image

15 Dec 2022 7:30 AM GMT

Featured

ഇന്ത്യന്‍ ഗോള്‍ഡ് ലോണ്‍ രംഗത്തെ വമ്പനാണീ കൊമ്പന്‍

MyFin Bureau

muthoot finance company
X

Summary

  • മുത്തൂറ്റ് ഫിനാന്‍സിന്റെ ലോഗോയില്‍ മാത്രമല്ല അവരുടെ മേഖലയിലുമുണ്ട് കൊമ്പനാനയുടെ വമ്പ്
  • ലോണ്‍ പോര്‍ട്ട്‌ഫോളിയോയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ കമ്പനിയാണ് മുത്തൂറ്റ് ഫിനാന്‍സ്


ഇന്ത്യന്‍ ഗോള്‍ഡ് ലോണ്‍ രംഗത്തെ വമ്പനാണ് മുത്തൂറ്റ് ഫിനാന്‍സ്. ഇന്ത്യയിലെ സംഘടിത സ്വര്‍ണപ്പണയ വായ്പാ വിപണിയുടെ ഏതാണ്ട് 14 ശതമാനത്തോളം കൈയാളുന്നത് മുത്തൂറ്റ് ഫിനാന്‍സാണ്. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കണക്കെടുത്താല്‍ 187.04 ടണ്‍ സ്വര്‍ണാഭരണങ്ങളാണ് പണയ ഉരുപ്പടികളായി മുത്തൂറ്റ് ഫിനാന്‍സിലുള്ളത്. തൊട്ടുമുന്‍വര്‍ഷം ഇത് 170.61 ടണ്ണായിരുന്നു. പത്ത് ശതമാനം വര്‍ധനയാണ് ഈ രംഗത്തുണ്ടായത്. ലോണ്‍ പോര്‍ട്ട്ഫോളിയോയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ കമ്പനിയാണ് മുത്തൂറ്റ് ഫിനാന്‍സ്.

വിപണി മൂല്യത്തില്‍ കേരളം ആസ്ഥാനമായുള്ള ബാങ്കുകളായ ഫെഡറല്‍ ബാങ്ക്, സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ മുന്നിലാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ സ്ഥാനം. 1887ലാണ് മുത്തൂറ്റ് ഗ്രൂപ്പിന്റെ തുടക്കം.

134 വര്‍ഷത്തെ പാരമ്പര്യമുള്ള ഗ്രൂപ്പിന് തുടക്കമിട്ടത് നൈനാന്‍ മത്തായി മുത്തൂറ്റാണ്. അദ്ദേഹത്തിന്റെ മകന്‍ എം. ജോര്‍ജ് മുത്തൂറ്റ്, 1939ല്‍ സുസജ്ജമായൊരു ബാങ്കിംഗ് സേവന രംഗത്തേക്ക് ഗ്രൂപ്പിനെ കൈപിടിച്ചുയര്‍ത്തി. ഇദ്ദേഹത്തിന്റെ മക്കളായ എം ജി ജോര്‍ജ് മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് എന്നിവര്‍ ഒറ്റക്കെട്ടായി നിന്നാണ് ഇന്നത്തെ മുത്തൂറ്റ് ഫിനാന്‍സ് പടുത്തുയര്‍ത്തിയത്. എം ജി ജോര്‍ജ് മുത്തൂറ്റിന്റെ വിയോഗത്തിന് ശേഷം ജോര്‍ജ് ജേക്കബ് മുത്തൂറ്റാണ് ചെയര്‍മാന്‍. ജോര്‍ജ് തോമസ് മുത്തൂറ്റ് ഡയറക്റ്ററും.



നാലാംതലമുറയും ബിസിനസിന്റെ നേതൃനിരയിലേക്ക് എത്തിക്കഴിഞ്ഞു. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, വെല്‍ത്ത് മാനേജ്മെന്റ്, മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ എക്സ്ചേഞ്ച്, സെക്യൂരിറ്റീസ്, മീഡിയ, വെഹിക്കിള്‍ ആന്‍ഡ് അസറ്റ് ഫിനാന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഹെല്‍ത്ത്കെയര്‍, ഹൗസിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, എഡ്യുക്കേഷന്‍, പവര്‍ ജനറേഷന്‍, ലീഷര്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി, വെഹിക്ക്ള്‍ ലോണ്‍, പ്ലാന്റേഷന്‍ ആന്‍ഡ് എസ്റ്റേറ്റ്സ്, പ്രഷ്യസ് മെറ്റല്‍സ്, ഹൗസിംഗ് ഫിനാന്‍സ്, ഓവര്‍സീസ് ഓപ്പറേഷന്‍സ്, പേഴ്സണല്‍ ലോണ്‍സ്, മൈക്രോ ഫിനാന്‍സ് എന്നിങ്ങനെ 20 വ്യത്യസ്ത ബിസിനസ് മേഖലകളില്‍ മുത്തൂറ്റ് ഗ്രൂപ്പുണ്ട്.

രാജ്യത്തിന്റെ മുക്കിലും മൂലയിലും അതിവിപുലമായ ബ്രാഞ്ച് വിന്യാസത്തോടെ കടന്നെത്തിയിരിക്കുന്ന മുത്തൂറ്റ് ടെക്നോളജി, ഡിജിറ്റല്‍ രംഗത്തും ഒരുപടി മുന്നിലായാണ് കടന്നുനില്‍ക്കുന്നത്. പത്ത് വര്‍ഷം മുമ്പേ ഗ്രൂപ്പില്‍ രൂപീകൃതമായ മുത്തൂറ്റ് സിസ്റ്റംസ് ആന്‍ഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എംസൈന്‍ (Esmyne) ആണ് ഗ്രൂപ്പിന് വേണ്ട കോര്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.

