image

27 April 2023 2:30 PM GMT

Kerala

സർക്കാർ കമ്പനികൾക്ക് മാതൃകയായി പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപ്പറേഷൻ

C L Jose

സർക്കാർ കമ്പനികൾക്ക് മാതൃകയായി പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപ്പറേഷൻ
X

Summary

  • സർക്കാർ ഉടമസ്ഥതയിലുള്ള രണ്ട് എൻബിഎഫ്സി-കളുടെ കഥ
  • കെടിഡിഎഫ്‌സി-യുടെ മുഖമുദ്ര തന്നെ കമ്പനി വർഷം തോറും ഉണ്ടാക്കുന്ന നഷ്ടമാണ്
  • KSPIFCയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഒരു ചെറിയ സംഘം ഓഫീസർമാർ
  • ഒമ്പത് മാസത്തേക്ക് കമ്പനിയുടെ ലാഭം 6 കോടി രൂപ


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് കൂട്ടത്തോടെ ചോർത്തുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ കേരള സ്റ്റേറ്റ് പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിനെ (കെഎസ്‌പിഐഎഫ്‌സിഎൽ; KSPIFCL) ഒരു മാതൃകയാക്കിയാൽ നന്നായിരുന്നു.

സ്ഥിരമായി നഷ്ട്ടം വരുത്തുന്ന മറ്റു സർക്കാർ നിയന്ത്രിത കമ്പനികളിൽ നിന്ന് പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് കെഎസ്‌പിഐഎഫ്‌സി വേറിട്ടുനിൽക്കുന്നത്. ഒന്ന്, ഈ സർക്കാർ സ്ഥാപനം സ്ഥിരമായി ലാഭം ഉണ്ടാക്കുന്നുവെന്നത് തന്നെ; രണ്ടാമത്തെ കാര്യം, കമ്പനിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഒരു ചെറിയ ടീമാണെന്നതിനാൽ അനാവശ്യമായ പ്രവർത്തനച്ചെലവുകൾ ഇല്ലായെന്നതും.

2022 ഡിസംബറിൽ അവസാനിച്ച ഒമ്പത് മാസത്തേക്ക് കമ്പനി നേടിയത് 6 കോടി രൂപ ലാഭമാണ്. കൂടാതെ 2022 മാർച്ച് വരെ കമ്പനിക്ക് 80 ശതമാനത്തിന് മുകളിൽ വളരെ ആരോഗ്യകരമായ മൂലധന പര്യാപ്തത (CAR) യുണ്ട്..

പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപ്പറേഷന് 10 ജീവനക്കാർ മാത്രമുള്ള ചെറിയ ഒരു ഓഫീസ് ഘടനയാനുള്ളത്. മാനേജിംഗ് ഡയറക്ടറുടെ മേൽനോട്ടത്തിൽ കമ്പനി സെക്രട്ടറിയും ചീഫ് ഫിനാൻഷ്യൽ ഓഫീസറും (സിഎഫ്‌ഒ) കൂടിയാണ് ദൈനംദിന പ്രവർത്തനങ്ങൾ മുഴുവൻ നടത്തുന്നത്.

എന്നാൽ, സമാന രീതിയിലുള്ള സർക്കാരിന്റെ മറ്റൊരു ധനകാര്യ കമ്പനിയായ കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (കെടിഡിഎഫ്‌സി) പ്രവർത്തനം ഇതിനു തികച്ചും വിരുദ്ധമാണ്; കെടിഡിഎഫ്‌സി-യുടെ മുഖമുദ്ര തന്നെ കമ്പനി വർഷം തോറും ഉണ്ടാക്കുന്ന നഷ്ടമാണ്.

വ്യക്തമായി പറഞ്ഞാൽ, കാലാവധി കഴിഞ്ഞിട്ടും തങ്ങളുടെ നിക്ഷേപങ്ങൾ തിരികെ നൽകുന്നതിൽ പരാജയപ്പെട്ടതിന് കെടിഡിഎഫ്‌സിയുടെ നിക്ഷേപകർ കമ്പനിയ്‌ക്കെതിരെ ആയുധമെടുക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ.

ഗവൺമെന്റ് ഗ്യാരണ്ടി ഉണ്ടായിട്ടും തങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം എപ്പോഴെങ്കിലും തിരികെ ലഭിക്കുമോ എന്ന് അതിലെ നിക്ഷേപകർ സംശയിക്കുന്നു.

