image

23 Feb 2023 12:26 PM GMT

Banking

എൻപിഎ കുതിച്ചുയർന്നു; ഇസാഫ് ബാങ്കിന്റെ മൂന്നാം പാദ ലാഭം 34 ശതമാനം ഇടിഞ്ഞു.

C L Jose

esaf bank q3 profit loss
X

Summary

കഴിഞ്ഞ വര്ഷം ഇതേ കാലയളവിൽ മൊത്തം എൻപിഎ 702.23 കോടി രൂപയായിരുന്നത് ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ 908.28 കോടി രൂപയിലേക്ക് കുതിച്ചുയർന്നു.


കൊച്ചി: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ മൂന്നാം പാദ (Q3) അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 34 ശതമാനം ഇടിഞ്ഞ് 56.61 കോടി രൂപയിൽ നിന്ന് 37.41 കോടി രൂപയായി.

മുൻപാദത്തിൽ കമ്പനി നേടിയ 57.58 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നാം പാദ ലാഭം 35 ശതമാനം കുറഞ്ഞു.

എന്നാൽ, 2022 ഡിസംബർ 31 ന് അവസാനിച്ച 9 മാസ കാലയളവിലെ ബാങ്കിന്റെ ലാഭം 200.95 കോടി രൂപയായി ഉയർന്നു; കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാങ്കിന് 67.43 കോടി രൂപയുടെ നഷ്ട്ടം നേരിട്ടിരുന്നു.

വാസ്‌തവത്തിൽ, മൂന്നാം പാദത്തിൽ ബാങ്ക് മോശം പ്രകടനം കാഴ്ചവെച്ചതിനുള്ള പ്രധാന കാരണം അതിന്റെ മോശം വായ്പകൾക്കായുള്ള പ്രൊവിഷനുകളിലുണ്ടായ 240 ശതമാനം വർദ്ധനയായിരിക്കാം; കഴിഞ്ഞ വര്ഷം ഇതേ കാലയളവിൽ അതിനായി ബാങ്ക് 55.48 കോടി രൂപ നീക്കി വെച്ചപ്പോൾ ഈ അവലോകന പാദത്തിൽ നീക്കി വെക്കേണ്ടി വന്നത് 188.06 കോടി രൂപയാണ്.

കഴിഞ്ഞ വര്ഷം ഇതേ കാലയളവിൽ മൊത്തം എൻപിഎ 702.23 കോടി രൂപയായിരുന്നത് ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ 908.28 കോടി രൂപയിലേക്ക് കുതിച്ചുയർന്നു. എന്നാൽ, സെപ്റ്റംബർ അവസാനിച്ച പാദത്തിൽ മൊത്ത എൻപിഎ 961.75 കോടി രൂപയായിരുന്നു..

അതേസമയം, അറ്റ എൻപിഎ, 2021 ലെ മൂന്നാം പാദത്തിലെ 201.90 കോടി രൂപയിൽ നിന്ന് ഈ വർഷത്തെ മൂന്നാം പാദത്തിൽ 451.05 രൂപയായി ഏകദേശം ഇരട്ടിയിലധികമായി.

ശതമാനക്കണക്കിൽ നോക്കിയാൽ, 2022 ഡിസംബർ അവസാനത്തോടെ മൊത്തം എൻപിഎ കഴിഞ്ഞ വർഷത്തെ 6.57 ശതമാനത്തിൽ നിന്ന് 7.24 ശതമാനമായി ഉയർന്നപ്പോൾ, അറ്റ എൻപിഎ ഏകദേശം ഇരട്ടിച്ച് 1.98 ശതമാനത്തിൽ നിന്ന് 3.75 ശതമാനമായി.

മറ്റൊരു ശ്രദ്ധേയമായ കാര്യം, 2022 ഡിസംബർ അവസാനത്തോടെ ഇസാഫിനു 1607.75 കോടി രൂപയുടെ ആസ്തി ഉണ്ടെന്നതാണ്. മൂന്നാം പാദത്തിന്റെ അവസാനത്തിൽ കണക്കാക്കിയാൽ ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം (CAR) 20.27 ശതമാനം എന്ന സുഖപ്രദമായ തലത്തിലാണുള്ളത്.

ഐപിഒ

നേരത്തെ ആസൂത്രണം ചെയ്തിരുന്ന ഐപിഒയുടെ സമയപരിധി 2022 ഒക്‌ടോബർ 20-ന് അവസാനിച്ചിട്ട് ഇപ്പോൾ നാല് മാസത്തിലേറെയായെങ്കിലും, വീണ്ടും ഇഷ്യുവിനായി ഫയൽ ചെയ്യുന്നതിന് പ്രത്യേക സമയപരിധിയൊന്നും ബാങ്ക് പരാമർശിച്ചിട്ടില്ല.