13 Feb 2023 12:38 PM GMT
സമുദ്രമത്സ്യബന്ധനം സുസ്ഥിരമാക്കാനുള്ള ചർച്ചകൾക്ക് വഴിതുറന്ന് കൊച്ചിയിൽ ആഗോള സംഗമം
Niyam Thattari
Summary
- സമുദ്ര ശാസ്ത്രജ്ഞർ, നയൂരൂപീകരണ വിദഗ്ധർ, നയതന്ത്രജ്ഞർ, ഗവേഷകർ, വ്യവസായികൾ തുടങ്ങിയവരാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
- മീൻപിടുത്തരംഗത്ത് പ്രകൃതി-സൗഹൃദരീതികൾ നടപ്പാക്കുന്നത് ചർച്ച ചെയ്യും.
കൊച്ചി: കാലാവസ്ഥാവ്യതിയാനം, സമുദ്ര മലിനീകരണം, മത്സ്യസമ്പത്തിലെ കുറവ്, മത്സ്യ ആവാസവ്യവസ്ഥയുടെ നശീകരണം എന്നിവയുടെ പശ്ചാത്തലത്തിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സുസ്ഥിരപദ്ധതികൾ ചർച്ച ചെയ്യുന്നതിനുള്ള രാജ്യാന്തര സമ്മേളനവും വ്യാവസായിക എക്‌സപോയും കൊച്ചിയിൽ തുടങ്ങി. കേന്ദ്ര ഫിഷറീസ് വകുപ്പ് സെക്രട്ടറി ജതീന്ദ്രനാഥ് സൈ്വൻ (Jatindra Nath Swain) ഉദ്ഘാടനം ചെയ്തു. സമ്മേളനം 17ന് സമാപിക്കും.
കടലിന്റെ വൈവിധ്യമായ സാധ്യതകൾ പ്രയോജനപ്പെടുത്തി ബ്ലൂ ഇക്കോണമി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ഇതിനായി, ആഴക്കടൽ മത്സ്യബന്ധനം, മാരികൾച്ചർ (സമുദ്രജലകൃഷി), കടലിൽ കൃത്രിമ മത്സ്യആവാവസവ്യവസ്ഥ സ്ഥാപിക്കൽ എന്നീ രംഗത്ത് കൂടുതൽ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ടെന്നും ,വരുമാനവർധനവിനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നതെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് സെക്രട്ടറി പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമുദ്ര ശാസ്ത്രജ്ഞർ, നയൂരൂപീകരണ വിദഗ്ധർ, നയതന്ത്രജ്ഞർ, ഗവേഷകർ, വ്യവസായികൾ തുടങ്ങിയവരാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള ഭക്ഷ്യ കാർഷിക സംഘടന (എഫ്.എ.ഒ.), അന്താരാഷ്ട്ര സമുദ്രപര്യവേക്ഷണ സമിതി (ഐ.സി.ഇ.എസ്.) എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത വർകിംഗ് ഗ്രൂപ്പിന്റെ 23-ാമത് വാർഷികയോഗത്തിന്റെ ഭാഗമാണ് സമ്മേളനം. ഇത്തവണ, കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ത്യയാണ് സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. കേന്ദ്ര ഫിഷറീസ് വകുപ്പിന് കീഴിലുള്ള നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ്(എൻഎഫ്ഡിബി), ബേ ഓഫ് ബംഗാൾ പ്രോഗ്രാം (ബിഒബിപി), ഭാരതീയ കാർഷകി ഗവേഷണ സ്ഥാപനം (ഐസിഎആർ) എന്നിവരാണ് മുഖ്യ സംഘാടകർ.
കാലാവസ്ഥാവ്യതിയാനം, സമുദ്ര മലിനീകരണം, മത്സ്യസമ്പത്തിലെ കുറവ്, മത്സ്യ ആവാസവ്യവസ്ഥയുടെ നശീകരണം എന്നിവയുടെ പശ്ചാത്തലത്തിൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സുസ്ഥിരപദ്ധതികൾ ആവിഷ്‌കരിക്കുക ലക്ഷ്യം.
മീൻപിടുത്തരംഗത്ത് പ്രകൃതി-സൗഹൃദരീതികൾ, ഹരിതഗൃഹവാതകങ്ങൾ കുറയ്ക്കാനുള്ള വഴികൾ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാണ്.
ഇന്ത്യയുടെ സമുദ്രമത്സ്യമേഖലയുമായി ബന്ധപ്പെട്ട ഗവേഷണ-വികസന പദ്ധതികളും സാധ്യതകളും ഭാരതീയ കാർഷിക ഗവേഷണ കേന്ദ്രം (ഐസിഎആർ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ ജെ കെ ജെന, കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ ജെ ബാലാജി എന്നിവർ അവതരിപ്പിച്ചു.
എഫ് എ ഒ ഫിഷറി ഇൻഡസ്ട്രി ഓഫീസർ ജോനാഥൻ ലൻസ്‌ലി, ഐ സി ഇ എസ് ശാസ്ത്രജ്ഞൻ ഡോ ഡാനിയേൽ സ്ടെപ്യൂടിസ്, എൻ എഫ് ഡി ബി ചീഫ് എക്സിക്യൂട്ടീവ് ഡോ സി സുവർണ, CMFRI Director ഡോ എ ഗോപാലകൃഷ്ണൻ, ബി ഒ ബി പി ഡയറക്ടർ ഡോ പി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
30 രാജ്യങ്ങളിൽ നിന്നായി 250 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ മത്സ്യബന്ധന സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട് 80ലധികം പ്രബന്ധങ്ങളാണഅ അവതരിപ്പിക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് അഞ്ച് പ്രത്യേക ചർച്ചാവേദികളും സമാന്തരമായി നടക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിന്റെ അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ സ്ഥിരം കൂട്ടായ്മ രൂപപ്പെടുത്തുന്നതിനുള്ള പാനൽ ചർച്ച, കടലിൽ കൃത്രിമ മത്സ്യആവാസകേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സംവാദം എന്നിവ ഇതിൽപെടും. കൂടാതെ, മേഖലയിലെ വ്യവസായ പ്രതിനിധികളുമായുള്ള ആശയവിനിമയവും നടത്തും.
സിഎംഎഫ്ആർഐ, സിഐഎഫ്ടി, കുഫോസ് തുടങ്ങിയ സ്ഥാപനങ്ങളും സമ്മേളന നടത്തിപ്പിന്റെ ഭാഗമാണ്.