image

23 Jan 2023 10:30 AM GMT

Kerala

തൊഴില്‍ നികുതി ഉയര്‍ത്തുന്നത് തദ്ദേശ സ്ഥാപനങ്ങളെ സമ്പന്നമാക്കും

MyFin Bureau

employment tax
X

Summary

  • ജിഎസ്ടി മൂലം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നഷ്ടമായത് 171.39 കോടി രൂപ


നീണ്ട 18 വര്‍ഷത്തിനു ശേഷം തൊഴില്‍ നികുതി വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതോടെ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുതുജീവന്‍ ലഭിക്കും. നിലവില്‍ ചീഫ് സെക്രട്ടറിക്കും സ്വീപ്പര്‍ക്കും ഒരേ സ്ലാബാണ് ഉള്ളത്. സംസ്ഥാന ബജറ്റില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പിരിക്കുന്ന തൊഴില്‍ നികുതി വര്‍ധിപ്പിക്കുമെന്ന സൂചന ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് നല്‍കിയത്. സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ജിഎസ്ടി നഷ്ടം നികത്താമെന്ന വാഗ്ദാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടുപോയതോടെ പ്രതിസന്ധിയിലായ തദ്ദേശ സ്ഥാപനങ്ങള്‍ കരകയറണമെങ്കില്‍ തൊഴില്‍ നികുതി ഉയര്‍ത്തുകയല്ലാതെ മാര്‍ഗമില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പിരിക്കുന്ന പ്രഫഷണല്‍ ടാക്സ് 2005 ന് ശേഷം പരിഷ്‌കരിച്ചിട്ടേയില്ല എന്നതിനാലാണിത്.

നിലവിലെ അവസ്ഥയില്‍ ചീഫ് സെക്രട്ടറിയും സര്‍ക്കാര്‍ ഉദ്യോഗത്തില്‍ ഏറ്റവും താഴെക്കിടയിലുള്ള സ്വീപ്പറും നല്‍കേണ്ടത് ഒരേ നികുതിയായ 2500 രൂപയാണ്. ഇത് വരുമാന സ്ലാബിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി പരിഷ്‌കരിക്കണമെന്നാണ് തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നത്. തൊഴില്‍ നികുതി പരിഷ്‌കരിച്ചതുകൊണ്ട് നികുതിദായകര്‍ക്ക് അധിക ബാധ്യത വന്നുചേരുന്നുമില്ല. ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള മൊത്തവരുമാനത്തില്‍ നിന്നും ഈ നികുതി നേരിട്ട് കുറയ്ക്കാം.

തൊഴില്‍ നികുതി വര്‍ധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തെ ആയിരത്തിലേറെ വരുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വരുമാന വര്‍ധനവ് ലഭിക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയും ചെയ്യും. ജിഎസ്ടി നടപ്പാക്കിയതോടെ വിനോദ നികുതി, പരസ്യ നികുതി ഇനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വന്‍ നഷ്ടമാണുണ്ടായത്.

2020-21 സാമ്പത്തികവര്‍ഷം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജിഎസ്ടി മൂലം 171.39 കോടി രൂപയാണ് നഷ്ടമായത്. ഈ നഷ്ടം സംസ്ഥാന സര്‍ക്കാര്‍ നികത്തുമെന്ന് 2021 ജനുവരിയില്‍ മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

കൊവിഡ് കാലത്ത് തദ്ദേശ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയത് ജിഎസ്ടി നികുതി നഷ്ടം നികത്തുമെന്ന ഉറപ്പുനല്‍കിയായിരുന്നു. എന്നാല്‍ വാഗ്ദാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കംപോയതോടെ തദ്ദേശ സ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയായിരുന്നു.