image

25 April 2023 1:30 PM GMT

Kerala

FY23- ആദ്യ പകുതിയിൽ ലേക് ഷോർ ആശുപത്രി നേടിയത് 32 കോടി രൂപ ലാഭം

C L Jose

FY23- ആദ്യ പകുതിയിൽ ലേക് ഷോർ ആശുപത്രി നേടിയത് 32 കോടി രൂപ ലാഭം
X

Summary

  • ലേക് ഷോർ ഹോസ്പിറ്റലിന്റെ 42.62 ശതമാനം ഓഹരി ഡോ. വി പി ഷംഷീറിന്റെ കൈവശമാണ്
  • ആദ്യ പകുതിയിലെ പ്രവർത്തന വരുമാനം 206.55 കോടി രൂപ
  • 2022 മാർച്ച് 31 ലെ കണക്കനുസരിച്ച് 254 ഡോക്ടർമാർ ഇവിടെയുണ്ട്


കൊച്ചി: സംസ്ഥാനത്തിന്റെ ആരോഗ്യ സംരക്ഷണ മേഖലയിൽ നിരവധി പ്രശസ്തമായ ആശുപത്രി ശൃംഖലകളുള്ള കൊച്ചിക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ആസ്റ്റർ മെഡ്‌സിറ്റി, മെഡിക്കൽ ട്രസ്റ്, മെഡിക്കൽ സെന്റർ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, രാജഗിരി ഹോസ്പിറ്റൽസ്, ലിസ്സി ഹോസ്പിറ്റൽസ്, എന്നിങ്ങനെ ആധുനിക സൗകര്യങ്ങളുള്ള നിരവധി പ്രശസ്ത ആശുപത്രികളാണ് നഗരത്തിൽ പ്രവർത്തിച്ചു വരുന്നത്. വർദ്ധിച്ചുവരുന്ന ഈ മത്സരത്തിനിടയിലും ലേക് ഷോർ ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് സെന്റർ (LHRC) 2022-23 ആദ്യ പകുതിയിൽ (FY23, H1).32.31 കോടി രൂപയുടെ അറ്റാദായം നേടി.

2021-22 (FY22) ലെ ലേക്‌ഷോറിന്റെ മുഴുവൻ വർഷത്തെ അറ്റാദായം 42.92 കോടി രൂപയും അതിനും മുൻപ് 2020-21-ൽ മുഴുവൻ വർഷത്തിലേത് കേവലം 7.76 കോടി രൂപയും ആയിരുന്നതിനാൽ ആറ് മാസം കൊണ്ട് നേടിയ ഈ ലാഭം ഒരു മികച്ച പ്രകടനമായി വിദഗ്ധർ കാണുന്നു.

2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ലേക്‌ഷോറിന്റെ മൊത്തത്തിലുള്ള പ്രവർത്തന വരുമാനം 206.55 കോടി രൂപയായി കണക്കാക്കുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ അത് മൊത്തം 358.47 കോടിയും 2020-21 മുഴുവൻ വര്ഷം അത് 242.31 കോടി രൂപയുമായിരുന്നു.

2022 മാർച്ച് 31 ലെ കണക്കനുസരിച്ച് 254 ഡോക്ടർമാരും 729 നഴ്‌സിംഗ് സ്റ്റാഫും 450-ലധികം മെഡിക്കൽ സപ്പോർട്ട് സ്റ്റാഫും 429 സപ്പോർട്ട് സ്റ്റാഫും അടങ്ങുന്ന ഒരു വലിയ സംഘം ആശുപത്രിയിലുണ്ട്.

റേറ്റിംഗ് നവീകരിച്ചു

അതിനിടയിൽ, കെയർ റേറ്റിംഗ്സ് 2022 ഡിസംബറിൽ ലേക് ഷോറിന്റെ 81.69 കോടി രൂപയുടെ ബാങ്ക് ഫസിലിറ്റീസ്ന്റെ റേറ്റിംഗ്സ് ഉയർത്തി.

ഇങ്ങനെ മുകളിലേക്കുള്ള പരിഷ്‌കരണം 2022 സാമ്പത്തിക വർഷത്തിലെ ലേക്‌ഷോറിന്റെ ശക്തമായ പ്രവർത്തനവും ലാഭക്ഷമതയുമാണെന്നും അതിലും പ്രധാനമായി 2022 സെപ്റ്റംബർ 30 ന് അവസാനിച്ച FY23യുടെ ആദ്യ ആറുമാസ കാലയളവിലെ മെച്ചപ്പെട്ട പ്രകടനമാണെന്നും ഏജൻസി പറഞ്ഞു.

ലേക് ഷോർ ഹോസ്പിറ്റലിന്റെ 42.62 ശതമാനം ഓഹരി കൈവശമുള്ള ഡോ.വി.പി ഷംഷീറാണ് കമ്പനിയുടെ ചെയർമാൻ.

വിപിഎസ് ഹെൽത്ത് കെയർ

2007-ൽ മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പ്രവർത്തനങ്ങളുമായി ഡോ. ഷംഷീർ വിപിഎസ് ഹെൽത്ത്‌കെയർ ഗ്രൂപ്പ് (VPS Healthcare) സ്ഥാപിച്ചു.

24 ആശുപത്രികളും 125-ലധികം മെഡിക്കൽ സെന്ററുകളും 15,000 ജീവനക്കാരും ഏകദേശം 1,700 ഡോക്ടർമാരുൾപ്പെടെ വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മെഡിക്കൽ സപ്പോർട്ട് സേവനങ്ങളുമുള്ള ഒരു സംയോജിത ആരോഗ്യ സേവന ദാതാവാണ് വിപിഎസ് ഹെൽത്ത്‌കെയർ.

കൊച്ചിയിൽ വർധിച്ചു വരുന്ന മത്സരം

സമീപത്തെ ആശുപത്രികൾ താരതമ്യേന കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകുന്നതിനാൽ ഈ മേഖലയിൽ മത്സരം നിലനിൽക്കുന്നുണ്ടെന്ന് കെയർ റേറ്റിംഗ് ഏജൻസി അംഗീകരിച്ചു.

"2021 സാമ്പത്തിക വർഷത്തിൽ അവസാനിച്ച മൂന്ന് വർഷങ്ങളിൽ ലേക് ഷോറിന്റെ ഒക്യുപ്പൻസി (occupancy) ലെവലുകൾ 40 ശതമാനം മുതൽ 65 ശതമാനം വരെ മിതമായ നിലയിലായിരിക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്,” ഏജൻസി അഭിപ്രായപ്പെട്ടു.

വരുമാനത്തിലെ വൈവിധ്യം

കോഴിക്കോട്ട് ഒരു മെഡിക്കൽ സെന്റർ ആരംഭിച്ച് ലേക് ഷോർ മാനേജ്മെന്റ് അതിന്റെ പ്രവർത്തനങ്ങൾ ചെറുതായി വൈവിധ്യവൽക്കരിച്ചിട്ടുണ്ട്. എന്നിരുന്നാലും, വരുമാനത്തിന്റെ 95 ശതമാനത്തിലധികം ഇപ്പോഴും കൊച്ചിയിലെ ആശുപത്രിയുടെ സംഭാവനയാണ്.