25 Jun 2023 7:36 AM GMT
Summary
- മോസ്കോയ്ക്ക് 200 കിലോമീറ്റര്‍ ചുറ്റളവില്‍ എത്തിയ ശേഷം വാഗ്‍നര്‍ സേനയുടെ പിന്‍മാറ്റം
- അഭയം തേടി പ്രിഗോസിന്‍ ബെലാറസിലേക്ക്
- രക്തച്ചൊരിച്ചില്‍ ഒഴിവാക്കുമെന്ന് പ്രിഗോസിന്‍
മോസ്കോയിലെ മിക്ക വഴികളിലൂടെയും മുന്നേറിയെത്തിയ വാഗ്‍നര്‍ സേന റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനു മുന്നില്‍ ഉയര്‍ത്തിയ വെല്ലുവിളിയില്‍ താല്‍ക്കാലിക ആശ്വാസം. ആക്രമിച്ചു മുന്നോട്ടുപോകുന്നത് നിര്‍ത്തിവെക്കാനാണ് റഷ്യയിലെ വിമത പട്ടാളത്തിന്‍റെ ഇപ്പോഴത്തെ തീരുമാനം രക്തച്ചൊരിച്ചിൽ ഒഴിവാക്കുമെന്ന് വാഗ്‍നര്‍ തലവന്‍ യവ്‌ജെനി പ്രിഗോസിന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
തന്റെ ആളുകൾ തലസ്ഥാനത്ത് നിന്ന് 200 കിലോമീറ്ററിന് ഉള്ളിൽ വരെ എത്തിയതായി ഇന്നലെ യെവ്ജെനി പ്രിഗോസിൻ പറഞ്ഞു. നേരത്തെ, വാഗ്‍നര്‍ സേനയെ നേരിടുന്നതിനായ മോസ്കോ തയ്യാറെടുക്കുകയും സൈനികരെ വിന്യസിക്കുകയും ചെയ്തിരുന്നു. യുദ്ധസമാന സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങള്‍ വീടുകളില്‍ തന്നെ തുടരണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ പിടിച്ചെടുത്ത റോസ്തോവ് സൈനിക ആസ്ഥാനത്ത് നിന്ന് വാഗ്‍നര്‍ സേന പിൻവാങ്ങാൻ തയാറായി. പ്രിഗോസിന്‍ നിയമ നടപടികള്‍ ഒഴിവാക്കുന്നതിനായി അയൽരാജ്യമായ ബെലാറസിലേക്ക് മാറുമെന്നും പ്രോസിക്യൂഷൻ നേരിടേണ്ടിവരില്ലെന്നും റഷ്യന്‍ അധികൃതര്‍ പറയുന്നു.
വ്യക്തി താല്‍പര്യത്തിന്റെ പുറത്ത് റഷ്യയെ ഒറ്റുകൊടുത്തവനാണ് വാഗ്‌നര്‍ തലവന്‍ യവ്‌ജെനി പ്രിഗോസിനെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ ഇന്നലെ പറഞ്ഞിരുന്നത്. പണ്ട് റഷ്യ ശത്രുക്കള്‍ക്കെതിരെ ഉപയോഗിക്കാന്‍ ഉപയോഗിച്ചിരുന്ന സൈനിക സംഘമാണ് വാഗ്‌നര്‍ ഗ്രൂപ്പ്. വാഗ്‌നര്‍ തലവന്‍ യവ്‌ജെനി പ്രിഗോസിന്‍ അറിയപ്പെട്ടിരുന്നതാകട്ടെ, ' പുടിന്റെ ഷെഫ് ' എന്നുമാണ്. എന്നാല്‍ പിന്നീട് ഈ സംഘം പുടിനും സൈന്യത്തിലെ ഔദ്യോഗിക നേതൃത്വത്തിനും എതിരേ തിരിയുകയായിരുന്നു.
വെറുമൊരു റസ്റ്ററന്റ് ബിസിനസ്സിലൂടെ സമ്പന്നനായ വ്യക്തിയാണ് പ്രിഗോസിന്‍. ഇതിനിടെ പ്രിഗോസിന്‍ ഒരു സായുധ സംഘത്തെ രൂപപ്പെടുത്തിയെടുക്കുകയും ചെയ്തു. ഇതിന് പുടിന്റെ എല്ലാവിധ സഹായങ്ങളും ലഭിച്ചിരുന്നു. ഒടുവില്‍ പുടിനെതിരെ തന്നെ തിരിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. റഷ്യന്‍ സേനയുടെ നേതൃത്വം തകര്‍ക്കാന്‍ എന്തും ചെയ്യുമെന്നാണ് പ്രിഗോസിന്‍ പ്രതിജ്ഞ ചെയ്തിരിക്കുന്നത്. പുടിനെ പ്രസിഡന്‍റ് സ്ഥാനത്തു നിന്നു നീക്കും എന്നതുവരെ വാഗ്‍നര്‍ സംഘത്തിന്‍റെ ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടു.
ഉക്രെയ്ന്‍ അധിനിവേശത്തില്‍ റഷ്യന്‍ സേനയെ സഹായിക്കാന്‍ വാഗ്‌നര്‍ ഗ്രൂപ്പും ഉണ്ടായിരുന്നു. ഉക്രെയ്ന്‍ നഗരമായ ബഹ്‌മുത്ത് നഗരം രക്തരൂക്ഷിതമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ പിടിച്ചെടുത്തതില്‍ വാഗ്‌നര്‍ കൂലിപ്പട്ടാളത്തിന് വലിയ പങ്കുണ്ടായിരുന്നു. ഈ മാസം റഷ്യന്‍ സൈന്യത്തിലെ ഒരു മുന്‍നിര ജനറല്‍ ഡ്യൂട്ടിക്കിടെ മദ്യപിക്കുകയും,വാഗ്‌നര്‍ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം റഷ്യന്‍ ജനറല്‍ പിന്നീട് സമ്മതിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെയാണു മോസ്‌കോയുമായുള്ള ബന്ധം മോശമായത്.