21 Sept 2023 11:42 AM IST
Summary
- ഇന്ത്യയെ ചൈനക്കെതിരായ ഉപകരണമായി മാത്രം പാശ്ചാത്യര്‍ കാണുന്നു
- ഇന്ത്യയെ അപലപിക്കാന്‍ യുഎസ് തയ്യാറായില്ലെന്നും ചൈനീസ് പത്രം
ഇന്ത്യാ-കാനഡ നയതന്ത്ര യുദ്ധം പരിഹരിക്കുന്നതിന് യുഎസ് മുന്‍കൈയ്യെടുത്തേക്കുമെന്ന് ചൈന. ഇന്ത്യയിലെ ജനാധിപത്യത്തെ പാശ്ചാത്യ രാജ്യങ്ങള്‍ പുകഴ്ത്തുന്നത് അവരുടെ ആഗോള താല്‍പ്പര്യങ്ങളാല്‍ മാത്രമാണെന്നും ഈ സഖ്യം ഇപ്പോള്‍ നാണക്കേടിനെ അഭിമുഖീകരിക്കുകയാണെന്നും ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ് അഭിപ്രായപ്പെട്ടു.
യുഎസ് അടക്കമുള്ള സഖ്യകക്ഷികളോട് നിജ്ജാറിന്റെ കൊലപാതകത്തെ പരസ്യമായി അപലപിക്കാന്‍ കാനഡ ആവശ്യപ്പെട്ടെങ്കിലും ആ അഭ്യര്‍ത്ഥനകള്‍ നിരസിക്കപ്പെട്ടതായും ഗ്ലോബല്‍ ടൈംസ് പറയുന്നു. യുഎസ് ഭരണകൂടവും സഖ്യകക്ഷികളും ചൈനക്കെതിരായ തുറുപ്പുചീട്ടായി ഇന്ത്യയെ കാണുന്നതുകൊണ്ട് കാനഡയുടെ ആവശ്യം അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റും റിപ്പോര്‍ട്ടുചെയ്തു.
ഇന്ത്യയുള്‍പ്പെടെ യുഎസ് രൂപീകരിച്ച പാശ്ചാത്യ സഖ്യം ഇപ്പോള്‍ വലിയ നാണക്കേട് നേരിടുകയാണെന്ന് ചൈന വിശ്വസിക്കുന്നു. അത്തരം സഖ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ യുഎസിന്റെ ദൗര്‍ബല്യം തുറന്നുകാട്ടുന്നതാണ് ഈ നയതന്ത്ര യുദ്ധമെന്നാണ് ബെയ്ജിംഗ് വിശ്വസിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങള്‍ മനുഷ്യാവകാശ സംരക്ഷകരാണെന്ന് അവകാശപ്പെടുന്നതായും മനുഷ്യാവകാശ പ്രശ്നങ്ങളുടെ പേരില്‍ മറ്റ് രാജ്യങ്ങളെ വിമര്‍ശിക്കുന്നതായും ഗ്ലോബല്‍ ടൈംസ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യം എന്നത് പാശ്ചാത്യരുടെ ചൈനാവിരുദ്ധരുടെ സഖ്യത്തില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താനുള്ള തന്ത്രം മാത്രമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ പലരും ഇന്ത്യയുടെ മത-ന്യൂനപക്ഷ നയങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും ഗ്ലോബല്‍ ടൈംസ് അഭിപ്രായപ്പെട്ടു.
ചൈനയെ ഒതുക്കാനുള്ള ശ്രമത്തില്‍ യുഎസ് ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പൊതുമൂല്യങ്ങളുടെ ഒരു ബാനര്‍ തയ്യാറാക്കിയിരിക്കുകയാണെന്ന് നാഷണല്‍ സ്ട്രാറ്റജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിന്‍ഹുവ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ക്വിയാന്‍ ഫെങ്ങിനെ ഉദ്ധരിച്ച് എഡിറ്റോറിയല്‍ പറയുന്നു. പാശ്ചാത്യര്‍ ഇന്ത്യയെ തങ്ങളെപ്പോലെ ഒരു ജനാധിപത്യ രാജ്യമായി യഥാര്‍ത്ഥമായി കണക്കാക്കുന്നുണ്ടോ എന്നത് സംശയാസ്പദമാണ് എന്ന് ഷാങ്ഹായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് റിസര്‍ച്ച് ഫെലോ ഷാവോ ഗാഞ്ചെംഗ് പറഞ്ഞു. ''നിലവില്‍ ഇന്ത്യ പാശ്ചാത്യര്‍ക്ക് ഉപയോഗപ്രദമാണ്, അതിനാല്‍ അവര്‍ സാഹചര്യം മുതലെടുക്കുന്നു,'' ഗാഞ്ചെംഗ് പറഞ്ഞു.