image

3 Jan 2023 12:27 PM GMT

News

നാലാം പാദത്തില്‍ കേരളത്തിന് 10,003 കോടി രൂപ കൂടി ബോണ്ട് വഴി ശേഖരിക്കാം

C L Jose

kerala bonds
X

Summary

  • 2022 ഡിസംബര്‍ അവസാനം വരെയുള്ള ആദ്യ മൂന്ന് പാദങ്ങളില്‍ എസ്ഡിഎല്‍ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സെക്യൂരിറ്റി (എസ്ജിഎസ്) വഴി കേരളം 12,436 കോടി രൂപ കടമെടുത്തു.


തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കുന്നത് സംബന്ധിച്ച് ആര്‍ബിഐയുടെ 'ബോറോയിംഗ് കലണ്ടര്‍' പ്രകാരം ഈ വര്‍ഷം മാര്‍ച്ച് 31 നകം (നാലാം പാദം) കേരളം 10,003 കോടി രൂപ കൂടി കേരളത്തിന് ബോണ്ടുകള്‍ ഇറക്കി ശേഖരിക്കാം. ആര്‍ബിഐ കലണ്ടര്‍ അനുസരിച്ച് ജനുവരിയില്‍ 6,603, ഫെബ്രുവരിയില്‍ 1,900, മാര്‍ച്ചില്‍ 1,500 കോടി എന്നിങ്ങനെയാണ് സ്റ്റേറ്റ് ഡെവലപ്പ്മെന്റ് ലോണുകളിലൂടെ (എസ്ഡിഎല്‍) സമാഹരിക്കാവുന്നത്.

കേന്ദ്ര പൂള്‍, എല്‍ഐസി, ബാങ്കുകള്‍, പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) മുതലായവ ഉള്‍പ്പെടെ സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള മാര്‍ഗങ്ങള്‍ പലതുണ്ടെങ്കിലും, ബോണ്ടുകളിലൂടെയാണ് സംസ്ഥാനങ്ങള്‍ പൊതുവേ വായ്പകള്‍ കൂടുതലായും എടുക്കുന്നത്. 2022 ഡിസംബര്‍ അവസാനം വരെയുള്ള ആദ്യ മൂന്ന് പാദങ്ങളില്‍ എസ്ഡിഎല്‍ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സെക്യൂരിറ്റി (എസ്ജിഎസ്) വഴി കേരളം 12,436 കോടി രൂപ കടമെടുത്തു.

അതിനാല്‍, നടപ്പ് സാമ്പത്തിക വര്‍ഷം എസ്ഡിഎല്‍ വഴിയുള്ള കേരളത്തിന്റെ മൊത്തം വായ്പകള്‍ 22,439 കോടി രൂപയായി ഉയരും. കേരളത്തിന്റെ കാര്യത്തില്‍, നടപ്പ് സാമ്പത്തിക വര്‍ഷം 46,500 കോടി രൂപയ്ക്ക് അടുത്ത് (മൊത്തം) കടമെടുക്കുമെന്ന് ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അത് 40,000 കോടിയില്‍ താഴെയായി ചുരുക്കേണ്ടിവന്നു. ഇത് കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരമാണ് ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

എന്നാല്‍, നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ 19,888 കോടി രൂപയാണ് സംസ്ഥാനം കടമെടുത്തത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേകാലയളവില്‍ ഇത് 41,773 കോടി രൂപയായിരുന്നു. കടമെടുക്കല്‍ വെട്ടിക്കുറച്ചത് സംസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തിയേക്കുമെന്ന് ആശങ്ക സര്‍ക്കാരിനുണ്ടായിരുന്നു. എന്നിരുന്നാലും ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ കുറവാണെങ്കിലും, ഈ വര്‍ഷത്തെ വരുമാനം പ്രതീക്ഷിച്ചതിലും അധികം ലഭിച്ചത് സര്‍ക്കാരിന് ആശ്വാസമായി.

നവംബര്‍ അവസാനത്തോടെ, സംസ്ഥാനത്തിന്റെ മൊത്തം വരുമാനം 81,736.62 കോടി രൂപയില്‍ എത്തിയിരുന്നു. നവംബര്‍ അവസാനം വരെയുള്ള കാലയളവില്‍ സംസ്ഥാനത്തിന്റെ നികുതി വരുമാനം മുന്‍വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 15,000 കോടി രൂപ വര്‍ധിച്ച് 55,752 കോടി രൂപയായി.