10 April 2023 6:30 AM GMT
Summary
- നാലു വിമാനത്താവളങ്ങള്‍ വഴി കയറ്റിയയച്ചതു 13949.75 ടണ്‍ ഭക്ഷ്യോല്‍പന്നങ്ങളാണ്
- കാര്‍ഗോ വിമാനങ്ങളില്ലാതെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്
- ഭക്ഷ്യവസ്തുക്കളുടെ പരിശോധന സൗകര്യമില്ല
- കയറ്റുമതിയില്‍ മുന്നിലുള്ള വിമാനത്താവളങ്ങളാണ് കൊച്ചിയും കോഴിക്കോടും
കൊവിഡ് സൃഷ്ടിച്ച കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും പതിയെ കരകയറുകയാണ് സംസ്ഥാനത്തെ കയറ്റുമതി മേഖല. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവില്‍ കേരളത്തിലെ നാലു വിമാനത്താവളങ്ങള്‍ വഴി കയറ്റിയയച്ചതു 13949.75 ടണ്‍ ഭക്ഷ്യോല്‍പന്നങ്ങളാണ്. ഇതില്‍ വലിയ ഭാഗവും പഴം-പച്ചക്കറിയിനങ്ങളാണ്. മത്സ്യം, മുട്ട, മാംസം, പൂക്കള്‍ എന്നിവയാണ് മറ്റുള്ളവ. പഴം-പച്ചക്കറി കയറ്റുമതി പ്രധാനമായും കോഴിക്കോട്-കൊച്ചി വിമാനത്താവളങ്ങള്‍ വഴിയാണ് നടക്കുന്നത്.
സംസ്ഥാനത്തു നിന്നും ജനുവരിയില്‍ 4392.38 ടണ്ണും ഫെബ്രുവരിയില്‍ 4291.86 ടണ്ണും കയറ്റുമതി ചെയ്തപ്പോള്‍ മാര്‍ച്ചില്‍ വ്യോമമാര്‍ഗം വിദേശത്തേക്ക് കയറ്റിയയച്ചത് 5265.50 ടണ്‍. കൊച്ചി രാജ്യാന്തര വിമാനത്താവളമാണ് കയറ്റുമതിയില്‍ മുന്നില്‍. മൂന്നുമാസം കൊണ്ട് സിയാലിലൂടെ ആകെ 5807.947 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് കയറ്റിയയച്ചത്. കോഴിക്കോട് 3645.88 ടണ്‍, തിരുവനന്തപുരം 3520.11 ടണ്‍, കണ്ണൂര്‍ 975.80 ടണ്‍ എന്നിങ്ങനെയാണു മറ്റു വിമാനത്താവളങ്ങളിലെ പച്ചക്കറി, പഴവര്‍ഗ കയറ്റുമതി. മത്സ്യ-മുട്ട കയറ്റുമതി പ്രധാനമായും കൊച്ചി വഴിയാണ്. ഗള്‍ഫ് രാജ്യങ്ങളാണു പ്രധാന വിപണിയെങ്കിലും ദുബായില്‍ എത്തിച്ച ശേഷം യു.കെ, അയര്‍ലന്‍ഡ്, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേക്കും അയയ്ക്കാറുണ്ട്.
ചരക്കു വിമാനങ്ങളില്ലാതെ
കാര്‍ഗോ വിമാനങ്ങളില്ലാതെയാണ് സംസ്ഥാനം ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പണ്‍ സ്‌കൈ പോളിസി പ്രകാരം അന്താരാഷ്ട്ര ചരക്ക് വിമാനങ്ങള്‍ ബോംബെ, ഡല്‍ഹി, ചെന്നൈ, ബംഗളൂരു, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നീ ആറു വിമാനത്താവളങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും ഒരു വിമാനത്താവളവും ഈ പട്ടികയിലില്ല. യാത്രാവിമാനങ്ങളില്‍ പരിമിതമായ സ്ഥലസൗകര്യമുപയോഗിച്ച് 50-70 ടണ്‍ വരെ കൊണ്ടുപോവുകയാണ് സംസ്ഥാനം ചെയ്യുന്നത്.
പരിശോധനാ സൗകര്യവുമില്ല
ഭക്ഷ്യവസ്തുക്കള്‍ വിദേശത്തേക്ക് കയറ്റിയയക്കുന്നതിനു മുമ്പ് പരിശോധന നടത്തി അംഗീകാരം നേടണം. ഇതിന് കേരളത്തില്‍ സൗകര്യമില്ല. നിലവില്‍ ഗുണനിലവാര പരിശോധനാ ലാബുകളും കേടുകൂടാതെ സൂക്ഷിക്കാന്‍ ആവശ്യമായ കോള്‍ഡ് സ്റ്റോറേജുകളും സംസ്ഥാനത്തില്ല. കയറ്റുമതി വ്യവസായികള്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണിത്. എന്‍.എ.ബി.എല്‍ (നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലാബ്‌സ്) അംഗീകാരമുള്ള ലാബുകളുടെ സേവനത്തിനായി ചെന്നൈ, ബെംഗളൂരു എന്നിവയെയാണ് ആശ്രയിക്കുന്നത്. പലപ്പോഴും പരിശോധനാ ഫലം വരുമ്പോഴേക്കും ഇവിടെ പഴം-പച്ചക്കറി ഇനങ്ങള്‍ കേടുവന്ന് ചീഞ്ഞു തുടങ്ങും. എക്‌സ്‌പോര്‍ട് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി (ഇ.ഐ.എ) സൗകര്യം കേരളത്തില്‍ ആരംഭിച്ചാല്‍ ഈ പ്രശ്‌നം മറികടക്കാമെന്ന് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം ചൂണ്ടിക്കാട്ടുന്നു. വിമാനത്താവളങ്ങളിലും പരിസരത്തും വിപുലമായ സൗകര്യങ്ങളുള്ള കോള്‍ഡ് സ്റ്റോറേജുകള്‍ ഇല്ലാത്തതും മറ്റൊരു പരിമിതിയാണ്. വന്‍തോതില്‍ പഴം-പച്ചക്കറി ഇനങ്ങളും മീന്‍, മുട്ട, മാംസം എന്നിവയും സൂക്ഷിച്ചുവയ്ക്കാന്‍ നിലവില്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ സൗകര്യമില്ല.
