18 Sep 2023 10:38 AM GMT
Summary
- യുക്രെയ്ന്‍ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ നേരിട്ട് ഇടപെട്ടതിന് തെളിവ്
- ആയുധവില്‍പ്പനയില്‍നിന്നുള്ള പണവും യുഎസ് പിന്തുണയും ബെയ്‌ലൗട്ട് പാക്കേജിന് വഴിതുറന്നു
- ഇമ്രാന്‍ ഖാനെ പുറത്താക്കിയത് യുഎസ് താല്‍പ്പര്യ പ്രകാരം
ഈ വര്‍ഷമാദ്യം ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ (ഐഎംഎഫ്) നിന്ന് പാക്കിസ്ഥാന് ലഭിച്ച വിവാദപരമായ സഹായം അമേരിക്കയിലേക്കുള്ള രഹസ്യ ആയുധവില്‍പ്പനയെ തുടര്‍ന്നാണ് എന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ നോണ്‍ പ്രോഫിറ്റ് ന്യൂസ് ഓര്‍ഗനൈസേഷന്റെ ഓണ്‍ലൈന്‍ 'ദി ഇ്ന്റര്‍സെപ്റ്റ്' പ്രസിദ്ധീകരിച്ചതാണ് റിപ്പോര്‍ട്ട്. യുക്രെയ്ന്‍ സൈന്യത്തിന് വിതരണം ചെയ്യുന്നതിനായാണ് ആയുധ വില്‍പ്പന നടത്തിയത്. ഇത് യുദ്ധത്തില്‍ പാക്കിസ്ഥാന്റെ നേരിട്ടുള്ള പങ്കാളിത്തം വ്യക്തമാക്കുന്നു. ഏതെങ്കിലും പക്ഷത്ത് നിലയുറപ്പിക്കാന്‍ യുഎസ് പാക്കിസ്ഥാനെ പ്രേരിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
സാമ്പത്തിക, രാഷ്ട്രീയ ഉന്നതര്‍ തമ്മിലുള്ള രഹസ്യ തന്ത്രങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള സാമ്പത്തിക സ്ഥാപനം ഐഎംഎഫ് അടുത്തിടെയാണ് ബെയ്‌ലൗട്ട് പാക്കേജ് പ്രഖ്യാപിച്ചത്. ബെയ്‌ലൗട്ട് പാക്കേജിന്റെ നിബന്ധനകളെച്ചൊല്ലി പാക്കിസ്ഥാനില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയർന്നിരുന്നു.
നടപടിക്കെതിരെ രാജ്യത്ത് നിരവധി സമരങ്ങള്‍ നടന്നു. രാജ്യത്തെ ഒന്നര വര്‍ഷത്തോളം നീണ്ട രാഷ്ട്രീയ പ്രതിസന്ധിയുടെ ഏറ്റവും പുതിയ അധ്യായമാണ് പ്രതിഷേധങ്ങള്‍.
പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പുറത്താക്കാന്‍ അവിശ്വാസ വോട്ട് സമാഹരിക്കുവാന്‍ 2022 ഏപ്രിലില്‍ പാക്കിസ്ഥാന്‍ സൈന്യം പ്രതിപക്ഷപാർട്ടികളെ സഹായിച്ചു. യുഎസിന്റെ പ്രോത്സാഹനത്തോടെയായിരുന്നു ഇത്. ഖാനെ പുറത്താക്കുന്നതിന് മുമ്പ്, യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നയതന്ത്രജ്ഞര്‍ അദ്ദേഹത്തിന്റെ കീഴില്‍ യുക്രെയ്ന്‍ യുദ്ധം സംബന്ധിച്ചുള്ള നിഷ്പക്ഷ നിലപാടിനെക്കുറിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഖാന്‍ അധികാരത്തില്‍ തുടരുകയാണെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു. ഇമ്രാന്‍ ഖാനെ നീക്കം ചെയ്താല്‍ എല്ലാം പഴയപടിയാകുമെന്നു യുഎസ് വാഗ്ദാനം ചെയ്തതായി ദി ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധത്തിന് ആവശ്യമായ അടിസ്ഥാന യുദ്ധോപകരണങ്ങളുടെ ഉല്‍പ്പാദന കേന്ദ്രമായാണ് പാക്കിസ്ഥാന്‍ അറിയപ്പെടുന്നത്. യുദ്ധോപകരണങ്ങളുടെയും ഹാര്‍ഡ് വേറുകളുടേയും ദൗര്‍ലഭ്യം യുക്രെയ്നെ പിടിമുറുക്കിയ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ നിര്‍മ്മിച്ച ഷെല്ലുകളുടെയും മറ്റ് ആയുധങ്ങളുടെയും യുക്രെയ്നിലെ സാന്നിധ്യം ഓപ്പണ്‍ സോഴ്സ് വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇക്കാര്യം യുഎസോ പാക്കിസ്ഥാനോ അംഗീകരിച്ചില്ല.
എന്നാല്‍ ചില സ്രോതസുകള്‍ ഈ വര്‍ഷം ആദ്യം യുഎസ്ആ- പാക്കിസ്ഥാന ആയുധ ഇടപാടുകള്‍ വിശദമാക്കുന്ന രേഖകള്‍ ചോര്‍ത്തി. ദി ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022 ലെ വേനല്‍ക്കാലം മുതല്‍ 2023 ലെ വസന്തകാലം വരെ യുഎസും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധോപകരണവില്‍പ്പ്‌ന രേഖകള്‍ വിശദീകരിക്കുന്നു.
ആയുധ വില്‍പനയില്‍ നിന്നുള്ള സാമ്പത്തിക മൂലധനവും യുഎസിന്റെ പിന്തുണയും ഐഎംഎഫില്‍ നിന്ന് സഹായം നേടുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.