19 July 2023 9:28 AM
Summary
- ഉമ്മന്‍ ചാണ്ടി ദൈവത്തെ എന്ന പോലെ പുതുപ്പള്ളിയിലെ ജനങ്ങളെയും സേവിച്ചിരുന്നു
- വികസന വേഗത്തിലും ഭരണതന്ത്രജ്ഞതയിലും മികവ് പുലര്‍ത്തിയ ഒരു മുഖ്യമന്ത്രി
- കേരളം ഉമ്മന്‍ ചാണ്ടിയെ ഓര്‍മിക്കുന്നത് ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെന്ന നിലയിലാണ്
സി.പി. രാജശേഖരന്‍
(ഡെപ്യൂട്ടി എഡിറ്റര്‍, വീക്ഷണം)
വ്യാവസായിക കേരളത്തിന് ഉമ്മന്‍ ചാണ്ടി നല്‍കിയ സംഭാവനകള്‍ എണ്ണിയാല്‍ തീരുന്നവയല്ല. എനിക്ക് വ്യക്തിപരമായി അറിയാവുന്ന ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ ജോലി ചെയ്യുന്ന മേഖലയാണു പരമ്പരാഗത കശുവണ്ടി വ്യവസായം. ഈ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തൊഴില്‍ക്ഷാമമാണ്.
കേരളത്തില്‍ മതിയായ കശുവണ്ടിയില്ല. കേരളത്തില്‍ മതിയായ കശുവണ്ടി ഉല്‍പ്പാദിപ്പിക്കുന്നില്ല. കേരളത്തില്‍ കശുവണ്ടിപ്പരിപ്പിന് വേണ്ടത്ര ഉപയോക്താക്കളില്ല. എന്നിട്ടും കേരളം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാഷ്യു സംസ്‌കരണ വിതരണ സംസ്ഥാനമായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം കേരളത്തിന്റെ വ്യാവസായിക പാരമ്പര്യമാണ്. പക്ഷേ, ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു തൊട്ടുമുന്‍പുള്ള സര്‍ക്കാരുകളുടെ കാലത്തും പില്‍ക്കാലത്തുള്ള സര്‍ക്കാരിന്റെ കാലത്തും കശുവണ്ടി മേഖലയില്‍ വര്‍ഷത്തില്‍ ശരാശരി 100 തൊഴില്‍ദിനങ്ങള്‍ നല്‍കാന്‍ പോലും സാധിച്ചില്ല. അല്ലെങ്കില്‍ 60 മുതല്‍ 80 തൊഴില്‍ദിനങ്ങളായി പരിമിതപ്പെട്ട കാലത്തു പോലും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഒന്നിലേറെ വര്‍ഷക്കാലം, പ്രതിവര്‍ഷം 120 തൊഴില്‍ദിനം നല്‍കി.
പെരുമയും ഗരിമയുമുള്ള നേതാവ്
കേരളത്തില്‍ മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്ക് ആര്‍ക്കും അവകാശപ്പെടാനില്ലാത്ത പെരുമയും ഗരിമയുമുള്ള ഒരു നേതാവാണ് ഉമ്മന്‍ ചാണ്ടി. സാധാരണക്കാരില്‍ സാധാരണക്കാരനായി ജനിക്കുകയും അസാധാരണമായ വ്യക്തിപാടവം കൊണ്ട് രാഷ്ട്രീയത്തില്‍ പിച്ച വയ്ക്കുകയും ആ കാലഘട്ടത്തില്‍ വലിയ സുഹൃദ് വലയം സൃഷ്ടിച്ച് അവരിലൂടെ രാഷ്ട്രീയം പയറ്റി കൈപ്പിടിയിലാക്കുകയും സമുന്ന പദവികളിലെത്തുകയും ചെയ്ത നേതാവാണു ഉമ്മന്‍ ചാണ്ടി.
