26 Nov 2022 11:18 AM GMT
തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടല്‍ തുറന്നു, ഹയാത്ത് റീജന്‍സിയിലെ ആഢംബരംങ്ങള്‍ അറിയാം
MyFin Bureau
Summary
- നവംബര്‍ 27 മുതല്‍ അതിഥികള്‍ക്കായി തുറന്ന് കൊടുക്കും
- അറുന്നൂറു കോടിയുടെ നിക്ഷേപം
- 2.2 ഏക്കറില്‍ ലോകോത്തര നിലവാരമുള്ള ഹോട്ടല്‍
- ഹയാത്ത് റീജന്‍സി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
- നവംബര്‍ 27 മുതല്‍ അതിഥികള്‍ക്കായി തുറന്ന് കൊടുക്കും
തിരുവനന്തപുരം: തലസ്ഥാനത്തെ വിനോദ വ്യവസായ മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷയേകി ഹയാത്ത് റീജന്‍സിയുടെ പുതിയ പഞ്ചനക്ഷത്ര ഹോട്ടല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. വ്യാവസായിക രംഗത്തെ പ്രമുഖന്മാരായ ലുലു ഗ്രൂപ്പും ഹയാത്ത് ഹോട്ടല്‍സ് കോര്‍പറേഷനും കൈ കോര്‍ക്കുന്ന മൂന്നാമത്തെ ഹോട്ടല്‍ സംരംഭമാണിത്. ഇതിനു മുന്നേ ഇരുവരും ഒരുമിച്ചത് കൊച്ചിയിലും തൃശ്ശൂരും ആയിരുന്നു. 2.2 ഏക്കറില്‍ അറുന്നൂറു കോടി രൂപയുടെ നിക്ഷേപമാണ് വ്യവസായ ഭീമന്മാര്‍ സംയുക്തമായി നടത്തിയിരിക്കുന്നത്. ഹയാത്ത് റീജന്‍സി ഹോട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
ഹയാത്ത് റീജന്‍സി എങ്ങിനെ വ്യത്യസ്തമാകുന്നു?
അടിത്തട്ടിലെ കാര്‍ പാര്‍ക്കിങ് സംവിധാനം ഉള്‍പ്പടെ എട്ട് നിലകളിലായാണ് ഹോട്ടല്‍ പണിതീര്‍ത്തിരിക്കുന്നത്. അതിവിശാലവും വ്യത്യസ്തവുമായ ആശയത്തിലുള്ള രൂപകല്പ്നയും ആധുനിക ശൈലിയിലുള്ള നിര്‍മ്മാണ മികവും ക്ലാസിക് സൗകര്യങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള വേറിട്ട ഇന്റീരിയര്‍ ഡിസൈന്‍ വൈദഗ്ദ്യവും ഹോട്ടലിനെ വ്യത്യസ്തമാക്കുന്നു. 400 കാറുകള്‍ക്കും 250 ഇരുചക്രവാഹനങ്ങള്‍ക്കും ഒരേസമയം പാര്‍ക്ക് ചെയാന്‍ സാധിക്കുന്ന മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള വിപുലമായ പാര്‍ക്കിംഗ് സൗകര്യവും ഹോട്ടലിനുണ്ട്. കൂടാതെ എടുത്ത് പറയേണ്ട പ്രധാന ആകര്‍ഷണങ്ങള്‍ ഇവയൊക്കെയാണ്.
