23 Jun 2023 11:15 AM GMT
Summary
- ഇന്ത്യാ-യുഎസ് ബന്ധം ഇന്ന് എന്നത്തേക്കാളും ശക്തം
- സുരക്ഷിതലോകത്തിനായി ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും വൈസ് പ്രസിഡന്റ്
- കമലാ ഹാരിസിനെ അഭിനന്ദങ്ങള്‍ അറിയിച്ച് മോദി
ബഹിരാകാശം, പ്രതിരോധം, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യ, വിതരണ ശൃംഖല എന്നീ മേഖലകളിലെ ഇന്‍ഡോ-യുഎസ് സഹകരണം ഇരു രാജ്യങ്ങളെയും അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അഭിപ്രായപ്പെട്ടു. രണ്ട് തവണ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ നേതാവായി മോദി മാറിയിരുന്നു. 2016ലാണ് മോദി യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ ആദ്യം അഭിസംബോധന ചെയ്തത്.
'യുഎസ്-ഇന്ത്യ പങ്കാളിത്തം എന്നത്തേക്കാളും ഇന്ന് ശക്തമാണ്. കൂടുതല്‍ സമൃദ്ധവും സുരക്ഷിതവും ആരോഗ്യകരവുമായ ഒരു ലോകം സൃഷ്ടിക്കാന്‍ നാം യോജിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന്് ഭാവിയെ രൂപപ്പെടുത്തും,' ഹാരിസിന്റെ ഓഫീസിന്റെ ട്വീറ്റില്‍ പറയുന്നു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും ഈ നൂറ്റാണ്ടിലെ പ്രധാനപ്പെട്ട ഒന്നാണ്. മോദിയുടെ യുഎസ് സന്ദര്‍ശനം ഇരു രാജ്യങ്ങളും മാത്രമല്ല ലോകം തന്നെ ശ്രദ്ധിക്കുന്ന ഒന്നാണ്. ഈ വേളയില്‍ ഒപ്പിട്ട കരാറുകളും എത്തിച്ചേര്‍ന്ന ധാരണകളും എല്ലാം തന്നെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്.
വൈസ് പ്രസിഡന്റ് ഹാരിസിന്റെ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി മോദി തന്റെ നന്ദി അറിയിച്ചു. 'നമ്മുടെ പങ്കാളിത്തത്തിന് ഈ നൂറ്റാണ്ടില്‍ വലിയ സാധ്യതകളാണുള്ളത്. ഭാവി മേഖലകളില്‍ ഞങ്ങളുടെ സഹകരണം ഉയര്‍ത്തുന്നതില്‍ ഞാന്‍ ഒരുപോലെ ഉത്സാഹത്തിലാണ്. ഭാവിയില്‍ വിവിധ മേഖലകളില്‍ ഞങ്ങളുടെ സഹകരണം ഉയര്‍ത്തുന്നതില്‍ ഞാന്‍ ഒരുപോലെ ഉത്സാഹത്തിലാണ്,' അദ്ദേഹം ട്വീറ്റ് ചെയ്തു.
വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രി മോദിയോടുള്ള ആദരസൂചകമായി സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ ശതകോടീശ്വരന്‍ വ്യവസായി മുകേഷ് അംബാനി, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, ആപ്പിള്‍ സിഇഒ ടിം കുക്ക് തുടങ്ങിയ പ്രമുഖ ബിസിനസ് മേധാവികള്‍ പങ്കെടുത്തിരുന്നു. വൈസ് പ്രസിഡന്റ് കമലാ ഹാരിസും പ്രധാനമന്ത്രിക്കൊപ്പമുള്ള വിരുന്നല്‍ പങ്കെടുത്തു.
വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ പ്രത്യേകം അലങ്കരിച്ച വേദിയില്‍ നടന്ന വിരുന്നിലേക്ക് നാനൂറോളം പ്രശസ്തരെയാണ് യുഎസ് ക്ഷണിച്ചിരുന്നത്. വൈസ് പ്രസിഡന്റ് ഹാരിസും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും വെള്ളിയാഴ്ച പ്രധാനമന്ത്രിക്ക് ഉച്ചവിരുന്നും നല്‍കുന്നു.
യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത വേളയില്‍ ഇന്ത്യയില്‍ വേരുകളുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഇവിടെയുള്ളതായി മോദി പറഞ്ഞു. അതില്‍ ചിലര്‍ അഭിമാനത്തോടെ ഇവിടെ ഇരിക്കുന്നു. തന്റെ പിന്നില്‍ ഇരിക്കുന്ന കമലാ ഹാരിസിനെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇത് സൂചിപ്പിച്ചത്.
ചരിത്രം സൃഷ്ടിച്ച ഒരാളായാണ് ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റിനെ അദ്ദേഹം വിശേഷിപ്പിച്ചത്. കമലാ ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്‍ ചെന്നൈ സ്വദേശിയാണ്. അതുവഴി മോദി അവരുടെ ഇന്ത്യന്‍ ബന്ധം പ്രസംഗത്തില്‍ സൂചിപ്പിച്ചു.