കര്‍ണ്ണാടകയിലെ മൈസൂരു, നഞ്ചന്‍ഗോഡ്, കുടക്, ചിത്രകൂട്, ഹെബ്ബാര്‍ എന്നിവിടങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ ഊട്ടി, ഒട്ടന്‍ചിത്രം, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികള്‍ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നുമാണ് കയറ്റുമതി ചെയ്യുന്നത്. ഇവിടുത്തെ പഴം-പച്ചക്കറി കയറ്റുമതിക്കാര്‍ക്ക് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കച്ചവടക്കാരുമായുള്ള ബന്ധം മൂലമാണിത്.
ഭീഷണിയായി ബംഗളൂരു
ലാബ് റിപ്പോര്‍ട്ട് കിട്ടുന്നത് വൈകുന്നതും ആവശ്യത്തിനുള്ള വൈഡ് ബോഡി വിമാന സൗകര്യങ്ങളുടെ അപര്യാപ്തയും ഇവിടുത്തെ കയറ്റുമതിക്കാരെ ബംഗളൂരു വിമാനത്താവളത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, കോള്‍ഡ് ചെയിന്‍ സ്റ്റോറേജ്, 24 മണിക്കൂറും പരിശോധന സൗകര്യം എന്നിവ അവിടുത്തെ സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുണ്ട്.
കൊച്ചിയും കോഴിക്കോടും
സംസ്ഥാനത്തെ കയറ്റുമതിയില്‍ മുന്നിലുള്ള വിമാനത്താവളങ്ങളാണ് കൊച്ചിയും കോഴിക്കോടും. എമിറേറ്റ്‌സിന്റെ വന്‍ വിമാനം വരുന്നതാണ് കൊച്ചിയെ മുന്നിലെത്തിക്കുന്നത്. അതേസമയം കോഴിക്കോട് റണ്‍വെ കാര്‍പ്പെറിംഗിന്റെ പേരുപറഞ്ഞ് ഉള്ള വിമാനം തന്നെ നിര്‍ത്തലാക്കുകയാണ് അധികൃതര്‍ ചെയ്തത്. നിലവില്‍ ഫ്‌ളൈനാസ്, എയര്‍ അറേബ്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, ഒമാന്‍ എയര്‍ എന്നിവയുടെ ചെറു വിമാനങ്ങളാണ് കോഴിക്കോട് നിന്നും സര്‍വിസ് നടത്തുന്നത്. പലപ്പോഴും ഈ വിമാനത്തിലെ ചരക്ക് കയറ്റുമതി സൗകര്യം കയറ്റുമതിക്കാരുടെ ആവശ്യത്തിന് തികയാതെ വരുന്നു. ഇത് കൂടാതെ യൂറോപ്പിലേക്കുള്ള സര്‍വിസ് അപര്യാപ്തത മൂലം ഏറെ മലയാളികളുള്ള യു.കെ, യു.എസ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള പച്ചക്കറി കയറ്റുമതിയുടെ ഓര്‍ഡര്‍ നഷ്ടപ്പെട്ടുന്നു. കുറഞ്ഞ നിരക്കില്‍ ഏറ്റവും പെട്ടെന്ന് ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് കൊളംബോ വഴിയുള്ള ശ്രീലങ്കന്‍ എയറിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ പറ്റുമെന്ന് കേരള എക്‌സ്‌പോര്‍ട്ടേസ് ഫോറം സെക്രട്ടറി മുന്‍ഷീദ് അലി പറയുന്നു.
മുട്ട കയറ്റുമതിയിലെ സാധ്യത
മുട്ട കയറ്റുമതിയുടെ സമീപകാലങ്ങളിലുള്ള വര്‍ദ്ധന സംസ്ഥാനത്ത് നിന്നുള്ള മുട്ട കയറ്റുമതിക്ക് സര്‍ക്കാര്‍ കൂടി കനിഞ്ഞാല്‍ ഇതിന്റെ കയറ്റുമതി ഇരട്ടിയാക്കാന്‍ കഴിയും. റഷ്യ-യുക്രൈയിന്‍ യുദ്ധം മൂലം നിലവില്‍ ജി.സി.സി രാഷ്ട്രങ്ങളിലെക്ക് മുട്ട കൂടുതലായി കയറ്റുമതി ചെയ്തിരുന്ന മലേഷ്യയില്‍ ആവശ്യത്തിനുള്ള ചിക്കന്‍ ഫീഡ്‌സിന്റെ കുറവ് മൂലം മലേഷ്യ തന്നെ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും മുട്ട ഇറക്കുമതി ചെയ്യുകയാണ്. നാമക്കലിലും സേലത്തുമാണ് മുട്ട കൂടുതലായി ഉല്‍പാദിപ്പിക്കുന്നത്. ഇവ പ്രധാനമായും കൊച്ചി വിമാനത്താവളം വഴിയാണ് കയറ്റിയയക്കുന്നത്. ആവശ്യത്തിന് സ്റ്റോറേജ് സൗകര്യം ഇല്ലാത്തത് മൂലം കോഴിക്കോടിനു കൂടുതല്‍ അവസരം ലഭിക്കുന്നില്ല.