സ്‌കൂള്‍ പഠന കാലത്ത് വിദ്യാര്‍ഥി രാഷ്ട്രീയത്തിലും, മുതിര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസിലും പിന്നീട് രാഷ്ട്രീയത്തിലും അതുകഴിഞ്ഞ് പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തെ പോലെ ഇത്രയധികം ശോഭിച്ച മറ്റ് നേതാക്കന്മാര്‍ കുറവാണ്. അതുകൊണ്ടാണു കഴിഞ്ഞ 53 വര്‍ഷക്കാലമായിട്ട് ഒരേ നിയോജകമണ്ഡലത്തില്‍ നിന്ന് 13ല്‍ പരം എതിരാളികളെ തോല്‍പ്പിച്ച് 13 തെരഞ്ഞെടുപ്പുകൡ, ഓരോ തെരഞ്ഞെടുപ്പിലും തന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയും മികവ് തെളിയിക്കുകയും ജനകീയ അംഗീകാരം നേടുകയും ചെയ്ത് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രശോഭിതനായി നിന്നത്.
ഒരുപക്ഷേ ലോകത്ത് തന്നെ ഇത്രയധികം കാലഘട്ടം ജനങ്ങളുടെ പിന്തുണയോടെ അധികാരത്തിലിരുന്ന നേതാക്കന്മാര്‍ ഉണ്ടോ എന്നു ഞാന്‍ സംശയിക്കുകയാണ്. ഏതായാലും കേരളത്തില്‍ അങ്ങനെ ഒരാളില്ല, ഇന്ത്യയിലും അങ്ങനെ ഒരാള്‍ ഉള്ളതായി ചരിത്രം പറയുന്നില്ല.
അദ്ദേഹം ഏത് വര്‍ഷമാണ് കെഎസ്‌യുവിലേക്കു കടന്നുവന്നതെന്ന് എനിക്ക് കൃത്യമായി ഓര്‍മിക്കാന്‍ കഴിയുന്നില്ല. അദ്ദേഹം കോട്ടയത്ത് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ കെഎസ്‌യുവിന്റെ യൂണിറ്റ് പ്രസിഡന്റായിട്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയതെന്ന് അറിയാം. അവിടെ നിന്ന് തെക്കോട്ടും വടക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറേക്കും സൈക്കിളിലും കാല്‍നടയായും യാത്ര ചെയ്ത് രാഷ്ട്രീയ കളരിയില്‍ അഭ്യാസം പഠിച്ചു.
വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍നിന്ന് ജനകീയ നേതാവിലേക്കുള്ള വളര്‍ച്ച
ഉമ്മന്‍ ചാണ്ടിക്കു ദീര്‍ഘകാലം വിദ്യാര്‍ഥി നേതാവായി നില്‍ക്കേണ്ടി വന്നില്ല. അല്ലെങ്കില്‍ അങ്ങനെ തുടരാന്‍ സാധിക്കുമായിരുന്നില്ല. കെഎസ്‌യുവില്‍ അഞ്ചോ, ആറോ വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷം വളരെ പെട്ടെന്ന് തന്നെ അദ്ദേഹം യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന പരിധിയിലേക്ക് വരികയും യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന തല നേതാക്കളില്‍ ഒരാളായി മാറുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസില്‍ തുടരുന്നതിനുള്ള പ്രായപരിധി അവസാനിക്കുന്നതിനു മുന്‍പു തന്നെ അദ്ദേഹം പാര്‍ലമെന്ററി രംഗത്തേയ്ക്കു കടന്നുവരികയും ചെയ്തു. ആ കാലത്ത് കോട്ടയം ജില്ലയിലെ പുതുപ്പള്ളി പ്രായേണ ഇടതുപക്ഷത്തിന് പ്രാമുഖ്യമുള്ളതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആഭിമുഖ്യമുള്ളതുമായിരുന്നു. അവിടെ കോണ്‍ഗ്രസിന് വിജയമുണ്ടായിട്ടുണ്ടെങ്കിലും കുത്തക മണ്ഡലമായിരുന്നില്ല പുതുപ്പള്ളി. എന്നാല്‍ 1970-ല്‍ ആദ്യമായി മത്സരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി തന്റെ ജനകീയ സ്വീകാര്യത പുതുപ്പള്ളിയിലൂടെ അരക്കിട്ട് ഉറപ്പിക്കുന്നതാണു നമ്മള്‍ കണ്ടത്.