സമാനമായ കമ്പനികൾ

കേരള സർക്കാർ ഉടമസ്ഥതയിലുള്ള രണ്ട് യൂട്ടിലിറ്റികളുടെ - കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ന്റെയും, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ( KSEB Ltd) ന്റെയും - ധനസഹായ ആവശ്യങ്ങൾക്കായി സ്ഥാപിതമായതിനാൽ യഥാക്രമം ഈ രണ്ട് കമ്പനികളും KTDFC യും KSPIFCL യും തമ്മിൽ സമാനതകൾ ഉണ്ട്. .

നേരത്തെ റിപ്പോർട്ട് ചെയ്തത് പോലെ, കെ‌ടി‌ഡി‌എഫ്‌സിയുടെ പരാജയത്തിന്റെ പ്രധാന കാരണം കെ‌എസ്‌ആർ‌ടി‌സിക്ക് എൻ‌പി‌എയായി മാറിയ വലിയ വായ്പയാണ്. ഏകദേശ കണക്കുകൾ പ്രകാരം, ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഏകദേശം 800 കോടി രൂപ KTDFC-ക്ക് നൽകാനുണ്ട്, എല്ലാവർക്കും അറിയാവുന്നതുപോലെ, KSRTC ഈ കുടിശ്ശിക സമീപ ഭാവിയിലൊന്നും അടച്ചു തീർക്കാൻ സാധ്യതയില്ല.

KSPIFC-യുടെ ബിസിനസ് മോഡൽ

കെഎസ്ഇബിഎല്ലിന്റെ വൈദ്യുത ഘടക വിതരണക്കാർക്ക് കെഎസ്പിഐഎഫ്സി ഹ്രസ്വകാല വായ്പകളിലൂടെയും പ്രവർത്തന മൂലധന വായ്പകളിലൂടെയും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യാറുണ്ട്.

ഇത്തരം ഹ്രസ്വകാല വായ്പകൾക്ക്, KSPIFCL യും KSEBL ഉം ഏജൻസി ഫോർ നോൺ കൺവെൻഷണൽ എനർജി ആൻഡ് റൂറൽ ടെക്നോളജി (ANERT) ഉം ഉപഭോക്താവും തമ്മിലുള്ള ത്രികക്ഷി ഉടമ്പടി വഴി ഉപഭോക്താക്കളിൽ നിന്നുള്ള തിരിച്ചടവ് ഉറപ്പാക്കുന്നു.

കെഎസ്‌ഇബിഎല്ലിൽ നിന്ന് കെഎസ്‌പിഐഎഫ്‌സിഎല്ലിന് നേരിട്ട് പണമടയ്ക്കുന്നുവെന്നും, അധിക ഫണ്ട്, ജോലി പൂർത്തിയാകുമ്പോൾ ഉപഭോക്താക്കൾക്ക് തിരികെ നൽകുമെന്നും ത്രികക്ഷി കരാർ ഉറപ്പാക്കുന്നു. മറ്റ് സർക്കാർ സ്ഥാപനങ്ങളുമായുള്ള ഓർഡറുകൾക്കായി, കമ്പനിയിലേക്കുള്ള പേയ്‌മെന്റുകൾ നടത്തുന്ന ഒരു എസ്‌ക്രോ അക്കൗണ്ട് KSPIFCL സജ്ജമാക്കുന്നു.

കേരള സർക്കാരും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡും (കെഎസ്ഇബിഎൽ) പ്രധാനമായും വൈദ്യുതി പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനാണ് കെപിഎഫ്സിഎൽ രൂപീകരിച്ചത്.

എന്നാൽ, പിന്നീട് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് കേരള സർക്കാർ അനുമതി നൽകുകയും KPFCL ന്റെ പേര് KSPIFCL എന്ന് മാറ്റുകയും NBFC ആയി രജിസ്റ്റർ ചെയ്യുകയും ചെയ്തു.

2022 മാർച്ച് 31 വരെ കെഎസ്‌പിഐഎഫ്‌സിഎല്ലിന്റെ 59 ശതമാനം ഇക്വിറ്റി കേരള സർക്കാരും ബാക്കി 41 ശതമാനം കെഎസ്‌ഇബിഎല്ലിന്റെ കൈവശവുമാണ്.