image

22 March 2023 1:30 AM GMT

Kerala

കെഎസ്ഇബി-യുടെ മോശം പ്രകടനം; FY23-ൽ പൊതുമേഖല നഷ്ടത്തിലേക്ക് കൂപ്പുകുത്തുമോ?

C L Jose

കെഎസ്ഇബി-യുടെ മോശം പ്രകടനം; FY23-ൽ പൊതുമേഖല നഷ്ടത്തിലേക്ക് കൂപ്പുകുത്തുമോ?
X

Summary

  • 2022-ൽ 90 ശതമാനത്തിലധികം ലാഭം മൂന്ന് കമ്പനികളിൽ നിന്ന്.
  • പൊതുമേഖലയുടെ പുനരുജ്ജീവനത്തിനായി ഒരു 'മാസ്റ്റർ പ്ലാൻ' തയ്യാറാക്കുമെന്ന് പി രാജീവ്


തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബിഎൽ) ഇത്തവണ മോശം പ്രകടനം കാഴ്ചവെക്കാൻ ഇടയുള്ളതിനാൽ 2023 സാമ്പത്തിക വർഷത്തിൽ സംസ്ഥാനതല പൊതുമേഖലാ സ്ഥാപനങ്ങളുടെ (എസ്‌എൽപിഇ) ലാഭം കുറയാൻ സാധ്യതയുണ്ടെന്നു വിദഗ്ധർ. .

പൊതുസംരംഭങ്ങളുടെ പ്രകടനത്തെക്കുറിച്ച് അതാത് സംസ്ഥാന സർക്കാരുകൾ വർഷാവർഷം അവകാശവാദമുന്നയിക്കാറുണ്ടെങ്കിലും പല സംസ്ഥാനതല പൊതുമേഖലാ സ്ഥാപനങ്ങളും സംസ്ഥാന ഖജനാവിന് ഭാരമായി തുടരുകയാണ്.

ഈ എസ്‌എൽ‌പി‌ഇ-കൾ‌ വർഷം തോറും (മൊത്തം അടിസ്ഥാനത്തിൽ) അറ്റ നഷ്‌ടങ്ങൾ വരുത്തിവെക്കുന്നു എന്നത് ആശങ്കാജനകമാണ്. പൊതുമേഖലാ വിദഗ്ധർ മൈഫിൻപോയിന്റിനോട് സംസാരിച്ചതനുസരിച്ച്, ഈ സാഹചര്യത്തിൽ സമീപഭാവിയിലൊന്നും 'നെറ്റ് അടിസ്ഥാനത്തിൽ' കേരളത്തിലെ എസ്‌എൽ‌പി‌ഇകൾ ലാഭം റിപ്പോർട്ട് ചെയ്യാൻ സാധ്യതയില്ല.

സർക്കാർ വകുപ്പുകൾ നൽകിയ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച്, 2021-22 സാമ്പത്തിക വർഷത്തിൽ (FY22) എസ്‌എൽപിഇകളുടെ പ്രകടനം നാം വിശകലനം ചെയ്യുമ്പോൾ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ആ സാമ്പത്തിക വർഷത്തിൽ 1,718.95 കോടി രൂപയുടെ മൊത്ത നഷ്ടം വരുത്തിവെച്ചതായി കാണാം; 2020-21-ൽ (FY21) നഷ്ടം 3,601.65 കോടി രൂപയായിരുന്നു.

2021-22 വർഷത്തിൽ 60 സംരംഭങ്ങൾ 1,570.21 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്‌തപ്പോൾ 61 സംരംഭങ്ങൾ 3,289.16 കോടി രൂപ നഷ്ടം വരുത്തിവെച്ചു; അതാണ് മൊത്തം ലാഭക്ഷമത കുറയാനിടയാക്കിയത്. തന്മൂലം 2021-22 വർഷത്തിൽ എസ്‌എൽ‌പി‌ഇകൾക്കു 1,718.94 കോടി രൂപയുടെ അറ്റ നഷ്ടം സംഭവിച്ചു.

