുന്നത് വാഗ്‌നര്‍ തലവനെ കുറിച്ച് അറിയാന്‍

MyFin Desk

Yevgeny Prigozhin | Wagner Group | Plane crashes
X

Summary

  • ഇന്റര്‍നെറ്റില്‍ പ്രിഗോസിനെ കുറിച്ച് അറിയാന്‍ സെര്‍ച്ച് ചെയ്തത് 7,44,000 തവണ
  • പ്രിഗോസിന്‍ സ്ഥാപിച്ച ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റ് പുടിന്റെ പ്രിയ ഭക്ഷണകേന്ദ്രം കൂടിയായിരുന്നു
  • 2014-ലാണ് വാഗ്‌നര്‍ ഗ്രൂപ്പ് സ്ഥാപിച്ചത്


വാഗ്‌നര്‍ ഗ്രൂപ്പും അതിന്റെ തലവനുമാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രധാന ചര്‍ച്ചാവിഷയം. വ്യക്തി താല്‍പര്യത്തിന്റെ പുറത്ത് റഷ്യയെ ഒറ്റുകൊടുത്തവനാണ് വാഗ്‌നര്‍ തലവന്‍ യവ്‌ജെനി പ്രിഗോസിനെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ ജൂണ്‍ 24 ശനിയാഴ്ച പറഞ്ഞത്.

റഷ്യന്‍ സേനയിലെ വിമതഗ്രൂപ്പാണ് വാഗ്‌നര്‍ ഇപ്പോള്‍. പണ്ട് റഷ്യ ശത്രുക്കള്‍ക്കെതിരെ ഉപയോഗിച്ചിരുന്ന സൈനിക സംഘമാണ് വാഗ്‌നര്‍ ഗ്രൂപ്പ്. വാഗ്‌നര്‍ തലവന്‍ യവ്‌ജെനി പ്രിഗോസിന്‍ അറിയപ്പെട്ടിരുന്നതാകട്ടെ, ' പുടിന്റെ ഷെഫ് ' എന്നുമാണ്.

വെറുമൊരു റസ്റ്ററന്റ് ബിസിനസ്സിലൂടെ സമ്പന്നനായ വ്യക്തിയാണ് പ്രിഗോസിന്‍. ഇതിനിടെ പ്രിഗോസിന്‍ ഒരു സായുധ സംഘത്തെ രൂപപ്പെടുത്തിയെടുക്കുകയും ചെയ്തു. ഇതിന് പുടിന്റെ എല്ലാവിധ സഹായങ്ങളും ലഭിച്ചിരുന്നു. ഒടുവില്‍ പുടിനെതിരെ തന്നെ തിരിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. റഷ്യന്‍ സേനയുടെ നേതൃത്വം തകര്‍ക്കാന്‍ എന്തും ചെയ്യുമെന്നാണ് പ്രിഗോസിന്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നത്.

മെയ് മാസത്തില്‍ ഇന്റര്‍നെറ്റില്‍ പ്രിഗോസിനെ കുറിച്ച് അറിയാന്‍ സെര്‍ച്ച് ചെയ്തത് 7,44,000 തവണയാണ്. മറുവശത്ത് പുടിനെ സെര്‍ച്ച് ചെയ്തത് വെറും 3,05,000 തവണയും.

റഷ്യന്‍ പ്രതിരോധ മന്ത്രാലയവുമായുള്ള പ്രിഗോസിന്റെ ഏറ്റുമുട്ടലാണ് അദ്ദേഹത്തെ ഇപ്പോള്‍ സെലിബ്രിറ്റിയാക്കി മാറ്റിയിരിക്കുന്നത്. ഓരോ ദിവസം പിന്നിടുമ്പോഴും അദ്ദേഹത്തിന് കൂടുതല്‍ ജനപ്രീതി ലഭിച്ചുകൊണ്ടിരിക്കുകയാണ്. അതാകട്ടെ, പുടിന്റെ ജനപ്രീതിയെയും മറികടക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു.

