image

18 Feb 2023 11:30 AM GMT

Kerala

നിക്ഷേപ അടിത്തറ ഉലയുന്നു; എങ്കിലും സമാഹരണത്തിന് ഊന്നൽ നൽകാതെ കേരള ബാങ്ക്

C L Jose

നിക്ഷേപ അടിത്തറ ഉലയുന്നു; എങ്കിലും സമാഹരണത്തിന് ഊന്നൽ നൽകാതെ കേരള ബാങ്ക്
X

Summary

  • കേരള ബാങ്കിന്റെ ഏറ്റവും ഉയർന്ന പലിശ നിരക്ക് 6.75 ശതമാനമാണ്.
  • മിക്ക ബാങ്കുകളും അടുത്ത കാലത്തായി വളരെ ഉയർന്ന തലത്തിലേക്ക് പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്.


കൊച്ചി: അതിവേഗം വളരുന്ന ലോൺ ബുക്കിന് വേണ്ടി പണം സ്വരൂപിക്കാൻ പലിശനിരക്ക് ഉയർത്തി പുതിയ നിക്ഷേപങ്ങൾ തേടി കേരളത്തിലെ പല ബാങ്കുകളും നെട്ടോട്ടമോടുമ്പോഴും, കേരള ബാങ്ക് എന്ന കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് (കെഎസ്‌സിബി) അതിന്റെ ഡെപ്പോസിറ്റ് നിരക്കുകൾ വർദ്ധിപ്പിക്കാതെ ശാന്തമായി തുടരുകയാണ്.

മിക്ക ബാങ്കുകളും 7.5 ശതമാനവും അതിനു മുകളിലും ഉയർന്ന നിരക്കുകൾ വാഗ്ദാനം ചെയ്യുമ്പോൾ, കേരള ബാങ്കിന്റെ ഏറ്റവും ഉയർന്ന പലിശ നിരക്ക് 6.75 ശതമാനമാണ്; ഇത് 2022 ഒക്ടോബറിൽ നിശ്ചയിച്ചതാണ്. അതിനു ശേഷം ആർബിഐ റിപ്പോ നിരക്ക് രണ്ട് പ്രാവശ്യമായി 60 ബേസിസ് പോയിൻറ് ഉയർത്തി 6.5 ശതമാനമാക്കിയിട്ടും കേരള ബാങ്ക് ഇതൊന്നുമറിയുന്നെല്ലെന്നു തോന്നും അതിന്റെ പ്രവർത്തികൾ കണ്ടാൽ. .

പൊതു പ്രവണതയ്ക്ക് വിരുദ്ധമായി, 2021 സെപ്റ്റംബറിനും 2022 സെപ്തംബറിനും ഇടയിലുള്ള ഒരു വർഷ കാലയളവിൽ കേരള ബാങ്കിന്റെ നിക്ഷേപ അടിത്തറ 3.3 ശതമാനം കുറഞ്ഞ് 67,866.27 കോടി രൂപയിൽ നിന്ന് 65,630.73 കോടി രൂപയായി.

മറ്റ് ബാങ്കുകൾ തങ്ങളുടെ ബാലൻസ് ഷീറ്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങൾക്കായി വേട്ടയാടൽ തുടരുമ്പോഴും കേരള ബാങ്ക് സ്വസ്ഥമായി ഉറങ്ങുകയാണെന്നു തോന്നുന്നു.

വിപണിയിൽ നിന്നുള്ള നിക്ഷേപങ്ങളുടെ ന്യായമായ വിഹിതം ആകർഷിക്കാനുള്ള ശ്രമത്തിൽ, മിക്ക ബാങ്കുകളും അടുത്ത കാലത്തായി വളരെ ഉയർന്ന തലത്തിലേക്ക് പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്..

നിലവിൽ സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്‌ഐ‌ബി) 7.4 ശതമാനവും സിഎസ്‌ബി 7.5 ശതമാനവും ഫെഡറൽ ബാങ്ക് 7.25 ശതമാനവും ധനലക്ഷ്മി 7.25 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കേരള ബാങ്കിന്റെ ഏറ്റവും ഉയർന്ന നിരക്ക് ഇവയേക്കാളെല്ലാം വളരെ താഴെ 6.75 ശതമാനമാണെന്ന് ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നു.

മറ്റൊരു പ്രധാന കാര്യം ശ്രദ്ധിക്കേണ്ടത്, മാർക്കറ്റ് ബെഞ്ച്മാർക്ക് നിരക്കായി കണക്കാക്കുന്ന ആർബിഐയുടെ നിലവിലെ റിപ്പോ നിരക്ക് ഇപ്പോൾ 6.5 ശതമാനമാണ് എന്ന വസ്തുതയാണ്.

അതിവേഗം വളരുന്ന ലോൺ ബുക്കിനെ പിന്തുണയ്ക്കുന്നതിനായി തങ്ങളുടെ നിക്ഷേപ അടിത്തറ എത്രത്തോളം വളർത്തിയെടുക്കാൻ കഴിയുമെന്നതാണ് ഇന്ന് എല്ലാ ബാങ്കുകളും ഉറ്റുനോക്കുന്നത്. എന്നാൽ അതിശയകരമെന്നു പറയട്ടെ, സംസ്ഥാനത്തിന്റെ 'ഡ്രീം ബാങ്ക്' ആയ കേരള ബാങ്ക് അത്തരമൊരു വെല്ലുവിളി നേരിടുന്നുണ്ടെന്നു തോന്നുന്നില്ല. തങ്ങളുടെ പക്കൽ ആവശ്യത്തിന് നിക്ഷേപം ഉണ്ടെന്ന ഭാവമാണ് ബാങ്കിനുള്ളത്.

