22 Dec 2022 6:30 AM GMT
Summary
- ഇന്ത്യയുടെ റബ്ബര്‍ ഉത്പാദനത്തിന്റെ 80 ശതമാനവും കേരളത്തിലാണ്
കോട്ടയം: റബ്ബര്‍, സ്‌പൈസസ്, ടീ ബോര്‍ഡുകള്‍ ആവശ്യമില്ലെന്ന് നിതി ആയോഗ്. കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ റബ്ബര്‍ കര്‍ഷകരും റബ്ബര്‍ വ്യാപാര മേഖലയും ആശങ്കയിലായി. സാമ്പത്തികം, ഉത്പാദനം, വിപണനം, പരിശീലനം, പുതിയ കൃഷിരീതികള്‍, മൂല്ല്യവര്‍ധിത ഉത്പന്നങ്ങള്‍ കണ്ടെത്തുന്നതിനായുള്ള സഹായങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്ന റബ്ബര്‍ ബോര്‍ഡ് ഇല്ലാതായാല്‍ സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാകും.
ഇന്ത്യയുടെ റബ്ബര്‍ ഉത്പാദനത്തിന്റെ 80 ശതമാനവും കേരളത്തിലാണ്. ഇതില്‍ തന്നെ കോട്ടയം, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പത്തനംതിട്ട എന്നിവിടങ്ങളിലാണ് റബ്ബര്‍ ഉത്പാദനം കൂടുതല്‍ നടക്കുന്നത്. സംസ്ഥാനത്ത റബ്ബര്‍ മേഖലയില്‍ നാലു ലക്ഷത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും സഹായങ്ങളുമാണ് റബര്‍ ബോര്‍ഡ് നല്‍കിവരുന്നത്.
കൂടാതെ, ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും മറ്റും കര്‍ഷകരെ രക്ഷിക്കുന്നതിനുള്ള നടപടികളും ബോര്‍ഡ് സ്വീകരിച്ചുവരുന്നു. അതിനാല്‍ തന്നെ ബോര്‍ഡിന്റെ നിലനില്‍പ്പ് ഇല്ലാതായാല്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരിക ചെറുകിട കര്‍ഷകരായിരിക്കും. നിലവില്‍ 91 ശതമാനം റബ്ബര്‍ കൃഷിയും 92 ശതമാനം ഉത്പാദനവും നടക്കുന്നത് ചെറുകിട മേഖലകളില്‍ നിന്നാണ്.