image

18 April 2023 4:30 PM GMT

Kerala

പൂരം മുറുകുന്നതിനിടെ കടക്കെണിയിൽ തിരുവമ്പാടി ദേവസ്വം; കുടിശ്ശിക 75 കോടി രൂപ

C L Jose

പൂരം മുറുകുന്നതിനിടെ കടക്കെണിയിൽ തിരുവമ്പാടി ദേവസ്വം; കുടിശ്ശിക 75 കോടി രൂപ
X

Summary

  • സൗത്ത് ഇന്ത്യൻ ബാങ്കിന് 35 കോടി രൂപ കടം
  • തിരുവമ്പാടി കൺവെൻഷൻ സെന്റർ - എസ്ഐബി വായ്‌പയ്‌ക്കെതിരെ ഈടായി പണയം വെച്ചിരിക്കുകയാണ്
  • വായ്പകളിൽ വീഴ്ച വരുത്തിയാൽ അത് ബാങ്കിന്റെ വീണ്ടെടുക്കൽ നടപടികളിൽ കലാശിക്കും


കൊച്ചി: ദേശീയ പത്രങ്ങളിൽ പോലും തലക്കെട്ടുകൾ സൃഷ്‌ടിക്കുന്ന തൃശൂർ പൂരത്തിന്റെ അവസാന നിമിഷങ്ങൾ ആരംഭിച്ചിരിക്കെ, ചരിത്രപരമായി പേരെടുത്ത പൂരത്തിന്റെ രണ്ട് പ്രധാന സംഘാടകരിൽ ഒരാളായ തിരുവമ്പാടി ദേവസ്വത്തിന് ഇനിയുള്ളത് ഉറക്കമില്ലാത്ത രാത്രികൾ മാത്രം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തിരുവമ്പാടി ദേവസ്വം നട്ടം തിരിയുകയാണെന്നാണ് പുറത്തു വരുന്ന വാർത്തകൾ.

”ദേവസ്വത്തിന്റെ ദീർഘകാല കുടിശ്ശിക തീർപ്പാക്കാൻ ഞങ്ങൾക്ക് 75 കോടി രൂപ അടിയന്തിരമായി ആവശ്യമാണ്, അവിടുത്തെ കാര്യങ്ങൾ അറിയാവുന്ന ദേവസ്വത്തിലെ ഒരു പ്രധാന അംഗം മൈഫിൻപോയിന്റ്നോട് പറഞ്ഞു. "അതിൽ ഗണ്യമായ തുക തൃശൂർ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന് (എസ്‌ഐ‌ബി; SIB) നൽകാനുള്ള കുടിശ്ശികയാണ്."

തിരുവമ്പാടി ദേവസ്വത്തിന്റെ പ്രസിദ്ധീകരിച്ച സാമ്പത്തിക കണക്കുകൾ പ്രകാരം, എസ്‌ഐ‌ബിക്ക് മാത്രം നൽകാനുള്ള തുക ഏകദേശം 35 കോടി രൂപയാണ്; 75 കോടി രൂപയിൽ ബാക്കിയുള്ള 40 കോടി രൂപ ചില വ്യക്തികളിൽ നിന്ന് അവരുടെ ഫണ്ട് ദേവസ്വത്തിൽ സുരക്ഷിതമായി പാർക്ക് ചെയ്യാനായി സമാഹരിച്ച തുകയാണ്.

ദേവസ്വത്തിന്റെ ചില ഭൂസ്വത്തുക്കൾ വിൽക്കുന്നതിൽ വിജയിച്ചില്ലെങ്കിൽ, SIB-യിൽ നിന്നുള്ള വീണ്ടെടുക്കൽ നടപടികൾ ഉൾപ്പെടെയുള്ള അസുഖകരമായ സംഭവവികാസങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിച്ചേക്കാനിടയുണ്ട്. ബാങ്ക് ഇതിനകം തന്നെ ദേവസ്വം വായ്പകളെ നിഷ്ക്രിയ ആസ്തികളായി (NPA) തരംതിരിച്ചിട്ടുണ്ട്.

ഇങ്ങനെയൊക്കെ പറഞ്ഞുകഴിഞ്ഞാലും, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ദേവസ്വം അധികാരികൾ പരമാവധി ശ്രമിക്കുന്നുണ്ട്. തൃശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ദേവസ്വത്തിന്റെ ഏറ്റവും പേരുകേട്ട ആസ്തിയായ നന്ദനം - അതായതു തിരുവമ്പാടി കൺവെൻഷൻ സെന്റർ - എസ്ഐബി വായ്‌പയ്‌ക്കെതിരെ ഈടായി പണയം വെച്ചിരിക്കുകയാണ്. ഇതിനെന്തു സംഭവിക്കുമെന്ന കാര്യത്തിലാണ് ദേവസ്വം ഭരണ സമിതിയിലെ ഉന്നതർക്കിടയിൽ ഭയം ഉരുണ്ടുകൂടുന്നത്.

