18 July 2023 12:02 PM GMT
Summary
- ജനസമ്പര്‍ക്ക പരിപാടിയാണ് ഭരണനേട്ടങ്ങളില്‍ ഏറ്റവും തിളക്കമേറിയതായി വിലയിരുത്തപ്പെടുന്നത്.
- രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ചത് വെറും രണ്ട് വര്‍ഷത്തെ ആയുസ്സ് മാത്രമാണ്
- അദ്ദേഹത്തിന്റെ വസതിക്കു മുന്‍പില്‍ എപ്പോഴും വലിയ ജനക്കൂട്ടം കാണപ്പെടുമായിരുന്നു
' വികസനവും കരുതലും ' , ' അതിവേഗം ബഹുദൂരം ' എന്നീ മുദ്രാവാക്യങ്ങള്‍ ആദ്യമായി കേരളം കേള്‍ക്കുന്നത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2011-2016 കാലഘട്ടത്തിലാണ്. കേരളം വികസനത്തില്‍ അതിവേഗം ബഹുദൂരം മുന്നേറിയ കാലം കൂടിയായിരുന്നു അത്. ഇന്ന് ഓരോ മലയാളിയും ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ പറയുന്ന കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം രാജ്യാന്തര തുറമുഖവുമൊക്കെ ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വലിയ സംഭവാനകളില്‍ ചിലതാണ്.
ഇതിനു പുറമെ വല്ലാര്‍പാടം തുറമുഖം, പെട്രോനെറ്റ് എല്‍എന്‍ജി, മലയോര ഹൈവേ, ശബരിമല വികസനം, എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് തുടങ്ങിയ നിരവധി വികസന, സാമൂഹിക പദ്ധതികളില്‍ ഉമ്മന്‍ ചാണ്ടിയുടെ മുദ്ര പതിയുകയും ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി 'സ്പീഡ് ഗവേണന്‍സി ' (speed governance ) നായിരുന്നു പ്രാധാന്യം നല്‍കിയത്. ഭരണനിര്‍വഹണത്തില്‍ കാലതാമസം നേരിടരുതെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. സാധാരണക്കാരനു സര്‍ക്കാരിന്റെ സേവനങ്ങള്‍ എളുപ്പം ലഭ്യമാക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഭരണനേട്ടങ്ങളില്‍ ഏറ്റവും തിളക്കമേറിയ ജനസമ്പര്‍ക്ക പരിപാടി
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിയാണ് അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളില്‍ ഏറ്റവും തിളക്കമേറിയതായി വിലയിരുത്തപ്പെടുന്നത്. ജനോപകാരപ്രദമായ പദ്ധതിയെന്ന നിലയില്‍ അത് രാജ്യാന്തരതലത്തില്‍ വരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി 2011-ലാണു രണ്ടാം തവണ മുഖ്യമന്ത്രിയായത്. അതേ വര്‍ഷം തന്നെയാണു ജനസമ്പര്‍ക്ക പരിപാടിക്കു തുടക്കമിട്ടതും. 2011 മുതല്‍ 3 വര്‍ഷം 3 ഘട്ടമായി കേരളത്തതിലെ മുഴുവന്‍ ജില്ലകളിലും ജനസമ്പര്‍ക്കം നടത്തി. ഒരു ഭരണാധികാരിയുടെ സുഖശീതളിമയില്‍ നിന്നു കൊണ്ടല്ല അദ്ദേഹം അത് സംഘടിപ്പിച്ചത്. പകരം മണിക്കൂറുകളോളം ഒറ്റനില്‍പ്പില്‍ നിന്നും, രാത്രി മണിക്കൂറുകളോളം ഉറക്കമൊഴിച്ചും, ചില ഘട്ടങ്ങളില്‍ ജലപാനം പോലും ഒഴിവാക്കിയുമായിരുന്നു.
ജനസമ്പര്‍ക്ക പരിപാടിക്കിടെ അദ്ദേഹം മണിക്കൂറുകളോളം നേരം ജനങ്ങളുമായി ഇടപെട്ടു എന്നല്ല പറയേണ്ടത് പകരം അവരോടൊപ്പം അവരുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു എന്നു വേണം പറയാന്‍. എത്രയോ ദിവസങ്ങളും മാസങ്ങളും പരിപാടിക്കു വേണ്ടി വിശ്രമവും, ഭക്ഷണവും വരെ ഒഴിവാക്കി. 12 മുതല്‍ 19 മണിക്കൂര്‍ വരെയാണ് അദ്ദേഹം ജനങ്ങളുടെ ആവലാതികളും ദുരിതങ്ങളും കേള്‍ക്കാന്‍ ചെവികൊടുത്തത്. വില്ലേജ് ഓഫീസിലേക്കും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലേക്കും പോകാന്‍ സാധിക്കാത്ത സാധാരണക്കാരിലേക്കു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇറങ്ങിച്ചെന്നു. അവരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടി കൊടുത്തു.
