4 Jan 2023 12:15 PM IST
Summary
- പുതിയൊരു ജനവിഭാഗത്തെ പുറംനാടുകളില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാന്‍ കൊച്ചി മുസിരിസ് ബിനാലെ പ്രമുഖ പങ്ക് വഹിക്കുമെന്ന് എസ് ഹരികിഷോര്‍ പറഞ്ഞു
കൊച്ചി: വന്‍ ജനപങ്കാളിത്തവും സ്വീകാര്യതയുമാണ് കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ലഭിക്കുന്നത്. പത്തു ദിവസം പിന്നിട്ടപ്പോള്‍ 34,561പേര്‍ മഹാകലാമേളയ്‌ക്കെത്തി. നവത്സരത്തോടടുത്ത നാളുകളില്‍ ബിനാലെ വേദികളിലേക്ക് ജനം ഒഴുകിയെത്തി.
വൈക്കം എംഎല്‍എ സി കെ ആശ, കെഎസ്‌ഐഡിസി എംഡിയും ടൂറിസം വകുപ്പ് മുന്‍ ഡയറക്ടറുമായ എസ് ഹരികിഷോര്‍, നടന്‍ സണ്ണി വെയ്ന്‍ ഉള്‍പ്പെടെ പ്രമുഖര്‍ കഴിഞ്ഞ ദിവസം കൊച്ചി മുസിരിസ് ബിനാലെ കാണാനെത്തി. സ്‌കൂള്‍ കാലംതൊട്ടുള്ള സഹപാഠികള്‍ക്കൊപ്പമാണ് ആശ എംഎല്‍എ പ്രദര്‍ശനം കണ്ടത്.
പുതിയൊരു ജനവിഭാഗത്തെ പുറംനാടുകളില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാന്‍ കൊച്ചി മുസിരിസ് ബിനാലെ പ്രമുഖ പങ്ക് വഹിക്കുമെന്ന് എസ് ഹരികിഷോര്‍ പറഞ്ഞു. ആയുര്‍വേദം, കായലുകള്‍, സമ്പന്ന സാംസ്‌കാരിക പൈതൃകം, ഉത്തരവാദിത്വ ടൂറിസം തുടങ്ങി തനത് പ്രത്യേകതകളാണ് കേരളത്തെ 'ദൈവത്തിന്റെ സ്വന്തം നാട്' ആക്കുന്നത്. ടൂറിസം മേഖലയില്‍ അനന്യമായ മറ്റൊരു സവിശേഷതയായി മാറുകയാണ് കൊച്ചി മുസിരിസ് ബിനാലെ.
ഒരു നാടിന്റെ കലയും സംസ്‌കാരവും അറിവുകളും അനുഭവങ്ങളും മനസിലാക്കാന്‍ താത്പര്യപ്പെടുന്ന പുതിയ ഗ്രൂപ്പ് കേരളത്തിലേക്ക് എത്തുന്നതിന് കൊച്ചി മുസിരിസ് ബിനാലെ ഇതിനകം തന്നെ വഴിയൊരുക്കിയിട്ടുണ്ട്. ഓരോ പതിപ്പ് പിന്നിടുമ്പോഴും ബിനാലെ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയുമാണ്.
ബിനാലെയുടെ വിജയത്തിന് പുരോഗമനപരമായ ഉപഫലങ്ങളുണ്ട്. കലാസൃഷ്ടികള്‍ ശേഖരിക്കുന്നവരുടെയും, കലാപ്രദര്‍ശനങ്ങളുടെയും ആര്‍ട്ട് ഗ്യാലറികളുടെയും എണ്ണം കൂടി. മറ്റൊന്നാണ് ലിറ്ററേച്ചര്‍ ഫെസ്റ്റുകളുടെ എണ്ണം വര്‍ധിച്ചത്. വരും നാളുകളില്‍ മറ്റുമേഖലകളിലേക്കും ബിനാലെയുടെ സ്വാധീനം കടന്നെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി അഡീഷണല്‍ സിഇഒ സത്യജീത് രാജന്‍, എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ എന്നിവരും ബിനാലെയ്ക്കെത്തി