നേരത്തെ സൂചിപ്പിച്ചതു പോലെ, 2021 സെപ്റ്റംബറിനും 2022 സെപ്തംബറിനും ഇടയിലുള്ള ഒരു വർഷ കാലയളവിൽ കേരള ബാങ്കിന്റെ നിക്ഷേപ പോർട്ട്ഫോളിയോ 3.3 ശതമാനം ചുരുങ്ങി 67,866.27 കോടി രൂപയിൽ നിന്ന് 65,630.73 കോടി രൂപയായെങ്കിലും ഈ കാലയളവിൽ അതിന്റെ വായ്പ ചെറിയ തോതിൽ ഉയർന്നു 40,982.26 കോടി രൂപയിൽ നിന്ന് 44,153.37 കോടി രൂപയായി.

മറ്റു ബാങ്കുകളെ അപേക്ഷിച്ചു കേരള ബാങ്കിന്റെ ലോൺ വിതരണം വളരെ കുറവാണെന്നു അതിന്റെ ഏറ്റവും കുറഞ്ഞ ലോൺ ടു ഡെപ്പോസിറ്റ് റേഷ്യോ അല്ലെങ്കിൽ ക്രെഡിറ്റ്-ഡിപ്പോസിറ്റ് റേഷ്യോ (സിഡി റേഷ്യോ) വ്യക്തമാക്കുന്നു; കേരളം ബാങ്കിന്റെ സിഡി റേഷ്യോ വെറും 67.27 ശതമാനമാണ്.

ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്തതിലൂടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ശക്തമായ നിക്ഷേപം സമാഹരിച്ചതിനു ശേഷവും, മറ്റെല്ലാ ബാങ്കുകളും കേരള ബാങ്കിനേക്കാൾ വളരെ ഉയർന്ന സിഡി അനുപാതം ആസ്വദിക്കുന്നതായി നമുക്ക് കാണാം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സിഡി റേഷ്യോ 77.33 ശതമാനവും സിഎസ്ബി ബാങ്കിന്റേതു 81.44 ശതമാനവും , ഫെഡറൽ ബാങ്കിന്റേതു 84.9 ശതമാനാവുമുള്ളപ്പോൾ നാല് കേരള ആസ്ഥാനമായുള്ള ബാങ്കുകളിൽ ഏറ്റവും താഴ്ന്നത് 71.58 ശതമാനം മാത്രമുള്ള ധനലക്ഷ്മി ബാങ്കാണ്. അപ്പോഴാണ് കേരളം ബാങ്കിന്റെ 67.27 ശതമാനം ഒരു ചോദ്യചിഹ്നമായി നിൽക്കുന്നത്.

നിക്ഷേപത്തേക്കാൾ മുന്നിൽ വായ്പാ വളർച്ച

കൊവിഡ് കാലഘട്ടം വളരെ പിന്നിലായിക്കഴിഞ്ഞു; വായ്പകൾക്കായുള്ള ആവശ്യകത അധിക നിക്ഷേപങ്ങൾക്കായ് വേട്ടയാടാൻ ബാങ്കുകളെ പ്രേരിപ്പിക്കുന്നു.

2023 ഡിസംബർ 31 ന് അവസാനിച്ച ഒരു വർഷ കാലയളവിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നിക്ഷേപ അടിത്തറ 3 ശതമാനം വർധിച്ച് 88,348 കോടി രൂപയിൽ നിന്ന് 90,672 കോടി രൂപയായി ഉയർന്നപ്പോൾ, അതിന്റെ വായ്പ 59.226 കോടിയിൽ നിന്ന് 18 ശതമാനം വർധിച്ച് 70,117 കോടി രൂപയായതായി ബാങ്ക് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

ഫെഡറൽ ബാങ്കിന്റെ കാര്യത്തിൽ, ഇത് 14.81 ശതമാനം നിക്ഷേപ വളർച്ചയും, വായ്പ തുകയിൽ 19.08 ശതമാനം വളർച്ചയോടെ 1,71,043 കോടി രൂപയുമാണ്.

സിഎസ്ബി ബാങ്കിന്റെ നിക്ഷേപത്തിൽ 19 ശതമാനം വളർച്ചയുണ്ടായി. എന്നാൽ വായ്പ നൽകിയ തുക 26 ശതമാനം വളർച്ചയോടെ 14,637 കോടി രൂപയിൽ നിന്ന് 18,457 കോടി രൂപയായി.

ധനലക്ഷ്മി ബാങ്കിന്റെ കാര്യത്തിൽ മൊത്തം നിക്ഷേപം 12,101 കോടി രൂപയിൽ നിന്ന് 6.78 ശതമാനം വർധിച്ചു 12,922 കോടി രൂപയായി, അവലോകന കാലയളവിൽ അഡ്വാൻസുകൾ 22.48 ശതമാനം ഉയർന്ന് 7,552 കോടി രൂപയിൽ നിന്ന് 9,250 കോടി രൂപയായി.