15 Feb 2023 6:04 AM
Summary
17,18 തീയതികളില്‍ തോട്ടം മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രഗത്ഭര്‍ നേതൃത്വം നല്‍കുന്ന സെമിനാറുകൾ ഉണ്ട്.
തിരുവനന്തപുരം: കേരളത്തിലെ തോട്ടം മേഖലയുടെയും തൊഴിലാളികളുടെയും ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന പ്ലാന്‍റേഷന്‍ എക്സ്പോയ്ക്ക് തിരുവനന്തപുരം വേദിയാകും. സര്‍ക്കാര്‍ പുതുതായി ആരംഭിച്ച പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്‍റെ ആഭിമുഖ്യത്തിൽ ഫെബ്രു. 16 മുതല്‍ കനകക്കുന്നിലാകും പരിപാടികൾ സംഘടിപ്പിക്കുന്നത്.
കേരളാ പ്ലാന്‍റേഷന്‍ എന്ന ബ്രാന്‍ഡ് ആഗോളതലത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് കനകക്കുന്ന് സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ എക്സ്പോ സംഘടിപ്പിക്കുന്നത്.
തോട്ടവിപണിയിലെ വൈവിധ്യങ്ങള്‍ നേരിട്ടറിയുന്നതിനും ഉല്‍പന്നങ്ങള്‍ നേരിട്ട് വാങ്ങുന്നതിനും എക്സ്പോ അവസരമൊരുക്കുന്നു. രാജ്യത്തെ ആദ്യ സംരംഭമായ പ്ലാന്‍റേഷന്‍ എക്സ്പോ, അടുത്ത വര്‍ഷം ആഗോളതലത്തിലെത്തിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത തോട്ടങ്ങള്‍, തോട്ടം മേഖലയിലെ സഹകരണ സംഘങ്ങള്‍, തോട്ടം മേഖലയുമായി ബന്ധമുള്ള വ്യാപാരികള്‍, വിതരണക്കാര്‍, സേവന ഉപകരണ ദാതാക്കള്‍ എന്നിവരാകും എക്സ്പോയില്‍ പങ്കെടുക്കുക. സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കുന്ന നൂറ് സ്റ്റാളുകളിലാണ് എക്സ്പോ ഒരുക്കുന്നത്.
എക്സ്പോയോടനുബന്ധിച്ചു ഇവരുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനും അവസരമുണ്ടാകും. എക്സ്പോയുടെ ഭാഗമായി 17,18 തീയതികളില്‍ തോട്ടം മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രഗത്ഭര്‍ നേതൃത്വം നല്‍കുന്ന സെമിനാറുകളും സംഘടിപ്പിക്കും. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് സന്ദര്‍ശനം. പ്രവേശനം സൗജന്യമാണ്.