6 Dec 2022 5:30 AM
Summary
- 120 ദിവസം നീണ്ട് നില്‍ക്കുന്ന ബിനാലെ ഏപ്രില്‍ 20 ന് അവസാനിക്കും
കൊച്ചിയില്‍ അടുത്ത ബിനാലെ കാലം ആരംഭിക്കുകയാണ്. കൊവിഡ് മൂലം നീട്ടിവച്ച കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഈ മാസം 12 ന് തിരി തെളിയുകയാണ്. കൊച്ചി ബിനാലെയുടെ പത്താം വാര്‍ഷികമാണ് ഇത്തവണത്തേതെന്ന പ്രത്യേകതയുമുണ്ട്. ബിനാലെയുടെ അഞ്ചാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 120 ദിവസം നീണ്ട് നില്‍ക്കുന്ന ബിനാലെ ഏപ്രില്‍ 20 ന് അവസാനിക്കും. സിംഗപ്പൂരില്‍നിന്നുള്ള ആര്‍ട്ടിസ്റ്റ് ഷുബിഗി റാവുവാണ് ബിനാലെയുടെ ക്യുറേറ്റര്‍.
ഞങ്ങളുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയുമെന്നതാണ് അഞ്ചാം പതിപ്പിന്റെ പ്രമേയം. ഇരുന്നൂറിലേറെ കലാസ്ഷ്ടിയാണ് ബിനാലെയ്ക്കായി ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 90 കലാകരന്മാരാണ് ബിനാലെയില്‍ മാറ്റുരയ്ക്കുന്നത്.
ഫോര്‍ട്ട് കൊച്ചി മുതല്‍ മട്ടാഞ്ചേരി വരെയായി 13 വേദികളാണുള്ളത്. ഫോര്‍ട്ട്കൊച്ചിയിലെ ആസ്പിന്‍ വാള്‍ ഹൗസ്, പെപ്പര്‍ ഹൗസ്, ആനന്ദ് വെയര്‍ ഹൗസ്, എറണാകുളത്തെ ആര്‍ട്ട് ഗാലറി, ദര്‍ബാര്‍ ഹാള്‍ എന്നിവയാണ് പ്രധാന വേദികള്‍. കോവിഡ് ഇടവേളയ്ക്ക് ശേഷമെത്തുന്ന കൊച്ചി മുസിരിസ് ബിനാലെയ്ക്ക് വന്‍ അന്വേഷണം ലഭിക്കുന്നതായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സ്ഥാപകനും പ്രസിഡന്റുമായ ബോസ് കൃഷ്ണാചാരി വ്യക്തമാക്കി. രാവിലെ പത്ത് മുതല്‍ വൈകീട്ട് ഏഴ് വരെയായിരിക്കും ബിനാലെയിലേയക്കുള്ള പ്രവേശന സമയം.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കൊച്ചി മേയറുടെ അദ്ധ്യക്ഷതയില്‍ എംഎല്‍എ കെ ജെ മാക്സി, ജില്ലാ കളക്ടര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ ശേഷം നടക്കുന്ന ഈ വര്‍ഷത്ത ബിനാലെ കൊച്ചിയുടെ ടൂറിസം രംഗത്ത് വലിയ ഉണര്‍വ്വ് പകരുമെന്നാണ് വിലയിരുത്തുന്നത്.
ബിനാലെ മൂന്ന് മാസത്തോളം നീളുമെങ്കിലും പുതുവര്‍ഷാരംഭം വരെയുളള ദിവസങ്ങളിലാണ് വലിയ ജനതിരക്ക് പ്രതീക്ഷിക്കുന്നത്. ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ ബിനാലെയിലൂടെ കൊച്ചിയെ തേടിയെത്തുന്ന പ്രതീക്ഷയിലാണ് കൊച്ചിയിലെ വ്യാപാര സമൂഹം.