17 Jan 2023 10:30 AM GMT
Summary
- കേക്ക്, പലഹാരങ്ങള്‍, പായസം അച്ചാര്‍ പോലുള്ള ഭക്ഷണ സാധനങ്ങള്‍ വാണിജ്യ അടിസ്ഥാനത്തില്‍ വീടുകളില്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനും പോലും വകുപ്പിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം ആണ്
പുതിയൊരു സംരംഭമെന്ന ആശയം ഉടലെടുക്കുമ്പൊള്‍ ആദ്യമായി മനസ്സിലേക്ക് ഓടിയെത്തേണ്ടത് കര്‍ശനമായി നിങ്ങള്‍ പാലിക്കേണ്ട നിയമങ്ങളെ പറ്റികൂടിയാണ്. ഭക്ഷ്യ മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളാണ് കേരളത്തില്‍ അരങ്ങേറുന്നത്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പാലിക്കാത്തത് കൊണ്ട് മാത്രം വിലപ്പെട്ട അനേകം ജീവനുകള്‍ പൊലിഞ്ഞ നാട് കൂടിയാണ് നമ്മുടേത്.
എന്താണ് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം
ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് ഇവയുടെ നിര്‍മ്മാണം, സംഭരണം, വിതരണം, വില്പന, ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ടു പാലിക്കേണ്ട നിയമത്തെയാണ് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമമെന്ന് പറയുന്നത്.
ഈ നിയമപ്രകാരം, ഭക്ഷ്യ വ്യാപാരികള്‍ക്കും ഭക്ഷ്യ ഉത്പാദകര്‍ക്കും വിതരണക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും നിര്‍ബന്ധിത രജിസ്‌ട്രേഷന്‍/ലൈസന്‍സ് ആവശ്യമാണ്. ഇത് പാലിക്കാത്ത സംരംഭകരേയും ഭക്ഷ്യ വ്യാപാരികളെയും യാതൊരു ഇളവുമാനുവദിക്കാതെ കടുത്ത ശിക്ഷയ്ക്ക് വിധയമാക്കുന്നതാണ്.
നിര്‍മ്മാണ ഏജന്‍സികളോ വ്യവസായ ശാലകളോ വഴി അല്ലാതെ നേരിട്ട് ചെറിയ രീതിയില്‍ ഭഷ്യോല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം നടത്തുന്നവര്‍ പോലും ഈ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഉദാഹരണത്തിന് കേക്ക്, പലഹാരങ്ങള്‍, പായസം അച്ചാര്‍ പോലുള്ള ഭക്ഷണ സാധനങ്ങള്‍ വാണിജ്യ അടിസ്ഥാനത്തില്‍ വീടുകളില്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനും പോലും വകുപ്പിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം ആണ്.
വിറ്റുവരവിന്റെ അടിസ്ഥാനത്തിലുള്ള രജിസ്‌ട്രേഷന്‍ എങ്ങനെയാണ്?
12 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണ്. വാര്‍ഷിക വിറ്റുവരവ് 12 ലക്ഷം രൂപ മുതല്‍ 20 കോടിരൂപ വരെ ഉള്ള സ്ഥാപനങ്ങള്‍, സംസ്ഥാനത്തിനകത്ത് മാത്രം വിപണനം നടത്തുന്ന സ്ഥാപനങ്ങള്‍, പ്രതിദിന ഉത്പാദനം 100 കിലോ അഥവാ 100 ലിറ്റര്‍ അധികരിച്ചാല്‍, പാലാണെങ്കില്‍ 500 ലിറ്റര്‍ പ്രതിദിന ഉത്പാദനം സംഭരണം കവിഞ്ഞവര്‍, കാറ്ററിംഗ് യൂണിറ്റുടമ കള്‍ എന്നിവര്‍ സ്റ്റേറ്റ് ലൈസന്‍സ് എടുക്കേണ്ടതുണ്ട്. 20 കോടിക്ക് മുകളില്‍ വിറ്റുവരവ് ഉള്ളവരും, കയറ്റുമതി ഇറക്കു മതി സ്ഥാപനങ്ങള്‍, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍, സംസ്ഥാനാന്തര വിപണനം നടത്തുന്നതുമായ സ്ഥാപനങ്ങള്‍ എന്നിവര്‍ സെന്‍ട്രല്‍ ലൈസന്‍സ് എടുത്തിരിക്കണം.
ഏതൊക്കെ വ്യവസായങ്ങള്‍ക്കാണ് ഇത് ബാധകം?
പ്രധാനമായും കുടിവെള്ള നിര്‍മ്മാണം, പലഹാര നിര്‍മ്മാണം, കാന്റീന്‍, ഹോട്ടല്‍, ഭക്ഷ്യ സംസ്‌കരണം, ഫ്‌ളോര്‍ മില്‍, ഓയില്‍ മില്‍, ഐസ് പ്ലാന്റ്, റൈസ് മില്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍ റീപായ്ക്ക് ചെയ്യുന്ന സംരംഭങ്ങള്‍ തുടങ്ങിയ വ്യവസായങ്ങള്‍ക്കാണ് ഇത് നിലവില്‍ ബാധകം.
എങ്ങനെ അപേക്ഷിക്കാം
foscos.fssai.gov.ഇൻ www.kswift.kerala. gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.രെജിസ്‌ട്രേഷനായുള്ള വാര്‍ഷിക ഫീസ് 100 രൂപയും,സ്റ്റേറ്റ് ലൈസന്‍സ് വാര്‍ഷിക ഫീസ് 2000 രൂപ മുതല്‍ 5000 രൂപവരെയുമാണ്.കൂടാതെ സെന്‍ട്രല്‍ ലൈസന്‍സ് വാര്‍ഷിക ഫീസ് 7500 രൂപയുമാണ്.ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, സ്ഥാപനത്തിന്റെ മേല്‍വിലാസം തെളിയിക്കുന്ന രേഖ എന്നിവയുടെ സ്വയം സാക്ഷനെടുത്തിയ പകര്‍പ്പ് അപേക്ഷയ്ക്കായി അനിവാര്യമാണ്.
ലൈസന്‍സിനു തദ്ദേശസ്ഥാപനത്തില്‍ നിന്നുള്ള ലൈസന്‍സ്,മെഡിക്കല്‍ ഫിറ്റ്‌നസ് എന്നിവ കൂടി അധികമായി നല്‍കണം.പരിശോധന ആവശ്യം ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് 7 ദിവസ ത്തിനുള്ളിലും പരിശോധന വേണ്ടവ 30 ദിവസം കൊണ്ടും ലഭ്യമാക്കണം.