ജനസമ്പര്‍ക്ക പരിപാടിയിലൂടെ മൊത്തം 242 കോടി രൂപയുടെ ധനസഹായമാണു സര്‍ക്കാര്‍ അനുവദിച്ചത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനും ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും ഉമ്മന്‍ചാണ്ടി പ്രകടിപ്പിച്ച പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ അദ്ദേഹത്തെ തേടി 2013-ല്‍ ഐക്യരാഷ്ട്രസംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാര്‍ഡും എത്തി.
ജനസമ്പര്‍ക്ക പരിപാടി പോലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ഒരു രൂപയ്ക്ക് ഒരു കിലോ അരി വിതരണം ചെയ്യാനെടുത്ത തീരുമാനം. 2011-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജനങ്ങള്‍ക്ക് യുഡിഎഫ് നല്‍കിയ വാഗ്ദാനം കൂടിയായിരുന്നു ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഒരു രൂപയ്ക്ക് അരി നല്‍കാമെന്നത്. ഉമ്മന്‍ ചാണ്ടി ആ വാഗ്ദാനം പാലിച്ചു.
രണ്ട് തവണ മുഖ്യമന്ത്രി, പക്ഷേ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമായി ഇല്ല
ഭരണത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ എന്നും ശ്രദ്ധിച്ചിരുന്നു ഉമ്മന്‍ ചാണ്ടി. സ്വന്തം ഓഫീസില്‍ 24 മണിക്കൂറും തത്സമയ വെബ് കാസ്റ്റിംഗ് അവതരിപ്പിച്ചു. ഇത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റുമായി ലിങ്ക് ചെയ്യുകയും ചെയ്തു. ഭരണതലത്തില്‍ ഇത്രയും സ്മാര്‍ട്ട് ആയി പ്രവര്‍ത്തിച്ച മുഖ്യമന്ത്രി പക്ഷേ ഒരു സ്മാര്‍ട്ട്‌ഫോണോ മൊബൈല്‍ ഫോണോ സ്വന്തമാക്കിയിരുന്നില്ല.
ഉമ്മന്‍ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായത് രണ്ട് തവണയാണ്. ആദ്യം 2004-ലും പിന്നീട് 2011ലും. പക്ഷേ, അദ്ദേഹത്തിനു മൊബൈല്‍ ഫോണ്‍ സ്വന്തമായി ഇല്ലായിരുന്നു. ഉമ്മന്‍ ചാണ്ടിയെ ബന്ധപ്പെട്ടിരുന്നത് അദ്ദേഹത്തിന്റെ കൂടെയുള്ളവരില്‍ ആരെയെങ്കിലും ഫോണില്‍ വിളിച്ചു കൊണ്ടായിരുന്നു.
കെഎസ്‌യുവിലൂടെ ഉയര്‍ന്നുവന്ന നേതാവ്
കെഎസ്‌യു എന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നുവന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. 1943 ഒക്ടോബര്‍ 31ന് കോട്ടയം പുതുപ്പള്ളിയിലെ കരോട്ടുവള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി ജനിച്ച ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കെഎസ്‌യുവിന്റെ യൂണിറ്റ് പ്രസിഡന്റായിട്ടാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്. 1967-ല്‍ കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റുമായി. എ.കെ. ആന്റണിയില്‍നിന്നായിരുന്നു കെഎസ്‌യുവിന്റെ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത്.
1969-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി. 1970-ല്‍ വെറും 27 വയസ്സുള്ളപ്പോള്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു.
1977-78 കാലഘട്ടത്തില്‍ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ 33-ാമത്തെ വയസ്സില്‍ തൊഴില്‍ മന്ത്രിയായി. തൊഴിലില്ലായ്മ വേതനം നല്‍കാനുള്ള തീരുമാനം ഉമ്മന്‍ ചാണ്ടി മന്ത്രിയായിരിക്കുമ്പോഴാണു കൈക്കൊള്ളുന്നത്.
