21 Sept 2023 5:48 AM
Summary
- ബില്‍ ലോക്‌സഭ ബുധനാഴ്ച പാസാക്കിയിരുന്നു
- നിയമമായാല്‍ നടപ്പാക്കുക 2029ല്‍
വനിതാബില്‍ ഇന്ന് രാജ്യസഭയിലെത്തുകയാണ്. ലോക്‌സഭയില്‍ മികച്ച മാര്‍ജിനിലാണ് ഈ ഭരണഘടനാ ഭേദഗതി ബില്‍ പാസായത്. ലോക്സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റ് നല്‍കുന്നതിനുള്ള നാരീശക്തി വന്ദന്‍ അധീനിയം നിയമമാക്കുന്നതിനുള്ള 128-ാം ഭരണഘടനാ ഭേദഗതിയാണ് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ ആദ്യ ബില്‍. ഇത് ലോക് സഭ വന്‍ ഭൂരിപക്ഷത്തോടെയാണ് അംഗീകിരിച്ചത്.
പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ ആദ്യ നടപടി തന്നെ വനിതാശാക്തീകരണം സംബന്ധിച്ചുള്ളതായത് ഏറെ പ്രശംസ പിടിച്ചുപറ്റി. അതേസമയം ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള നീക്കമായാണ് പ്രതിപക്ഷം ഇതിനെ വിലയിരുത്തിയത്. പക്ഷേ എല്ലാ പാര്‍ട്ടികളും വര്‍ഷങ്ങളായി ആവശ്യപ്പെടുകയും പ്രഖ്യാപിക്കുകയും ചെയ്തിരുന്ന ആവശ്യം ബില്ലായി അവതരിച്ചപ്പോള്‍ എതിര്‍ക്കാന്‍ ആരും മുന്നോട്ടുവന്നില്ല. എതിര്‍ത്താല്‍ അത് ജനപിന്തുണയെ ബാധിക്കും എന്ന് എല്ലാ പാര്‍ട്ടികള്‍ക്കും തിരിച്ചറിവുണ്ടായിരുന്നു. രണ്ട് അംഗങ്ങള്‍ ഒഴികെ എല്ലാവരും ബില്ലിനെ പിന്തുണച്ചു.
അതിനിടെ, സംവരണം നടപ്പിലാക്കുന്നതിനുള്ള താക്കോല്‍ സെന്‍സസും മണ്ഡല അതിര്‍ത്തി നിര്‍ണയവും 2024 ലെ തിരഞ്ഞെടുപ്പിന് ശേഷം നടക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ച്, സെന്‍സസും ഡീലിമിറ്റേഷന്‍ പ്രക്രിയകളും പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഇത് പ്രവര്‍ത്തികമാകുകയുള്ളു. അത് ഫലത്തില്‍ കുറഞ്ഞത് 2029 വരെയെങ്കിലും മുന്നോട്ട് കൊണ്ടുപോകും. വനിതാ സംവരണത്തിനുള്ള ബില്‍ അവതരിപ്പിക്കാനുള്ള അഞ്ചാമത്തെ ശ്രമമാണിത്.
ആദ്യം, 1996-ല്‍ എച്ച്ഡി ദേവഗൗഡ സര്‍ക്കാരാണ് ഇത് കൊണ്ടുവന്നത്. അത് കാലഹരണപ്പെട്ടു. അടല്‍ ബിഹാരി വാജ്പേയിയുടെ കീഴിലുള്ള സര്‍ക്കാരാണ് രണ്ടാം തവണ കൊണ്ടുവന്നത്. 2008ല്‍ യുപിഎ ഒരു ബില്‍ കൊണ്ടുവന്നു. അന്നത്തെ ലോക്സഭ പിരിച്ചുവിട്ടതോടെ അതും ഇല്ലാതായി.