image

16 Jan 2023 6:30 AM GMT

Automobile

പിടിച്ചു നിര്‍ത്താനാവാതെ ഇലക്ട്രിക് സ്‌കൂട്ടര്‍: കേരളത്തില്‍ കഴിഞ്ഞവര്‍ഷം വിറ്റഴിച്ചത് നാല് ലക്ഷം

Kozhikode Bureau

പിടിച്ചു നിര്‍ത്താനാവാതെ ഇലക്ട്രിക് സ്‌കൂട്ടര്‍: കേരളത്തില്‍ കഴിഞ്ഞവര്‍ഷം വിറ്റഴിച്ചത് നാല് ലക്ഷം
X

Summary

  • സ്ത്രീകള്‍ക്ക് കുറച്ചുകൂടി സൗകര്യ പ്രദമാണ് ഇലക്ട്രിക് വാഹനങ്ങള്‍. ചെറുപ്പക്കാരിലും ആവശ്യക്കാര്‍ കൂടുന്നുണ്ട്


ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രിയമേറിയതോടെ സംസ്ഥാനത്തെ വില്‍പ്പനയിലും കുതിപ്പ്. കഴിഞ്ഞവര്‍ഷം നാല് ലക്ഷത്തോളം ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. ഒല, ഏഥര്‍, ഹീറോ ഇലക്ട്രിക് എന്നീ കമ്പനികളാണ് വില്‍പ്പനയില്‍ മുന്നില്‍. പരിമിതികളും ഉണ്ടെങ്കിലും ചെറിയ യാത്രകള്‍ക്ക് ഏറെ പ്രയോജനമായതിനാല്‍ പ്രായവ്യത്യാസമില്ലാതെയാണ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്നത്.

ചുരുങ്ങിയ ചെലവില്‍ നാലോ അഞ്ചോ മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരപരിധി പലകമ്പനികളും വാഗ്ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ പെട്രോളിന്റെ വില വര്‍ധനവിനെ ചെറുത്തുനില്‍ക്കാനുള്ള നല്ല മാര്‍ഗമായി ഇലക്ട്രിക് വാഹനങ്ങളെ പലരും ഏറ്റെടുക്കുന്നു.

''2021 ജൂലൈയിലാണ് ഏഥര്‍ ഇവിടേക്ക് വരുന്നത്. അന്ന് കോഴിക്കോട് 100-150 യൂണിറ്റുകളായിരുന്നു കോഴിക്കോട് ഷോറൂമില്‍നിന്ന് വിറ്റിരുന്നത്. ഇപ്പോള്‍ അതില്‍ നിന്നൊക്കെ കൂടി 2,500 ന് മുകളിലെത്തി. കേരളത്തില്‍ നല്ല രീതിയിലുള്ള സ്വീകാര്യത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞമാസം ഏഥറിന്റെ 1500 ഓളം യൂണിറ്റുകള്‍ വിറ്റു. സ്‌കൂട്ടറിന്റെ ലഭ്യതയുടെ പ്രശ്‌നമല്ലാതെ ബുക്കിംഗിന് കുറവൊന്നുമില്ല,'' ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ കോഴിക്കോട്ടെ ഡീലറായ ക്രക്‌സ് മൊബിലിറ്റിയിലെ സെയില്‍സ് മാനേജര്‍ അരുണ്‍ ലാല്‍ മൈഫിന്‍ പോയ്ന്റിനോട് പറഞ്ഞു.

ഏഥറിന്റെ കാര്യമെടുത്താല്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ 146 കിലോമീറ്റര്‍ ദൂരപരിധിയാണ് ലഭിക്കുന്നത്. ഇതിന് പൂര്‍ണമായും ചാര്‍ജാകാന്‍ മൂന്ന് യൂണിറ്റ് വൈദ്യുതിയാണ് വേണ്ടത്. അങ്ങനെ വരുമ്പോള്‍ 21 രൂപയാണ് 146 കിലോമീറ്ററിനായി ചെലവു വരുന്നത്. 300 രൂപയുടെ പെട്രോളിന്റെ സ്ഥാനത്താണ് ഈ വില. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള മുന്നേറ്റം വില്‍പ്പനയില്‍ ഉണ്ടായിട്ടുണ്ടെന്നും അരുണ്‍ലാല്‍ പറഞ്ഞു.

ഹിറോ ഇലക്ട്രിക് സ്‌കൂട്ടറിനും കഴിഞ്ഞ വര്‍ഷം വില്‍പ്പന കൂടുതലായി നടന്നിട്ടുണ്ടെന്നാണ് എറണാകുളം കലൂരിലെ എം ആന്‍ഡ് എം മോട്ടോര്‍സ് ഹീറോ ഇലക്ട്രിക് ഡീലര്‍ മനോജ് പറയുന്നത്. സബ്‌സിഡി കഴിഞ്ഞ് 80000 രൂപയാണ് ഇതിന് വില വരുന്നത്. താരതമ്യേന വില കുറവായതിനാല്‍ തന്നെ ആളുകള്‍ കൂടുതലായി വരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

സിറ്റികളില്‍ ഓടിക്കാന്‍ പറ്റിയ സ്‌കൂട്ടറാണ് ഇത്. ഇത് കൂടാതെ പവര്‍കൂടിയവേറെ രണ്ടു മോഡല്‍ കൂടിയുണ്ട്. അതിന് ഏകദേശം ഒരു ലക്ഷം രൂപയാണ് വരുന്നത്. മാര്‍ച്ചോട് കൂടി പുതിയ മോഡല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹീറോ ഇലക്ട്രിക്.

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനായി കൂടുതലും സ്ത്രീകളാണ് വരുന്നതെന്ന് മനോജ് പറയുന്നു. സ്ത്രീകള്‍ക്ക് കുറച്ചുകൂടി സൗകര്യ പ്രദമാണ് ഇലക്ട്രിക് വാഹനങ്ങള്‍. ചെറുപ്പക്കാരിലും ആവശ്യക്കാര്‍ കൂടുന്നുണ്ട്. എന്നാല്‍ അവരില്‍ അധികം പേര്‍ക്കും ഇലക്ട്രിക് ബൈക്കുകളോടാണ് താല്‍പ്പര്യം കാണുന്നതെന്നും അദ്ദേഹം പറയുന്നു.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് കൂടുതല്‍ വില്‍പ്പന നടക്കുന്നത് ആലപ്പുഴയിലാണ്. ഇവിടങ്ങളില്‍ പെട്രോള്‍ പമ്പ് കുറവായതിനാല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇറങ്ങിയ കാലം തൊട്ട് ആലപ്പുഴയില്‍ നല്ലതോതില്‍ വില്‍ക്കപ്പെടുന്നുണ്ട്. ഇടുക്കി പോലുള്ള മലയോര മേഖലകളിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ കുറഞ്ഞതോതില്‍ വില്‍ക്കപ്പെടുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇറങ്ങി രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത്രയൊക്കെ ജനപ്രീതി നേടിയെങ്കില്‍ വരും വര്‍ഷങ്ങളില്‍ കുത്തനെ ഉയരുമെന്നാണ് മനോജ് പറയുന്നത്.