ഉക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യന്‍ സേനയെ സഹായിക്കാന്‍ വാഗ്‌നര്‍ ഗ്രൂപ്പും ഉണ്ടായിരുന്നു. ഉക്രെയ്ന്‍ നഗരമായ ബഹ്‌മുത്ത് നഗരത്തെ രക്തരൂക്ഷിതമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ പിടിച്ചെടുത്തതില്‍ വാഗ്‌നര്‍ കൂലിപ്പട്ടാളത്തിന് വലിയ പങ്കുണ്ടായിരുന്നു.

ഈ മാസം റഷ്യന്‍ സൈന്യത്തിലെ ഒരു മുന്‍നിര ജനറല്‍ ഡ്യൂട്ടിക്കിടെ മദ്യപിക്കുകയും,വാഗ്‌നര്‍ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം റഷ്യന്‍ ജനറല്‍ പിന്നീട് സമ്മതിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെയാണു മോസ്‌കോയുമായുള്ള ബന്ധം മോശമായത്.

പ്രിഗോസിന്റെ ബാല്യകാലത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. അദ്ദേഹത്തിന്റെ 20-കളില്‍ ഒന്‍പത് വര്‍ഷക്കാലം ജയില്‍വാസം അനുഷ്ഠിച്ചിരുന്നെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിടിച്ചുപറി, തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ക്കാണ് ജയില്‍വാസം അനുഭവിച്ചത്. ജയിലില്‍ നിന്നും മോചിതനായശേഷം അദ്ദേഹം 1990-കളില്‍ റഷ്യന്‍ നഗരമായ സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗില്‍ ഒരു ഹോട്ട്-ഡോഗ് കടയിട്ടു. അത് പിന്നീട് വലിയ ഹോട്ടല്‍ ശൃംഖലയായി മാറി. കോണ്‍കോഡ് എന്ന പേരില്‍ കാറ്ററിംഗ് കമ്പനിയും സ്ഥാപിച്ചു.

പ്രിഗോസിന്‍ സ്ഥാപിച്ച ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റ് പുടിന്റെ പ്രിയ ഭക്ഷണകേന്ദ്രം കൂടിയായിരുന്നു.

പുടിനുമായുള്ള നല്ല ബന്ധത്തിലൂടെ ബിസിനസ് വളര്‍ത്തിയെടുക്കാന്‍ പ്രിഗോസിന് സാധിച്ചു. നിരവധി സ്‌കൂള്‍, ആശുപത്രി, ആര്‍മി എന്നിവിടങ്ങളില്‍ നിന്നുള്ള കാറ്ററിംഗ് കരാര്‍ നേടാന്‍ പ്രിഗോസിനെ പുടിന്‍ സഹായിച്ചു.

2014-ലാണ് വാഗ്‌നര്‍ ഗ്രൂപ്പ് സ്ഥാപിച്ചത്. റഷ്യയിലെ സ്വകാര്യ മിലിട്ടറി കമ്പനിയാണിത്. പുടിന്റെ കൂലി പട്ടാളമെന്നും അറിയപ്പെട്ടു. യുദ്ധമുഖത്ത് സ്വീകരിച്ചിരുന്ന ക്രൂരതയ്ക്കും മനുഷ്യപ്പറ്റില്ലാത്ത തന്ത്രങ്ങള്‍ക്കും കുപ്രസിദ്ധി നേടി വാഗ്‌നര്‍ ഗ്രൂപ്പ്.

2016 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അരങ്ങേറിയപ്പോഴും വാഗ്‌നറിന്റെ സാന്നിധ്യമുണ്ടായിരുന്നു. അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തി ഇലക്ഷന്‍ ഫലങ്ങളെ സ്വാധീനിക്കാന്‍ ഈ ഗ്രൂപ്പ് ശ്രമിച്ചതായി യുഎസ് ഏജന്‍സിയായ എഫ്ബിഐ കണ്ടെത്തിയിരുന്നു.

വാഗ്‌നര്‍ ഗ്രൂപ്പിന്റെ കാര്യക്ഷമതയും യുദ്ധമുഖത്ത് അവരുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യവും റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.