1 April 2024 6:41 AM GMT
Summary
- 1974-ലാണ് ഈ ദ്വീപ് ഇന്ത്യ ശ്രീലങ്കക്ക് നല്‍കിയത്
- സൗഹൃദ കരാറിന്റെ ഭാഗമായാണ് ദ്വീപ് വിട്ടുനല്‍കിയതെന്ന് കോണ്‍ഗ്രസ്
- കച്ചത്തീവ് ഇന്ത്യ നിലനിര്‍ത്തിയിരുന്നുവെങ്കില്‍ മത്സ്യബന്ധന മേഖല കൂടുതല്‍ സുരക്ഷിതമാകുമായിരുന്നു
ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിലുള്ള കച്ചത്തീവ് ദ്വീപിനെച്ചൊല്ലി പുതിയ വിവാദങ്ങള്‍ ഉയരുന്നു. ഇത്രയും തന്ത്രപ്രധാനമായ സ്ഥാനത്തുള്ള ദ്വീപ് ലങ്കക്ക് ഇന്ത്യ എന്തിനു നല്‍കി എന്നതാണ് കാതലായ ചോദ്യം. ഈ വിഷയം സംബന്ധിച്ച് ദേശീയ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാകപോര് നടക്കുകയാണ്. ഈ സാഹചര്യത്തില്‍ കച്ചത്തീവ് ദ്വീപില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിശദീകരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രസ്താവന.
അതേസമയം പ്രധാനമന്ത്രി മോദിയുടെ അവകാശവാദങ്ങളോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു, സൗഹൃദ കരാറിന്റെ ഭാഗമായാണ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതെന്ന് പറഞ്ഞു.
കച്ചത്തീവ് ദ്വീപിന്റെ കാര്യത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ അവകാശവാദങ്ങളും പ്രത്യാക്രമണങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു. കച്ചത്തീവ് ദ്വീപ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ലഭിച്ചത് രാമനാഥപുരം രാജാവിനായിരുന്നു. ഇത് സ്വാതന്ത്ര്യ ലഭിക്കുന്നതിനും മുന്‍പാണ്. 1947നുശേഷം രാജയുടെ ജമീന്ദാരി അവകാശങ്ങളുടെ ഭാഗമായതിനാല്‍, ഒടുവില്‍ അത് അന്നത്തെ മദ്രാസ് സര്‍ക്കാരിലേക്ക് മാറി.
മാത്രമല്ല, സ്വാതന്ത്ര്യാനന്തരം വര്‍ഷങ്ങളോളം, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരമായി കച്ചത്തീവിലേക്ക് പോയി. അത് ഒരിക്കലും തടസ്സപ്പെട്ടിട്ടില്ല. തന്നെയുമല്ല കച്ചത്തീവിന്റെ അവകാശം ശ്രീലങ്കക്കാണെന്ന് കാണിക്കാന്‍ സഹായകരമായ തെളിവുകള്‍ ഇല്ലെന്ന് ഇന്ത്യ വാദിച്ചിരുന്നു.
എന്നിരുന്നാലും, പതിനേഴാം നൂറ്റാണ്ടിലെ റെക്കോര്‍ഡുകള്‍ തങ്ങള്‍ക്കുണ്ടെന്ന് ശ്രീലങ്ക അവകാശപ്പെടുന്നു.ചില സമ്മേളനങ്ങള്‍ അവരുടെ അവകാശവാദത്തെ പോസിറ്റീവായ രീതിയില്‍ വീക്ഷിക്കുകയും ചെയ്തു, ജയശങ്കര്‍ പറഞ്ഞു.
ശ്രീലങ്ക അവകാശപ്പെടുന്നതില്‍ നിന്ന് വളരെ അകലെയാണ് യാഥാര്‍ത്ഥ്യമെന്നും ജയശങ്കര്‍ പറഞ്ഞു. 'ഇന്ത്യയും ശ്രീലങ്കയും സ്വതന്ത്രമായതിന് ശേഷം, കച്ചത്തീവ് ദ്വീപ് ഉപയോഗിക്കുന്നത് സംബന്ധിച്ച് രണ്ട് രാജ്യങ്ങളിലെ സൈനികര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കച്ചത്തീവ് പ്രശ്നമായി ഉയര്‍ന്നു വന്നത്. തര്‍ക്ക പരിഹാരത്തെക്കുറിച്ചും നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ച 1974ല്‍, കച്ചത്തീവ് കരാര്‍ ഉണ്ടാക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എന്താണ് സംഭവിച്ചത് എന്നതായിരുന്നു. അത് പണ്ഡിറ്റ് നെഹ്റുവായാലും ഇന്ദിരാഗാന്ധിയായാലും അവര്‍ക്ക് കച്ചത്തീവ് ഒരു 'പാറ', 'ഒരു പ്രാധാന്യമില്ലാത്ത ഒരു ചെറിയ ദ്വീപ് ' എന്നതിലുപരി മറ്റൊന്നുമായിരുന്നില്ല- ജയ്ശങ്കര്‍ പറഞ്ഞു. അതാണ് കച്ചത്തീവിനോടുള്ള കോണ്‍ഗ്രസിന്റെ ചരിത്രപരമായ സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വ്യക്തിഗത വീക്ഷണങ്ങള്‍ കോണ്‍ഗ്രസിന്റെ ചിന്തകളിലേക്ക് കടന്നുകയറിയതായും വിദേശകാര്യമന്ത്രി അവകാശപ്പെട്ടു. ഇന്ത്യ പോലൊരു മഹത്തായ രാജ്യത്തിന് അയല്‍ക്കാരെ സംതൃപ്തരാക്കേണ്ടത് പ്രധാനമാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് എച്ച്‌കെഎല്‍ ഭഗത് പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്ന് ഡെല്‍ഹിയില്‍ ഉണ്ടായിരുന്നവര്‍ക്ക് കച്ചത്തീവ് ഒരു പാറ മാത്രവും അസൗകര്യവുമായിരുന്നു. അവര്‍ക്ക് അതൊരു തലവേദനയായി - മന്ത്രി പറഞ്ഞു.