തൊഴില്‍രഹിതരായ നിരവധി യുവാക്കള്‍ക്ക് ഈ തീരുമാനം ഗുണം ചെയ്തു. 1981-ലെ കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തത് ഉമ്മന്‍ ചാണ്ടിയായിരുന്നു. അക്കാലത്തായിരുന്നു പൊലീസിന്റെ യൂണിഫോം പരിഷ്‌കരിച്ചതും.
1991-94 കാലഘട്ടത്തില്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. പിന്നീട് 2001 മുതല്‍ 2004 വരെ യുഡിഎഫ് കണ്‍വീനറായിരുന്നു.
2004-ലാണ് ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയായത്. 2004-ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയായിരുന്ന ഏ.കെ. ആന്റണി സ്ഥാനം രാജിവച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുകയായിരുന്നു.
2006 മുതല്‍ 2011 വരെ കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി.
പ്രവചിച്ചത് 2 വര്‍ഷം പൂര്‍ത്തിയാക്കിയത് 5 വര്‍ഷം
2011-ല്‍ ഉമ്മന്‍ ചാണ്ടി നേതൃത്വം കൊടുത്ത യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ചത് വെറും രണ്ട് വര്‍ഷത്തെ ആയുസ്സ് മാത്രമാണ്. കാരണം സര്‍ക്കാരിന് ഭരിക്കാന്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി അഞ്ച് വര്‍ഷവും തികച്ച് ഭരിച്ചു. ഇതിനിടെ എത്രയോ പ്രതിസന്ധികളെ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ബാര്‍ കോഴ, സോളാര്‍ അഴിമതി എന്നിവയൊക്കെ അവയില്‍ ചിലതായിരുന്നു. പക്ഷേ, അവയെല്ലാം ഉറച്ച മനസ്സോടെ നിന്ന്് നേരിട്ടു. എത്രയോ രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ പരിചയ സമ്പന്നത നേടിയ വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി. ആ അനുഭവം ഏത് രാഷ്ട്രീയ വെല്ലുവിളികളുടെ കുത്തൊഴുക്കിലും പതറാതെ നില്‍ക്കാനുള്ള കരുത്ത് അദ്ദേഹത്തിന് നല്‍കിയിരുന്നു.
പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്
ഉമ്മന്‍ ചാണ്ടി സ്വന്തം നാടായ പുതുപ്പള്ളിയില്‍ അറിയപ്പെടുന്നത് കുഞ്ഞൂഞ്ഞ് എന്നാണ്. നാട്ടുകാര്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ അങ്ങനെയാണ് വിളിച്ചിരുന്നത്. പുതുപ്പള്ളിയുമായി അദ്ദേഹത്തിന് അത്രയേറെ അടുപ്പമാണുണ്ടായിരുന്നത്.
1970 മുതല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് തോല്‍വിയറിയാതെയാണ് ഉമ്മന്‍ ചാണ്ടി ഇതുവരെ ജയിച്ചുവന്നത്. പുതുപ്പള്ളിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചതാകട്ടെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീടിന് പുതുപ്പള്ളി എന്ന പേര് നല്‍കി കൊണ്ടായിരുന്നു.
എംഎല്‍എ, മന്ത്രി, മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ചപ്പോള്‍ എത്ര തിരക്കുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടി കോട്ടയം പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ എല്ലാ ശനിയാഴ്ച വൈകുന്നേരങ്ങളിലും എത്തുമായിരുന്നു. പിറ്റേ ദിവസം ഞായറാഴ്ച രാത്രിയോടെയായിരുന്നു അദ്ദേഹം തിരുവനന്തപുരത്തേയ്ക്കു യാത്ര തിരിച്ചിരുന്നത്.
ഉമ്മന്‍ ചാണ്ടി വരുന്ന ശനിയാഴ്ച ദിവസവും ഞായറാഴ്ചയിലും കോട്ടയത്തെ അദ്ദേഹത്തിന്റെ വസതിക്കു മുന്‍പില്‍ വലിയ ജനക്കൂട്ടം കാണപ്പെടുമായിരുന്നു. പല പ്രശ്‌നങ്ങളും ദുരിതങ്ങളും ആവലാതികളും തങ്ങളുടെ നേതാവിനോട് പങ്കുവയ്ക്കാനും അവയ്ക്ക് പരിഹാരം കാണാനുമായിരുന്നു അവരെത്തിയിരുന്നത്.