മുത്തൂറ്റ് ഗ്രൂപ്പിന്റെ ഐടി ഡിവിഷനായി തുടങ്ങിയ കമ്പനിക്ക് പുറമേനിന്നുള്ള ക്ലയന്റുകളുമുണ്ട്. പുതുതലമുറ ബാങ്കുകള്‍ക്കൊപ്പം നില്‍ക്കുന്ന മൊബീല്‍ ആപ്ലിക്കേഷനുകളും മുത്തൂറ്റിന് സ്വന്തം. വീട്ടുപടിക്കല്‍ സ്വര്‍ണപ്പണയ വായ്പ സേവനം എത്തിക്കുന്ന ലോണ്‍@ഹോം പോലുള്ള സംവിധാനങ്ങളും മുത്തൂറ്റ് ഫിനാന്‍സിനുണ്ട്.

സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനങ്ങളിലും മുത്തൂറ്റിന്റെ സ്ഥാനം വേറിട്ട് നില്‍ക്കുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 81 കോടി രൂപയാണ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ടായി ഗ്രൂപ്പ് വിനിയോഗിച്ചത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 98 കോടി രൂപ വിനിയോഗിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

2011ല്‍ മുത്തൂറ്റ് ഫിനാന്‍സ് ലിസ്റ്റ് ചെയ്യുമ്പോള്‍ ഓഹരി വില 164 രൂപയായിരുന്നു. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ വില 1640 രൂപയിലെത്തി, പത്തുമടങ്ങ് വര്‍ധന. ഇതോടൊപ്പം ഡിവിഡന്റായും മികച്ച നേട്ടം നിക്ഷേപകര്‍ക്ക് കമ്പനി നല്‍കിയിട്ടുണ്ട്.




ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയിലും ലണ്ടനിലും വരെ മുത്തൂറ്റ് ശാഖകളുണ്ട്. ഇന്ത്യന്‍ കുടുംബങ്ങളില്‍ 125 ലക്ഷം കോടി രൂപ മൂല്യമുള്ള 25000 ടണ്‍ സ്വര്‍ണമുണ്ടെന്നാണ് കണക്ക്. അതില്‍ വെറും 45 ശതമാനം മാത്രമാണ് സ്വര്‍ണ്ണപ്പണയത്തിന്റെ രൂപത്തിലൊക്കെ ക്രിയാത്മകമായി വിനിയോഗിക്കപ്പെടുന്നുള്ളൂ.

സംഘടിത സ്വര്‍ണപ്പണയ വിപണി ഏകദേശം നാല് ലക്ഷം കോടി രൂപയുടേതാണ്. അതായത് ഇനിയും സ്വര്‍ണപ്പണയ രംഗത്തേക്ക് മറ്റ് ക്രിയാത്മക സാമ്പത്തിക പ്രവര്‍ത്തനങ്ങളിലേക്കും വരാത്ത നിഷ്‌ക്രിയ സ്വര്‍ണത്തിന്റെ ഖനി തന്നെയാണ് ഇന്ത്യയിലുള്ളത്. ഇത് തന്നെയാണ് മുത്തൂറ്റ് ഫിന്‍സിന് മുന്നിലെ അവസരവും.




മുത്തൂറ്റ് ഗ്രൂപ്പിലെ പ്രധാന ഉപകമ്പനികള്‍

1. മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്

പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലൈഫ്, നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നു.

2. മുത്തൂറ്റ് ഹോംഫിന്‍ (ഇന്ത്യ) ലിമിറ്റഡ്

നാഷണല്‍ ഹൗസിംഗ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനി. ലോവര്‍ മിഡില്‍ ഇന്‍കം കുടുംബങ്ങള്‍ക്കായുള്ള ഭവനവായ്പാ രംഗത്ത് പ്രവര്‍ത്തിക്കുന്നു.

3. ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് ലിമിറ്റഡ്

എന്‍ബിഎഫ്സി എംഎഫ്ഐ കമ്പനിയാണിത്. മുത്തൂറ്റ് ഫിനാന്‍സിന് 70.01 ശതമാനം ഓഹരി പങ്കാളിത്തം. 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും സാന്നിധ്യം.

4. ഏഷ്യ അസറ്റ് ഫിനാന്‍സ് പിഎല്‍സി, ശ്രീലങ്ക

ശ്രീലങ്കയില്‍ കൊളംബോ ആസ്ഥാനമായുള്ള എഎഎഫ് മുത്തൂറ്റ് ഫിനാന്‍സിന്റെ വിദേശത്തുള്ള ഉപകമ്പനിയാണ്. 72.92 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. റീറ്റെയ്ല്‍ ഫിനാന്‍സ്, ഹയര്‍ പര്‍ച്ചേസ്, ബിസിനസ് ലോണ്‍സ് തുടങ്ങിയ രംഗത്ത് പ്രവര്‍ത്തിക്കുന്ന കൊളംബോ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണിത്. ഗോള്‍ഡ് ലോണ്‍ രംഗത്തുമുണ്ട്.

5. മുത്തൂറ്റ് മണി ലിമിറ്റഡ്

വെഹിക്കിള്‍ ലോണ്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍ബിഎഫ്സി. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. കോമേഴ്സ്യല്‍ വെഹിക്കള്‍സ്, എക്വിപ്മെന്റുകള്‍ എന്നിവയ്ക്കും വായ്പ നല്‍കുന്നു.