Summary
- മുത്തൂറ്റ് ഫിനാൻസിന്റെ ഉപസ്ഥാപനമാണ് കമ്പനി
- ആദ്യ ഒമ്പത് മാസങ്ങളിൽ 2.9 കോടി രൂപ നഷ്ടം രേഖപ്പെടുത്തി
- വെഹിക്കിൾ ഫിനാൻസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു
കൊച്ചി: മുത്തൂറ്റ് മണി ലിമിറ്റഡിന് (എംഎംഎൽ) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 10.50 ലക്ഷം രൂപ പിഴ ചുമത്തി.
'എൻബിഎഫ്‌സികളിലെ തട്ടിപ്പുകൾ നിരീക്ഷിക്കൽ (റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ, 2016') നിയമത്തിലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിനാണ് മുത്തൂറ്റ് മണിയ്ക്ക് പിഴ ചുമത്തിയതെന്ന് ആർബിഐ വ്യാഴാഴ്ച ഒരു വിജ്ഞാപനത്തിൽ അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയാണ് മുത്തൂറ്റ് മണി. 2022 ഡിസംബർ 31 വരെ ഏകീകൃത അടിസ്ഥാനത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തി (AUM) 65,084.6 കോടി രൂപയാണ്.
“റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934 സെക്ഷൻ 58 ജിയിലെ വകുപ്പ് (b) ഒന്നാം ഉപവകുപ്പിന്റെ ക്ലോസ് (എഎ) സെക്ഷൻ 58 ബിയിലെ ഉപ സെക്ഷൻ 5 വ്യവസ്ഥകൾ പ്രകാരം ആർബിഐയിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്,” എന്ന് ആർബിഐ വിജ്ഞാപനം പറയുന്നു.
മറ്റ് പരിശോധനകൾക്കൊപ്പം 2021 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതിയെ പരാമർശിച്ച് ആർബിഐ നടത്തിയ പരിശോധനയെ തുടർന്നാണ് നിയമ ലംഘനം കണ്ടെത്തിയത്.
വെഹിക്കിൾ ഫിനാൻസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മുത്തൂറ്റ് മണിയുടെ ലോൺ ബുക്ക് 2022 ഡിസംബർ 31 വരെ 293.3 കോടി രൂപയാണ്; ഒരു വർഷം മുമ്പുള്ള 236.5 കോടി രൂപയിൽ നിന്ന് 24 ശതമാനം വളർച്ചയാണ് ഇത് രേഖപ്പെടുത്തിയത്.
2022-23ലെ (FY23) ആദ്യ ഒമ്പത് മാസങ്ങളിൽ 2.9 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ മുത്തൂറ്റ് മണി കുറച്ചുകാലമായി ലാഭമുണ്ടാക്കാൻ പാടുപെടുന്നതായി കാണാം.
എന്നിരുന്നാലും, 2023 സാമ്പത്തിക വർഷത്തിലെ 9 മാസത്തെ നഷ്ടം, മുൻ വർഷത്തെ ഒമ്പത് മാസങ്ങളിൽ കമ്പനി റിപ്പോർട്ട് ചെയ്ത 8.1 കോടി രൂപയുടെ വലിയ നഷ്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ ആശ്വാസകരമാണ്.
2018 ഒക്ടോബറിൽ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറിയ മുത്തൂറ്റ് മണിയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് നടക്കുന്നത്.