image

17 Jun 2024 9:28 AM GMT

Politics

കടിഞ്ഞാണ്‍ പിടിക്കാന്‍ കിടിലന്‍ തന്ത്രവുമായി ഇന്ത്യ സഖ്യം

MyFin Desk

speaker, india alliance may support tdp
X

Summary

  • സ്പീക്കര്‍ തെരഞ്ഞെടുപ്പ് ബിജെപിക്ക് തലവേദന ആയേക്കും
  • സ്പീക്കര്‍ പദവി ബിജെപിക്ക് ലഭിച്ചാല്‍ പാര്‍ട്ടികളെ പിളര്‍ത്താന്‍ സാധ്യതയെന്ന് പ്രതിപക്ഷം
  • ഘടക കക്ഷികള്‍ ചേര്‍ന്ന് സ്പീക്കറെ തീരുമാനിക്കണം എന്ന് ടിഡിപി


ലോക്‌സഭാ സ്പീക്കര്‍ പദവി ബിജെപിക്ക് തലവേദന ആയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ ബ്ലോക്ക് വ്യത്യസ്തമായ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത് എന്‍ഡിഎയ്ക്ക് വിലങ്ങുതടിയാകും. സ്പീക്കര്‍ സ്ഥാനം തെലുങ്കുദേശം പാര്‍ട്ടിക്കായിരിക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹിക്കുന്നത്. അല്ലാത്തപക്ഷം മറ്റുപാര്‍ട്ടികളെ പിളര്‍ത്തി ബിജെപി സ്വന്തമായി ഭൂരിപക്ഷം സൃഷ്ടിക്കുന്ന സ്ഥിതി ഉണ്ടാകുമെന്ന് അവര്‍ കരുതുന്നു. ഈമാസം 26നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്.

സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപി നിര്‍ദ്ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്നാണ് ജെഡിയുവില്‍നിന്നും പുറത്തുവരുന്ന വാര്‍ത്ത. അതിനാല്‍ പ്രതിപക്ഷം ടിഡിപിയെ ആശ്രയിക്കുകയാണ്. ഘടക കക്ഷികള്‍ എല്ലാവരും ചേര്‍ന്ന് സ്പീക്കറിനെ തെരഞ്ഞെടുക്കണം എന്നാണ് തെലുങ്കുദേശം പാര്‍ട്ടിയുടെ നിലപാട്. ഇത് ബിജെപിയുടെ ഏകപക്ഷീയമായ തീരുമാനത്തെ ടിഡിപി എതിര്‍ക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തി.

സ്പീക്കര്‍ സ്ഥാനത്തേക്ക് ടിഡിപി അല്ലെങ്കില്‍ ഇന്ത്യാ ബ്ലോക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

മുന്‍പ് വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് തെലുങ്കുദേശം പാര്‍ട്ടിക്കായിരുന്നു സ്പീക്കര്‍സ്ഥാനം. പാര്‍ട്ടി അന്ന് സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ടിഡിപി എന്‍ഡിഎയ്‌ക്കൊപ്പമാണ്.

ഇന്ത്യാസഖ്യത്തിന്റെ നിലപാട് ബിജെപി നേതൃത്വത്തെ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി ഇതുവരെ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല.