15 March 2024 8:51 AM
Summary
- എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ വിവരങ്ങള്‍ അപൂര്‍ണമാണെന്ന് കോടതി
- രേഖകളിൽ എന്തുകൊണ്ട് സീരിയൽ നമ്പറുകൾ ഇല്ലെന്ന് കോടതി എസ്ബിഐയോട് ചോദിച്ചു
- കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വീണ്ടും സുപ്രീംകോടതി നോട്ടീസ്. എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ വിവരങ്ങള്‍ അപൂര്‍ണമാണെന്ന് കോടതി നിരീക്ഷിച്ചു. എന്തുകൊണ്ടാണ് എല്ലാ വിവരങ്ങളും കൈമാറാതിരുന്നതെന്ന് ചോദിച്ച കോടതി, ഇലക്ടറല്‍ ബോണ്ട് നമ്പറും പുറത്തുവിടണമെന്ന് നിര്‍ദേശിച്ചു.
പ്രസിദ്ധീകരിച്ച രേഖകളിൽ എന്തുകൊണ്ട് സീരിയൽ നമ്പറുകൾ ഇല്ലെന്ന് കോടതി എസ്ബിഐയോട് ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ രേഖകൾ തിരികെ നൽകാമെന്ന് പറഞ്ഞ കോടതി, എല്ലാ രേഖകളും മാര്‍ച്ച് 17 നകം പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നൽകി
എസ്ബിഐ തിങ്കളാഴ്ച മറുപടി നല്‍കണമെന്നും സുപ്രീംകോടതി നോട്ടീസിലുണ്ട്. പാര്‍ട്ടികള്‍ ആരുടെ സംഭാവനയാണ് സ്വീകരിച്ചതെന്നതിന്റെ വിവരങ്ങള്‍ പുറത്തുവിടണം. എല്ലാ ബോണ്ടിന്റെയും നമ്പര്‍ പുറത്തുവിടണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഈ വിവരങ്ങള്‍ പുറത്തുവിടുന്നതോടെ ആരുടെ സംഭാവന ഏത് രാഷ്ട്രീയ പാര്‍ട്ടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാകും.
കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഇലക്‌ടറൽ ബോണ്ട് വിവരങ്ങൾ വലിയ തോതിലാണ് ചര്‍ച്ചയാവുന്നത്. സംഭാവന വിവാദം സർക്കാരിനെതിരെ ആയുധം ആക്കി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികൾ രംഗത്ത് വന്നിട്ടുണ്ട്. 47.5% ഇലക്ടൽ ബോണ്ടുകളും സ്വന്തമാക്കിയത് ബി ജെ പി യാണ്. 6060 കോടി രൂപയാണ് ബിജെപിക്ക് 2019 മുതൽ 2024 വരെ സംഭാവനയായി കിട്ടിയത്.
ഇലക്ടറല്‍ ബോണ്ടില്‍ എസ്‌ഐടി അന്വേഷണം വേണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഏത് പാര്‍ട്ടിക്ക് എത്ര ഫണ്ട് ലഭിച്ചെന്ന് അന്വേഷിക്കണം. പി എം കെയേഴ്‌സിന് സംഭാവന നല്‍കിയതും കണ്ടെത്തണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.