17 Dec 2022 7:45 AM GMT
Summary
- സര്‍ക്കാരിന്റെ മറുപടിക്കായി ഒന്‍പത് മാസമായി കാത്തിരിക്കുകയാണെന്നാണ് വ്യോമയാന മന്ത്രാലയം പറയുന്നത്
ന്യൂഡല്‍ഹി: റണ്‍വേയുടെ ഇരുവശത്തുമുള്ള സുരക്ഷിത മേഖല (റെസ) നിര്‍മ്മാണം നടത്താന്‍ സര്‍ക്കാരിന്റെ സഹകരണം ഇല്ലാതെ വന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാനൊരുങ്ങി വ്യോമയാന മന്ത്രാലയം. വ്യോമയാന സഹമന്ത്രിയായ വി കെ സിംഗ് ലോക്സഭയില്‍ ഇതു സംബന്ധിച്ച് അബ്ദുസ്സമദ് സമദാനിക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
റെസ നിര്‍മ്മാണം നടത്തുന്നതിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനും നിര്‍മ്മാണം നടത്താനും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ല. അതിനാലാണ് റണ്‍വേയുടെ നീളം കുറച്ചുകൊണ്ട് റെസ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് മറുപടിയില്‍ പറയുന്നു.
സര്‍ക്കാരിന്റെ മറുപടിക്കായി ഒന്‍പത് മാസമായി കാത്തിരിക്കുകയാണെന്നാണ് വ്യോമയാന മന്ത്രാലയം പറയുന്നത്. മംഗലാപുരം വിമാനാപകടത്തെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട സമിതി കരിപ്പൂരിലും അപകടസാധ്യത കുടുതലാണെന്നും അതുകൊണ്ട് റണ്‍വേയ്ക്ക് ഇരുവശവും റെസ നിര്‍മ്മിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലം ഏറ്റെടുത്ത് നിരപ്പാക്കി നല്‍കാന്‍ എയര്‍പോട്ട് അതോറിറ്റി ഓഫ് ഇന്ത്യ സംസ്ഥാന സര്‍ക്കാരിനോട് പറഞ്ഞിരുന്നു. ആകെ 14.5 ഏക്കര്‍ സ്ഥലമാണ് ഇതിനുവേണ്ടത്. ഇതിന് ചെലവായി വരുന്ന 120 കോടി രൂപ നല്‍കാമെന്നും എയര്‍പോട്ട് അതോറിറ്റി അറിയിച്ചിരുന്നു.
വിശദമായ എസ്റ്റിമേറ്റ് നല്‍കാന്‍ സര്‍ക്കാരിനോട് ഒക്ടോബര്‍ 31 ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കിട്ടിയില്ല. അതിനാലാണ് റണ്‍വേയുടെ നീളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് വ്യോമയാന മന്ത്രാലയം എത്തിയത്. റെസ നിര്‍മ്മാണത്തിനായി റണ്‍വേയുടെ നീളം കുറയ്ക്കുന്നതോടെ വലിയ വിമാനങ്ങള്‍ക്ക്് ഇവിടെ ഇറങ്ങാന്‍ സാധിക്കാതെയാകും. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലാകുകയും ചെയ്യും.