പുതുപ്പള്ളിക്കായി പ്രവര്‍ത്തിക്കാനുള്ള നിയോഗം ഒരു ദൈവ നിയോഗം പോലെ അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗവാര്‍ത്ത അറിഞ്ഞ് പുതുപ്പള്ളിയിലെത്തിയ പലവിഭാഗത്തില്‍പ്പെട്ടവര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഉമ്മന്‍ ചാണ്ടി ദൈവത്തെ എന്ന പോലെ പുതുപ്പള്ളിയിലെ ജനങ്ങളെയും സേവിച്ചിരുന്നു, വിശ്വസിച്ചിരുന്നു. അവര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ താല്‍പ്പര്യപ്പെട്ടിരുന്നു.
പൊളിറ്റിക്‌സിലെ അഗ്രസീവ്‌നെസ്സ്
ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ ഒരു പ്രത്യേക ശൈലിയുടെ ഉടമയായിരുന്നു അദ്ദേഹമെന്ന് ആര്‍ക്കും ബോധ്യമാകും. അഗ്രസീവ് പൊളിറ്റിക്‌സിന്റെ ഭാഗമായിരുന്നില്ലെങ്കിലും പൊളിറ്റിക്‌സിലെ അഗ്രസീവ്‌നെസ്സ് പ്രകടമാക്കുന്നതിന് അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നു. ആരുടെ മുന്നിലും തല കുനിക്കുന്ന സ്വഭാവം ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ആരുടെ മുന്നിലും തലയെടുപ്പോടെ സംസാരിക്കാനും പ്രവര്‍ത്തിക്കാനും വിട്ടുവീഴ്ചയില്ലാതെ പെരുമാറാനും അദ്ദേഹത്തിനു കഴിഞ്ഞു.
ആന്റണി വിഭാഗം എന്നറിയപ്പെടുന്ന കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗത്തിന്റെ അമരക്കാരനും ആസൂത്രകനും സംഘാടകനും വിതരണക്കാരനുമായിരുന്നു ഉമ്മന്‍ ചാണ്ടി എന്നു പറയുന്നതില്‍ തെറ്റൊന്നുമില്ല. കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് നേതാവും, എ ഗ്രൂപ്പിലെ സമുന്നത നേതാവുമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നു പറയാം. അപ്പോഴും തന്റെ മുന്‍പില്‍ സഹായത്തിനു വരുന്ന ഒരാളെയും നിരാശപ്പെടുത്തുന്ന ഒരു ശൈലിയും സ്വഭാവവും ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് ഉണ്ടായില്ല. ഗ്രൂപ്പോ, പാര്‍ട്ടിയോ, മതമോ വര്‍ഗ വ്യത്യാസമില്ലാതെ അദ്ദേഹം സഹായിച്ചു.
അദ്ദേഹത്തെ സാധാരണക്കാര്‍ക്കു സമീപിക്കാന്‍ സാധിക്കുമായിരുന്നു എന്നതാണ് ഏറ്റവും പ്രധാനം. നമ്മള്‍ അതിനെ സാധാരണ നിലയില്‍ കാണുമ്പോള്‍ രാഷ്ട്രീയത്തില്‍ അതിനെ കാണേണ്ടത് ആക്‌സസ് ടു ദ പവര്‍, ആക്‌സസ് ടു ദ ലീഡര്‍ എന്ന സാങ്കേതിക അര്‍ഥത്തില്‍ തന്നെ വേണം. കാരണം അധികാരമുള്ളയിടത്ത് സാധാരണജനങ്ങള്‍ക്ക് പ്രവേശനം സാധ്യമായിരിക്കില്ല. അധികാരത്തിന്റെ ഉത്തുംഗ പദവിയിലിരിക്കുന്ന ഒരാളുടെ മുന്‍പിലേക്കു സാധാരണക്കാര്‍ക്ക് അത്ര പെട്ടെന്ന് കടന്നു ചെല്ലാനുമാകില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ ഇതു രണ്ടുമായിരുന്നില്ല സ്ഥിതി. അധികാരമെന്നാല്‍ അദ്ദേഹത്തിന് ജനങ്ങളുടെ അടുത്തേയ്ക്കുള്ള പാലമായിരുന്നു. ആ പാലത്തിലൂടെ ദശലക്ഷക്കണക്കിന് ആളുകളെ സമീപിക്കുന്നത് ജനസമ്പര്‍ക്ക പരിപാടി എന്ന ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ജനപ്രിയപരിപാടിയിലൂടെ നമ്മള്‍ കണ്ടു.