പ്രശനം ഗുതരമായതിൽ ആശങ്കയുണ്ടെങ്കിലും പ്രതിസന്ധി മറികടക്കാനാകുമെന്ന് ദേവസ്വം പ്രസിഡന്റ് ഡോ. സുന്ദർ മേനോൻ വിശ്വസിക്കുന്നു.

“ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുകയാണ്. ഒരു സ്‌കൂൾ ഉൾപ്പെടെ 16 ഏക്കർ ഭൂസ്വത്തു് ഞങ്ങൾക്കുണ്ട്,” മേനോൻ മൈഫിൻപോയിന്റിനോട് വിശദീകരിച്ചു.

സൗത്ത് ഇന്ത്യൻ ബാങ്ക് 35 കോടിയോളം വരുന്ന കുടിശ്ശിക എത്രയും വേഗം തീർപ്പാക്കണമെന്ന് അന്ത്യശാസനം നൽകിയിട്ടുണ്ട്.

ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള വഴികൾ ആരായാൻ ജനുവരി 20ന് ദേവസ്വം അംഗങ്ങളുടെ അസാധാരണ പൊതുയോഗം (ഇജിഎം) വിളിച്ചിരുന്നു.

ആ യോഗം അതിന്റെ അംഗങ്ങളിൽ നിന്ന് സാമ്പത്തിക വിദഗ്ധരെ ഉൾപ്പെടുത്തി ഒരു ഉപദേശക ഗ്രൂപ്പ് സൃഷ്ടിച്ചു. എങ്കിലും, കടബാധ്യതകൾ തീർക്കാൻ ദേവസ്വം കൈവശം വച്ചിരിക്കുന്ന വസ്തു വിൽപന വരെ എത്തും വിധം കാര്യങ്ങൾ വളരെ സമ്മർദ്ദത്തിലാണ്.

2021-22 സാമ്പത്തിക വർഷത്തെ ദേവസ്വത്തിന്റെ ഓഡിറ്റർമാർ ‘വിയോജന’ കുറിപ്പിൽ, “ദേവസ്വത്തിന്റെ സാമ്പത്തിക ബാധ്യതയും നിലവിലെ സാമ്പത്തിക സ്ഥിതിയും കണക്കിലെടുത്ത്, സാമ്പത്തിക പണലഭ്യത ശക്തിപ്പെടുത്തുന്നതിന് കർശനമായ നടപടികൾ കൈക്കൊള്ളണം,” എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡിന് ശേഷം ദേവസ്വത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു തുടങ്ങിയെങ്കിലും വായ്പയും അവയുടെ സഞ്ചിത പലിശയും അടയ്‌ക്കുകയെന്നത് നിലവിലെ സാഹചര്യത്തിൽ ദേവസ്വത്തിന് ഏറെക്കുറെ അസാധ്യമായിരിക്കുകയാണ്.

കാര്യങ്ങൾ കൂടുതൽ ഗൗരവമായിരിക്കുന്നത് എസ്‌ഐ‌ബിയുടെ വായ്പകൾക്ക് അവർ അനുവദിച്ച മൊറട്ടോറിയം കാലാവധിയും അവസാനിച്ചു എന്നതിലാണ്. എസ്‌ഐ‌ബിയുടെ വായ്പകളിൽ തിരുവമ്പാടി ദേവസ്വം വീഴ്ച വരുത്തുന്നത് തുടരുകയാണെങ്കിൽ, അത് ബാങ്കിന്റെ വീണ്ടെടുക്കൽ നടപടികളിൽ കലാശിക്കും. ബാങ്കിനും അതല്ലാതെ വേറൊരു മാർഗം ഇല്ലാത്ത അവസ്ഥയാണുള്ളത്.

എസ്ഐബിയുടേതുൾപ്പെടെയുള്ള കുടിശ്ശിക ഏറ്റെടുക്കാൻ ദേവസ്വം മറ്റ് ബാങ്കുകളെ സമീപിച്ചെങ്കിലും ഒരു ബാങ്കും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചതായി കാണുന്നില്ല.

“എസ്‌ഐബിയുടെ വായ്പകൾ ഇതിനകം നിഷ്‌ക്രിയ ആസ്തിയായി (എൻപിഎ) മാറിയതിനാൽ, മറ്റ് ബാങ്കുകൾ ഇത്തരമൊരു നീക്കത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് ദേവസ്വത്തിന്റെ ഒരു ഓഫീസർ പറഞ്ഞു.