എന്നിരുന്നാലും, 2020-21 ൽ 52 കമ്പനികൾ 429.58 കോടി രൂപ മാത്രം നേടിയ മുൻവർഷത്തെ അപേക്ഷിച്ച് 2021-22 ൽ ലാഭം ഗണ്യമായി മെച്ചപ്പെട്ടു എന്നത് ആശ്വാസകരമാണ്.

മറ്റൊരു പ്രധാന കാര്യം, 2021-22 സാമ്പത്തിക വർഷം നേടിയ ലാഭത്തിന്റെ 90.23 ശതമാനവും വെറും മൂന്ന് കമ്പനികളിൽ നിന്നാണ് - കെഎസ്ഇബിഎൽ - 736.27 കോടി രൂപ (46.89 ശതമാനം), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ) 226.91 കോടി രൂപ (14.45 ശതമാനം), കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് (കെഎസ്എഫ്ഇ) 210.86 കോടി രൂപ (13.43 ശതമാനം) എന്നിങ്ങനെയാണത്.

ഈ ഘട്ടത്തിൽ സർക്കാരിനെ ഏറ്റവുമധികം വിഷമിപ്പിക്കുന്നത് 2022 സാമ്പത്തിക വർഷത്തിലെ മൊത്തം അറ്റാദായത്തിന്റെ പകുതിയോളം സംഭാവന ചെയ്ത് 'രാജാവായി വിലസിയ' ഇലക്ട്രിസിറ്റി ബോർഡിന്റെ മോശം പ്രകടനമായിരിക്കും.

2022 സാമ്പത്തിക വർഷത്തിൽ ഇലക്ട്രിസിറ്റി ബോർഡ് റിപ്പോർട്ട് ചെയ്ത അറ്റാദായം 736.27-കോടി രൂപയുടെ സ്ഥാനത്ത്, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ മാത്രം കമ്പനിക്ക് 79.36 കോടി രൂപയുടെ സഞ്ചിത നഷ്ടം ഉണ്ടായിട്ടുണ്ട്, ഇത് കമ്പനിക്ക് FY23-ൽ ലാഭം നേടാൻ കഴിയുമോ എന്ന സംശയമുയർത്തുന്നു..

കൂടാതെ, കെഎസ്ഇബിഎൽ-ന്റെ ഓഡിറ്റർമാർ കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കമ്പനിയുടെ ലാഭനഷ്ട (P&L) അക്കൗണ്ടിനെ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച്, പ്രത്യേകിച്ചും ആയിരക്കണക്കിന് കോടി രൂപയുടെ കമ്പനിയുടെ സ്വത്തുക്കളിലെ അലംഭാവത്തോടെയുള്ള സമീപനത്തിൽ, സംശയം ഉന്നയിച്ചിരുന്നു,

പുതിയ സംരംഭങ്ങൾ

യൂണിറ്റുകൾ എത്രയും വേഗം ലാഭകരമാക്കാൻ ഹ്രസ്വകാല ദീർഘകാല തന്ത്രങ്ങളോടെ പൊതുമേഖലയുടെ പുനരുജ്ജീവനത്തിനായി ഒരു 'മാസ്റ്റർ പ്ലാൻ' തയ്യാറാക്കുന്നതായി സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

പ്രൊഫഷണൽ പശ്ചാത്തലമുള്ള കാര്യക്ഷമതയുള്ളവരെ സ്വതന്ത്ര ഡയറക്ടർമാരായി ബോർഡിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിന് പുറത്ത് ധനസമാഹരണത്തിനുള്ള മാർഗങ്ങൾ മാസ്റ്റർ പ്ലാൻ വിശദീകരിക്കും.

എസ്എൽപിഇകളുടെ വളർച്ചയ്ക്ക് ധനസഹായം നൽകുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനായി സ്വകാര്യ, പൊതുമേഖലാ ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥന്മാരുടെ ഒരു യോഗം വിളിച്ചിട്ടുണ്ട്,” എന്ന് രാജീവ് അടുത്തിടെ നിയമസഭയെ അറിയിച്ചിരുന്നു.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഫണ്ടിംഗ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഒമ്പത് ബാങ്കുകളുടെ വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.