വികസന വേഗം കൊണ്ടുവന്ന മുഖ്യമന്ത്രി
ഇന്ന് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയുടെ പാത പിന്തുടരുന്നുണ്ടെന്ന് തീര്‍ത്തും പറയാനാകില്ല. പക്ഷേ, ഒരുകാലത്ത് ഉമ്മന്‍ ചാണ്ടിയെ അടച്ച് ആക്ഷേപിച്ചവര്‍ പോലും പില്‍ക്കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ പാത അല്ലെങ്കില്‍ ശൈലി പിന്തുടര്‍ന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.
കേരളത്തിനു വികസന വേഗം കൊണ്ടു വന്ന മുഖ്യമന്ത്രിയാണു ഉമ്മന്‍ ചാണ്ടിയെന്നാണ് എന്റെ നിരീക്ഷണവും പഠനവും എനിക്ക് ബോധ്യപ്പെടുത്തി തന്നിരിക്കുന്നത്. ഞാന്‍ കൊച്ചിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഇന്ത്യയിലെ തന്നെ ഏഴാമത്തെ മെട്രോ റെയില്‍ പദ്ധതി കൊച്ചി നഗരത്തിലേക്ക് പ്രഖ്യാപിച്ചപ്പോള്‍ അന്ന് എന്റെ മനസ് മന്ത്രിച്ചത് ആലപ്പുഴ വഴി എറണാകുളത്തേയ്ക്കുള്ള റെയില്‍പാത നിര്‍മിക്കുന്നതിന് 30 വര്‍ഷത്തിലേറെ എടുത്തിട്ടുണ്ടെങ്കില്‍ കൊച്ചി നഗരത്തിന്റെ ആകാശവീഥിയിലൂടെ മെട്രോ ട്രെയ്ന്‍ ഓടണമെങ്കില്‍ ഒരു നൂറ്റാണ്ട് എങ്കിലും എടുക്കുമെന്നായിരുന്നു. പക്ഷേ, ഉമ്മന്‍ ചാണ്ടി 2011-ല്‍ അധികാരത്തിലേറി ആദ്യം പ്രഖ്യാപിച്ച മെട്രോ റെയില്‍ പദ്ധതി അദ്ദേഹത്തിന്റെ ഭരണകാലയളവ് തീരുന്നതിനു മുന്‍പു തന്നെ ട്രയല്‍ റണ്‍ നടത്തി വിജയിപ്പിച്ചു കാണിച്ചു എന്നത് ഒരു ഭരണാധികാരിയുടെ അഡ്മിനിസ്‌ട്രേറ്റീവ് പവറിന്റെ, അഡ്മിനിസ്‌ട്രേറ്റീവ് എബിലിറ്റിയുടെ ഏറ്റവും വലിയ ദൃഷ്ടാന്തമായി ഞാന്‍ കാണുന്നു.
വിഴിഞ്ഞം തുറമുഖ പദ്ധതി,കൊച്ചി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതി, എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതി,കണ്ണൂര്‍ വിമാനത്താവള പദ്ധതി തുടങ്ങി എത്രയെത്ര പദ്ധതികള്‍ ദ്രുതഗതിയില്‍ മുന്നേറുന്നത് ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലയളവില്‍ നമ്മള്‍ കണ്ടിരിക്കുന്നു.
വികസന വേഗത്തിലും ഭരണതന്ത്രജ്ഞതയിലും മികവ് പുലര്‍ത്തിയ ഒരു മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നു നിസ്സംശയം പറയാം. അപ്പോഴും കേരളം ഉമ്മന്‍ ചാണ്ടിയെ ഓര്‍മിക്കുന്നത് ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെന്ന നിലയിലാണ്. ഒരു പക്ഷേ ഇത്രയധികം സാധാരണക്കാരുമായി നിത്യേന ഇടപഴകിയ, സമ്പര്‍ക്കം പുലര്‍ത്തിയ, നിത്യേന അവരുടെ ഫയലുകള്‍ക്കു മുന്‍പില്‍ ഉറക്കമിളച്ച് പഠിച്ച മറ്റൊരു മുഖ്യമന്ത്രിയെ എനിക്ക് അറിയില്ല. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് നിസ്സംശയം പറയാം.