image

21 Dec 2022 9:00 AM GMT

Kerala

കെ-റെയിലിനൊരു പണിയായി; കെഎസ്ആര്‍ടിസിയെ മിനുക്കാന്‍ മൂന്നു വര്‍ഷത്തെ കരാര്‍

MyFin Bureau

k rail contract ksrtc renovation
X

Summary

  • കെഎസ്ആര്‍ടിസിക്കും കെ-റെയിലിനും ഇത് ഏറെ ഗുണകരമാകുമെന്നാണ് നിഗമനം


കെഎസ്ആര്‍ടിസിയും സില്‍വര്‍ ലൈന്‍ നിര്‍മാണത്തിനായി രൂപീകരിച്ച കെ-റെയിലും കൈകോര്‍ക്കുന്നു. പുതിയ ബസ് സ്റ്റാന്റുകള്‍ അടക്കമുള്ള ആധുനിക അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഈ സഹകരണം.

പുതിയ നിര്‍മ്മാണങ്ങളും വര്‍ക്ക്ഷോപ്പ് നവീകരണങ്ങളും ഏറ്റെടുക്കുന്നതിനായി കെ റെയിലിന് മൂന്നുവര്‍ഷത്തെ കരാര്‍ നല്‍കിക്കഴിഞ്ഞു. കെഎസ്ആര്‍ടിസിക്കും കെ-റെയിലിനും ഇത് ഏറെ ഗുണകരമാകുമെന്നാണ് നിഗമനം.

നേരത്തെ എച്ച്എല്‍എല്‍, കേരള ഇലക്ട്രിക്കല്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പ്രീഫാബ് ലിമിറ്റഡ്, സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡ് എന്നിവയെ വിവിധ നിര്‍മ്മാണ പദ്ധതികളില്‍ ഇവര്‍ പങ്കാളികളാക്കിയിട്ടുണ്ട്. അനുവദിച്ച ജോലികള്‍ വിഭജിച്ച് കെ റെയിലിനെ ഏല്‍പ്പിക്കാനാണ് തീരുമാനം എന്നും രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന വര്‍ക്ക്ഷോപ്പ് നവീകരണം അത്തരത്തിലുള്ളതാണെന്നും കെ-റെയില്‍ എഞ്ചിനീയര്‍മാര്‍ ജോലി ഏറ്റെടുക്കുമെന്നും കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ പറഞ്ഞു.

എംഎല്‍എ ഫണ്ട് ഉപയോഗിച്ച് 45 കോടിയുടെ വര്‍ക്ക്ഷോപ്പ് നവീകരണവും അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്. വിദഗ്ധരെ ഉള്‍പ്പെടുത്തി മാനേജ്മെന്റ് ബോര്‍ഡ് പുനഃസംഘടിപ്പിക്കുകയും താല്‍ക്കാലിക നിയമനത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാന തസ്തികകളിലേക്ക് പ്രൊഫഷണലുകളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

പ്രവര്‍ത്തനേതര വരുമാനം ഉണ്ടാക്കുന്നതിനായി ബജറ്റ് ടൂറിസം, ബസ് സ്റ്റേകള്‍, പരസ്യങ്ങള്‍ നല്‍കല്‍, കൊറിയര്‍ സേവനങ്ങള്‍, ഷോപ്പ് ഓണ്‍ വീല്‍ എന്നിവയും കെഎസ്ആര്‍ടിസി ആരംഭിച്ചിരുന്നു. പുതിയ നിര്‍മ്മാണങ്ങളും ബസ് സ്റ്റേഷനുകളുടെ നവീകരണവും നടത്താന്‍ കെഎസ്ആര്‍ടിസിയുമായി ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് കെ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി അജിത് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 11 മുതല്‍ കെ-സ്വിഫ്റ്റ് സര്‍വീസിന് കെഎസ്ആര്‍ടിസി തുടക്കം കുറിച്ചിരുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 1783 പുതിയ ബസ്സുകള്‍ വാങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദിവസേനയുള്ള കളക്ഷന്‍ എട്ടു കോടിയായി വര്‍ധിപ്പിക്കുകയാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യം. പിന്നാലെ 10 കോടിയായും വര്‍ധിപ്പിക്കും. കെഎസ്ആര്‍ടിസിയെ പുനരുദ്ധരിപ്പിക്കുന്നതിനായി സുശീല്‍ ഖന്ന സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് നവീകരണ പ്രവര്‍ത്തനം അടക്കം നടക്കുന്നത്.

സുശീല്‍ ഖന്നയുടെ റിപ്പോര്‍ട്ട് പ്രകാരം നടന്നത്

പ്രൊഫഷണലായ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് 2021 ജൂണില്‍ ബോര്‍ഡ് പുനഃരൂപീകരിച്ചു

സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത് തുടങ്ങിയ സ്വയംഭരണാവകാശമുള്ള മൂന്ന് കേന്ദ്രങ്ങള്‍ സ്ഥാപിച്ചു

2022 ഏപ്രില്‍ 11ന് കെ-സ്വിഫ്റ്റ് പുറത്തിറക്കി

ടെക് സപ്പോര്‍ട്ട്, അപ്ഗ്രേഡേഷന്‍ തുടങ്ങിയവയ്ക്കായി ഉകങഠട നെ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി നിയമിച്ചു

2022 നവംബര്‍ ഒന്നിന് ബജറ്റ് ടൂറിസം ആരംഭിച്ചു. രണ്ടു ലക്ഷത്തിലേറെ പേര്‍ ഇതിനകം ഇത് ഉപയോഗപ്പെടുത്തി

കെഎസ്ആര്‍ടിസി ബസുകളില്‍ ബജറ്റ് സ്റ്റേയ്ക്കായി പദ്ധതി കൊണ്ടുവന്നു