28 Sep 2023 5:33 AM GMT
Summary
- ബൈയപ്പനഹള്ളി-കെആര്‍ പുര മെട്രോ ലിങ്കിന്റെ പരിശോധനയാണ് പൂര്‍ത്തിയായത്
- കെങ്കേരി-ചെല്ലഗട്ട സെക്ഷനിലെ 1.69 കിലോമീറ്റര്‍ ലൈനിന്റെ പരിശോധന 29-ന്
- ഒരു ഭാഗം ഗാന്ധിജയന്തി ദിനത്തില്‍ തുറക്കാമെന്ന് നിര്‍ദ്ദേശം
ബൈയപ്പനഹള്ളി-കെആര്‍ പുര മെട്രോ ലിങ്കിന്റെ സുരക്ഷാ പരിശോധനാ തടസങ്ങള്‍ നീങ്ങി. ബെന്നിഗനഹള്ളിയില്‍ (ടിന്‍ ഫാക്ടറി) പുതിയ സ്റ്റേഷനുള്ള 2.1 കിലോമീറ്റര്‍ പാതയ്ക്കാണ് മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ (സിഎംആര്‍എസ്) അനുമതി ലഭിച്ചത്. കെങ്കേരി-ചെല്ലഗട്ട സെക്ഷനിലെ 1.69 കിലോമീറ്റര്‍ ലൈനിന്റെ പരിശോധന സെപ്റ്റംബര്‍ 29 ന് നടക്കും.
എന്നാല്‍ രണ്ട് പാതകളും എപ്പോള്‍ പൊതുജനങ്ങള്‍ക്കായി തുറക്കുമെന്ന് ബിഎംആര്‍സിഎല്‍ മേധാവി അഞ്ജും പര്‍വേസ് വ്യക്തമാക്കിയിട്ടില്ല. ചില പതിവ് വ്യവസ്ഥകള്‍ ഒഴികെ, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് സിഎംആര്‍എസ് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ബിഎംആര്‍സിഎല്ലിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
'ബെന്നിഗനഹള്ളിയിലെ ഇന്ത്യന്‍ റെയില്‍വേ ട്രാക്കിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഓപ്പണ്‍ വെബ് ഗര്‍ഡറില്‍ ട്രെയിനുകള്‍ ഓടുന്നത് ഉള്‍പ്പെടെ പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ല,' ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ബൈയപ്പനഹള്ളി-കെആര്‍ പുര ഭാഗം ഒക്ടോബര്‍ രണ്ടിന് (ഗാന്ധി ജയന്തി) തുറക്കാമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചെങ്കിലും അന്തിമ തീരുമാനം വന്നിട്ടില്. രണ്ട് വിഭാഗങ്ങളും (ബൈയപ്പനഹള്ളി-കെആര്‍ പുര, കെങ്കേരി-ചെല്ലഘട്ട) ഒരുമിച്ച് തുറക്കാമെന്നാണ് ചില ഉദ്യോഗസ്ഥരുടെ നിലപാട്.
എല്ലാം സുഗമമായി നടന്നാല്‍ അടുത്ത ദിവസം (സെപ്റ്റംബര്‍ 30) സിഎംആര്‍എസ് ക്ലിയറന്‍സ് (കെങ്കേരി-ചെല്ലഗട്ട ലൈനിന്) ലഭിച്ചേക്കാം. എന്നാല്‍ സെപ്റ്റംബര്‍ 30 ശനിയാഴ്ചയായതിനാല്‍ ഒക്ടോബര്‍ മൂന്നുവരെ കാത്തരിക്കേണ്ട സാഹചര്യവും ഉണ്ടാകാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഈ രണ്ടു ഭാഗങ്ങളും തുറക്കുന്നത്, രാഷ്ട്രീയ നേതാക്കളുടെയും മറ്റ് പ്രമുഖരുടെയും ലഭ്യത ഉള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ബിഎംആര്‍സിഎല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായതിനാല്‍ കേന്ദ്ര നേതൃത്വത്തിന്റെ സാന്നിധ്യവും ആവശ്യമാണ്. കേവലം 2.1-കിലോമീറ്റര്‍ നീളം മാത്രമാണ് ഉള്ളതെങ്കിലും കെആര്‍ പുര-ബൈയപ്പനഹള്ളി സ്‌ട്രെച്ച് പര്‍പ്പിള്‍ ലൈന്‍ നിര്‍ണായക പ്രാധാന്യമുള്ളതാണ്. കാരണം ഇത് വൈറ്റ്ഫീല്‍ഡിലെ ടെക് ഹബ്ബിനെ സിബിഡിയുമായും നഗരത്തിന്റെ മറ്റ് ഭാഗങ്ങളുമായും ബന്ധിപ്പിക്കാന്‍ സഹായിക്കും.
13.7-കിലോമീറ്റര്‍ കെആര്‍ പുര-വൈറ്റ്ഫീല്‍ഡ് ലൈന്‍ പ്രവര്‍ത്തനക്ഷമമാണ്. എന്നാല്‍ ഇത് മെട്രോ ശൃംഖലയുടെ ബാക്കി ഭാഗങ്ങളില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടു. രണ്ട് ഭാഗങ്ങളും തുറക്കുന്നതോടെ പര്‍പ്പിള്‍ ലൈന്‍ 43 കിലോമീറ്ററായും ബെംഗളൂരു മെട്രോ ശൃംഖല 73 കിലോമീറ്ററായും വികസിപ്പിക്കും.