ഗ്രേറ്റ് ഹാള്‍ പ്രീമിയം
സ്വിമ്മിംഗ് പൂളിന് അരികില്‍ സജ്ജീകരിച്ചിരിക്കുന്ന ഗ്രേറ്റ് ഹാള്‍ പ്രീമിയം ഹയാത്ത് റീജന്‍സിയുടെ പ്രധാന പ്രത്യേകതയാണ്. 10500 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ഇതിന്റെ നിര്‍മ്മാണം. അതിമനോഹരമായ ഇന്റീരിയര്‍ ഡിസൈന്‍ കൊണ്ടും വിശാലമായ സ്ഥല സൗകര്യം കൊണ്ടും ഇത് കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. ഗ്രേറ്റ് ഹാളിലേക്ക് പോകുന്നതിനായി ഉയരം കൂടിയ എസ്‌കലേറ്ററും ഗ്ലാസ് എലവേറ്ററും സജ്ജീകരിച്ചിട്ടുണ്ട്. ഗ്രേറ്റ് ഹാളിനൊപ്പം 700 പേര്‍ക്ക് ഒരേസമയം ഇരിക്കാവുന്ന റോയല്‍ ബോള്‍ റൂം, ക്രിസ്റ്റല്‍ എന്നിങ്ങനെ മൂന്ന് വേദികളിലായി 20,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഡൈനാമിക് ഇവന്റ് സ്പേസാണ് ഹോട്ടലിനുള്ളത്. ഇത് മറ്റ് കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ ഒന്നും കാണാന്‍ സാധിക്കാത്ത പ്രത്യേകത കൂടിയാണ്. ഒരേ സമയം അകത്തും പുറത്തുമായി ചെറുതും വലുതുമായ നിരവധി പരിപാടികള്‍ ക്രമീകരിക്കാനും നടത്താനും സാധിക്കുന്ന രീതിയിലാണ് ഹോട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളിലൊന്നായി ഹയാത്ത് റീജന്‍സിയിലെ ഗ്രേറ്റ് ഹാള്‍ മാറുമെന്നതില്‍ ഒരു സംശയവും വേണ്ട.
ഏറ്റവും വലിയ പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്
അനന്തപുരിയുടെ ഭംഗിയും വിശാലതയും നേരിട്ടനുഭവിക്കാന്‍ സാധിക്കുന്ന രീതിയില്‍ 1650 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് സജ്ജീകരിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ നിര്‍മ്മാണ മികവും ഇന്റീരിയര്‍ വൈദഗ്ദ്യവും മറ്റെല്ലായിടത്തെയും പോലെ ഇവിടെയും കാണാനാകും. കൂടാതെ നഗരത്തിലെ ഏറ്റവും വലിയ പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കൂടിയാണിത്. ഡിപ്ലോമാറ്റിക് സ്യൂട്ട്, ആറ് റിജന്‍സി സ്യൂട്ടുകള്‍, 37 ക്ലബ് റൂമുകള്‍ ഉള്‍പ്പെടെ 132 മുറികളാണ് ഹോട്ടലിലുള്ളത്.
വേറിട്ട ഡൈനിംഗ് അനുഭൂതി
നാവില്‍ കപ്പലോട്ടുന്ന വ്യത്യസ്തവും വിഭിന്നവുമായ രുചികളുടെ ഒരു കലവറ തന്നെ ഇവിടെയുണ്ട്. മലബാര്‍ കഫേ, ഒറിയന്റല്‍ കിച്ചണ്‍, ഐവറി ക്ലബ്, ഓള്‍ തിംഗ്‌സ് ബേക്ക്ഡ്, റിജന്‍സി ലോഞ്ച് എന്നിങ്ങനെ അഞ്ച് റസ്റ്റോറന്റുകളാണ് രുചിയുടെ രസതന്ത്രവുമായി മത്സരിക്കുന്നത്. ഇവിടുത്തെ ഭക്ഷണം ആസ്വദിക്കാന്‍ ഹോട്ടലില്‍ താമസിക്കണമെന്ന ഒരു നിര്‍ബന്ധവുമില്ല. താമസക്കാര്‍ക്ക് പുറമെ ആര്‍ക്കു വേണമെങ്കിലും റസ്റ്റോറന്റുകള്‍ സന്ദര്‍ശിക്കാനും രുചികള്‍ ആസ്വദിക്കാനും സാധിക്കുന്നതാണ്. നോര്‍ത്ത് ഇന്ത്യന്‍ പലഹാര പെരുമയ്ക്കൊപ്പം നഗരത്തിന്റെ പ്രധാന പ്രാദേശിക വിഭവങ്ങള്‍ കൂടി കൂട്ടിയിണക്കിയാണ് മലബാര്‍ കഫേ ഭക്ഷണം നല്‍കുന്നത്. തനത് ഏഷ്യന്‍ ഡൈനിംഗ് അനുഭവം തേടി വരുന്നവര്‍ക്കായി ഷെഷ്വാന്‍ (ചൈനീസ്) - തായ് വിഭവങ്ങളുടെ നിരവധി രുചിക്കാഴ്ചകള്‍ ഒറിയന്റല്‍ കിച്ചണ്‍ ഒരുക്കുന്നു. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഇരിപ്പിടങ്ങളാണ് ഐവറി ക്ലബ്ബിന്റെ പ്രത്യേകത.
മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ജിമ്മും സ്വിമ്മിംഗ് പൂളും
ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഔട്ട് ഡോര്‍ സ്വിമ്മിങ് പൂളും ജിമ്മുമാണ് മറ്റ് പ്രതേകതകള്‍. അതിനൂതനവും അന്തര്‍ദേശിയ നിലവാരത്തിലുള്ള ജിമ്മാണ് ഇവിടെയുള്ളത്. കൂടാതെ ആയുര്‍വേദ - പാശ്ചാത്യ തെറാപ്പി സൗകര്യങ്ങളടക്കമുള്ള സ്പായും ഹയാത്ത് റീജന്‍സിയിലെ മറ്റ് ആകര്‍ഷണങ്ങളാണ്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാത്രവും റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രവും ദൂരത്തിലാണ് ഹയാത്ത് റീജന്‍സി സ്ഥിതി ചെയ്യുന്നത്. കൊച്ചിയും തൃശൂരും പോലെ തന്നെ തിരുവനന്തപുരത്തിന്റെ ടൂറിസം ഹോട്ടല്‍ വ്യവസായ രംഗത്ത് പ്രകടമായ മാറ്റം വരുത്താന്‍ ഹയാത്ത് റീജന്‍സിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
നാടിന്റെ നിക്ഷേപ സൗഹൃദ രീതികള്‍ക്ക് ഉത്തേജനം പകരുന്ന ചുവടുവെയ്പാണിതെന്ന് ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാന നഗരത്തിലെ പ്രധാന കുറവുകളിലൊന്ന് ഇതോടെ പരിഹരിക്കപ്പെട്ടെന്നും വിനോദ സഞ്ചാരമേഖല തഴച്ച് വളരുന്ന ഘട്ടത്തിലാണ് ഹയാത്തിന്റെ വരവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യൂസഫലിയുമായുള്ള സൗഹൃദമാണ് വ്യത്യസ്ത ആശയങ്ങളുള്ള എല്ലാവര്‍ക്കും ഒത്തുചേരാനുള്ള അവസരം പലപ്പോഴും ഒരുക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ സദസ്സ് കയ്യടിയോടെയാണ് സ്വീകരിച്ചത്.
നാടിന്റെ വികസനത്തിനും മുന്നോട്ടുള്ള പോക്കിനും ഇത്തരം പ്രസ്ഥാനങ്ങള്‍ ഏറ്റവും നിര്‍ണ്ണായകമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ വി ഡി സതീശന്‍ പറഞ്ഞു. പദ്ധതി തിരുവനന്തപുരത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക നാഴികക്കലാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അഭിപ്രായപ്പെട്ടു.
സ്വാഗത പ്രസംഗത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, കോഴിക്കോട് 500 കോടി നിക്ഷേപത്തില്‍ ഹയാത്ത് ഹോട്ടല്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തി. ഹോട്ടലിലെ ഗ്രേറ്റ് ഹാള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, ആന്റണി രാജു, ജി.ആര്‍ അനില്‍, വി.ശിവന്‍കുട്ടി, ശശി തരൂര്‍ എം.പി, എംഎല്‍എമാരായ പി കെ കുഞ്ഞാലക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു.
ലുലു ഗ്രൂപ്പ് എക്‌സിക്യട്ടീവ് ഡയറക്ടര്‍ എം എ അഷ്റഫ് അലി, സി ഇ ഒ സൈഫി രൂപാവാല, സി ഒ ഒ സലിം വി ഐ, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലിം, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് സി ഇ ഒ അദീബ് അഹമ്മദ്, ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ നിഷാദ് എം എ, ലുലു തിരുവനന്തപുരം റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ എന്നിവരും സംബന്ധിച്ചു.