അതേസമയം ബിജെപി സര്‍ക്കാര്‍ 111 എന്‍ക്ലേവുകള്‍ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മാറ്റിയതും ഇന്ത്യക്ക് 55 എന്‍ക്ലേവുകള്‍ ലഭിച്ചതും ഖാര്‍ഗെ പരാമര്‍ശിച്ചു. കച്ചത്തീവ് കൈമാറ്റവും സമാനമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്താണ് കച്ചത്തീവ് ദ്വീപിന്റെ പ്രാധാന്യം
ധനുഷ്‌കോടിക്ക് വടക്ക് ഇരുപത് മൈലിലധികം അകലെയാണ് തര്‍ക്കപ്രദേശമായ കച്ചത്തീവ് (തമിഴ് ഭാഷയില്‍ 'തരിശു ദ്വീപ്' എന്നാണ് അര്‍ത്ഥം), 14-ാം നൂറ്റാണ്ടിലെ അഗ്‌നിപര്‍വ്വത സ്ഫോടനം മൂലമുണ്ടായ 285 ഏക്കര്‍ ജനവാസമില്ലാത്ത ദ്വീപ്. എല്ലാവരും മറന്ന കച്ചത്തീവ് വീണ്ടും ജനശ്രദ്ധയിലേക്ക് എത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ അതിനെ പറ്റി പരാമര്‍ശിച്ചപ്പോഴാണ്.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കീഴിലുള്ള ഇന്ത്യന്‍ ഭരണകൂടം 1974-ല്‍ സിരിമാവോ ബണ്ഡാരനായകെയുടെ ഭരണത്തിന്‍കീഴില്‍ ശ്രീലങ്കയ്ക്ക് ഈ ദ്വീപ് വിട്ടുകൊടുത്തു. 1976-ല്‍ സേതുസമുദ്രം തീരപ്രദേശത്തെ സമുദ്രാതിര്‍ത്തി രേഖ വിഭജിച്ചുള്ള കത്തുകളുടെ കൈമാറ്റത്തിന് മുമ്പായിരുന്നു ഇത്.
ലങ്കന്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, 1983-ല്‍, ഇന്ത്യന്‍ തമിഴ് മത്സ്യത്തൊഴിലാളികളും സിംഹള ആധിപത്യമുള്ള ലങ്കന്‍ നാവികസേനയും തമ്മിലുള്ള നിരന്തര സംഘര്‍ഷത്തിന് കച്ചത്തീവ് വേദിയായി. ഇത് യാദൃശ്ചികമായി കടക്കുന്നതുമൂലം മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന തമിഴ്‌നാട്ടുകാരുടെ ഉപജീവനമാര്‍ഗങ്ങളും സ്വത്തുക്കളും ജീവിതങ്ങളും നഷ്ടപ്പെടുന്നതിലേക്ക് നയിച്ചു. പലപ്പോഴും അവര്‍ ലങ്കന്‍ നാവിക സേനയുടെ പിടിയിലായി. അത് ഇപ്പോഴും തുടരുന്നു. മുന്‍പ് ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ ദ്വീപില്‍ വിശ്രമിക്കുകയും വലകള്‍ ഉണക്കാനായി വിരിച്ചിടുകയും മറ്റും ചെയ്യുമായിരുന്നു.
കൂടാതെ ശ്രീലങ്കയില്‍ ചൈന സ്വാധീനമുറപ്പിക്കുമ്പോള്‍ ഇന്ത്യക്ക് കച്ചത്തീവ് ഒരു നിരീക്ഷണ കേന്ദ്രമായി മാറുമായിരുന്നു. ഇന്ത്യന്‍ മത്സ്യബന്ധനത്തിനും ഈ മേഖല സുരക്ഷിതമാകുമായിരുന്നു.