image

21 April 2023 2:15 AM GMT

Kerala

ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് വീണ്ടും നിരക്ക് വർധനക്ക് ഒരുങ്ങി കെഎസ്ഇബി;

C L Jose

ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് വീണ്ടും നിരക്ക് വർധനക്ക് ഒരുങ്ങി കെഎസ്ഇബി;
X

Summary

  • ഇത്തവണയും ബിപിഎൽ ക്ലാസ് ഒഴിവാക്കും
  • കമ്മീഷൻ വരുമാന വിടവ് അംഗീകരിച്ചിട്ടുണ്ടെന്നു രേഖകൾ


തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് വീണ്ടും ആഘാതമേൽപ്പിച്ചുകൊണ്ട് വീണ്ടും നിരക്ക് വർധന.

കമ്പനി അനുഭവിക്കുന്ന 'വരുമാന വിടവ്' പരിഹരിക്കുന്നതിനായി 2026-27 വരെ നാല് വർഷത്തേക്ക് വൈദ്യുതി ചാർജുകൾ വർദ്ധിപ്പിക്കണമെന്ന് കെഎസ്ഇബി ലിമിറ്റഡ് ഇത്തവണ ആവശ്യപ്പെട്ടിട്ടുണ്ട്.

തുടർച്ചയായ താരിഫ് വർദ്ധനയിലൂടെ കമ്പനി 'മൂലധനശോഷണം' ഉൾപ്പെടെയുള്ള പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് കെഎസ്ഇബി ലിമിറ്റഡ് അതിന്റെ ബാഹ്യ ഓഡിറ്റർമാരോട് നേരത്തെ വിശദീകരിച്ചിരുന്നു.

ആസന്നമായ നിരക്ക് വർദ്ധനയെക്കുറിച്ച് കുറച്ച് കാലമായി റിപ്പോർട്ടുകളുണ്ടെങ്കിലും, 2023-24 (FY24) മുതൽ 2026-27 (FY27) വരെ നാല് സാമ്പത്തിക വർഷങ്ങളിൽ നിരക്ക് വർദ്ധന ആവശ്യപ്പെട്ട് കെഎസ്ഇബി ലിമിറ്റഡ് രണ്ട് ദിവസം മുമ്പ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി കമ്മീഷനിൽ (കെഎസ്ഇആർസി) അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് മൈഫിൻപോയിന്റ്നു വിശ്വസനീയ കേന്ദങ്ങളിൽ നിന്നും മനസ്സിലാക്കാനായത്. .

കഴിഞ്ഞ പ്രാവശ്യം 2022 ജൂൺ 26 ന് ഏർപ്പെടുത്തിയ വൈദ്യുതി നിരക്ക് വർദ്ധന കേരളത്തിലെ ഉപഭോക്താക്കൾക്ക് ഇതുവരെ ദഹിച്ചിട്ടില്ലെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നതിനാൽ പുതിയ നീക്കത്തിന് പ്രാധാന്യം കൈവരുന്നു.

കൂടാതെ, കഴിഞ്ഞ വർഷം വൈദ്യുതി വിലയിൽ വർധനയുണ്ടായത് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, 2019 ജൂലൈ 8 നാണ്.

ജൂൺ 2022-ലെ നിരക്ക് വർദ്ധന കെഎസ്ഇബി യ്ക്ക് 1010 കോടി രൂപ അധികമായി സമാഹരിക്കാൻ സഹായിച്ചപ്പോൾ, പുതിയ വർദ്ധനവ് 2023-24 സാമ്പത്തിക വർഷത്തിൽ 1044.43 കോടി രൂപയും FY25 ൽ 834.17 കോടി രൂപയും FY 26 ൽ 472.64 കോടി രൂപയും കോടി രൂപയും FY27 ൽ 29.80 കോടി രൂപയും നേടാൻ ഇടയാക്കുമെന്നാണ് കണക്കുകൂട്ടൽ.

എന്നാൽ, 2022 ജൂണിലെ അവസാന നിരക്ക് വർദ്ധനയിലെന്നപോലെ, ഇത്തവണയും വർദ്ധനയിൽ നിന്ന് ബിപിഎൽ ക്ലാസിനെ ഒഴിവാക്കണമെന്ന് കെഎസ്ഇബിഎൽ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനങ്ങൾക്ക് വലിയ ബാധ്യത വരുത്താതെയാണ് കമ്മീഷൻ വൈദ്യുതി നിരക്ക് പരിഷ്കരിച്ചതെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.

2023-24ൽ 0-350 യൂണിറ്റ് സ്ലാബിൽ യൂണിറ്റിന് 7 രൂപയിൽ നിന്ന് 7.60 രൂപയായി വർധിപ്പിക്കാൻ ശ്രമിക്കുമ്പോൾ, അടുത്ത മൂന്ന് വർഷത്തേക്കുള്ള നിർദിഷ്ട വർധന അത്ര ഗുരുതരമല്ല.

500 യൂണിറ്റിന് മുകളിലുള്ള സ്ലാബിന് 2025-26-ൽ ഒരു യൂണിറ്റിന് 8.95 രൂപ എന്ന ഉയർന്ന താരിഫ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം 0-350 സ്ലാബിലുള്ളവർക്കു 2025-26 ൽ 7 രൂപയിൽ നിന്ന് 7.85 രൂപയായി ഉയർത്തി യൂണിറ്റിന് 0.85 രൂപയുടെ കുത്തനെയുള്ള വർദ്ധനവിന് ഇടയായേക്കും.

കെഎസ്ഇആർസി-യുടെ പച്ചക്കൊടി

ജൂൺ-2022 താരിഫ് വർദ്ധന പരിഗണിക്കുമ്പോൾ കമ്പനിയുടെ വരുമാനത്തിൽ 'വരുമാന വിടവ്' ഉണ്ടെന്ന് റെഗുലേറ്ററി കമ്മീഷൻ - കെഎസ്ഇആർസി - അംഗീകരിച്ചിട്ടുള്ളതിനാൽ കെഎസ്ഇബിയുടെ താരിഫ് വർദ്ധനയ്ക്കുള്ള ഇപ്പോഴത്തെ അപേക്ഷ കമ്മീഷൻ അനുകൂലമായി പരിഗണിക്കില്ല എന്ന് വിശ്വസിക്കാൻ ഒരു കാരണവുമില്ല.

കെഎസ്ഇബിയുടെ അപേക്ഷയ്ക്ക് മറുപടിയായി 2022 ജൂൺ 25-ലെ ഒരു ഉത്തരവിൽ അവലോകനത്തിലുള്ള നാല് വർഷങ്ങളിലും കമ്മീഷൻ വരുമാന വിടവ് അംഗീകരിച്ചിട്ടുള്ളതായി ബോർഡിന്റെ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

2022-23 സാമ്പത്തിക വർഷം 1927.20 കോടി രൂപ, 2023-24 സാമ്പത്തിക വർഷം 2,939.09 കോടി രൂപ, 2024-25 സാമ്പത്തിക വർഷം 3,020.30 കോടി രൂപ, 2025-26 സാമ്പത്തിക വർഷം 2,837.26 കോടി രൂപ, 2026-27 സാമ്പത്തിക വർഷം 2882.09 കോടി രൂപ എന്നിങ്ങനെയാണ് വരുമാന വിടവ് കണക്കാക്കിയിട്ടുള്ളത്.