image

22 March 2023 10:30 AM GMT

Kerala

മുങ്ങിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസിക്കൊപ്പം താഴ്ചയിലേക്ക് കെടിഡിഎഫ്‌സിയും

C L Jose

മുങ്ങിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസിക്കൊപ്പം താഴ്ചയിലേക്ക് കെടിഡിഎഫ്‌സിയും
X

Summary

  • കെഎസ്ആർടിസിയുടെ ലോണുകൾക്കു കെയർ റേറ്റിംഗ് ഏജൻസിയുടെ ‘ഡി’ റേറ്റിംഗ്.
  • 2021-22ൽ (FY22) കെടിഡിഎഫ്‌സിയുടെ അറ്റ നഷ്ട 43.47 കോടി രൂപ.
  • കെഎസ്ആർടിസിയുടെ 2021-22 ലെ അറ്റ നഷ്ടം 1,787.86 കോടി രൂപ


തിരുവനന്തപുരം: ഓരോദിനവും നഷ്ടത്തിലേക്ക് പതിക്കുന്ന കേരള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനെയും (കെടിഡിഎഫ്‌സി) താഴേക്ക് വലിച്ചിഴയ്ക്കുന്നതായിട്ടാണ് തോന്നുന്നതു..

കെഎസ്ആർടിസിയുടെ ഫണ്ടിംഗ് ആവശ്യങ്ങൾക്കായി 2008-ൽ ഒരു നോഡൽ ഏജൻസിയായിട്ടാണ് കെടിഡിഎഫ്സി രൂപീകരിക്കപ്പെട്ടത്. ഒരു രേഖ പ്രകാരം, മറ്റേതൊരു നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനി (NBFC) പോലെ ഭവനവായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയ വാണിജ്യ വായ്പകൾ നൽകാൻ KTDFC യ്ക്ക് അധികാരമുണ്ടെങ്കിലും നിലവിൽ അതിന്റെ 90 ശതമാനം വായ്പയും KSRTC-ക്ക് മാത്രമാണ്.

തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലെ കെഎസ്ആർടിസി വളപ്പിൽ ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബിഒടി; BOT) അടിസ്ഥാനത്തിൽ നാലു ഷോപ്പിങ് കോംപ്ലക്സുകൾ നിർമിച്ചതിനു പിന്നിൽ കെടിഡിഎഫ്സിയായിരുന്നു.

കെടിഡിഎഫ്‌സിയുടെ നിലവിലെ ദയനീയാവസ്ഥ കഴിഞ്ഞ കുറേ വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന നഷ്ട ചരിത്രത്തിൽ നിന്ന് പ്രകടമാണ്.

മുൻവർഷത്തെ (FY21) 63.30 കോടി രൂപ നഷ്ടത്തെയും 2020 സാമ്പത്തിക വർഷത്തിലെ 73.08 കോടി രൂപ നഷ്ടത്തെയുംകാൾ കുറവാണെങ്കിലും 2021-22ൽ (FY22) 43.47 കോടി രൂപയുടെ അറ്റ നഷ്ടമാണ് കെടിഡിഎഫ്‌സി റിപ്പോർട്ട് ചെയ്തിരിക്കുന്നത്,

കൂടുതൽ വിശദമായി പറഞ്ഞാൽ 2021 സാമ്പത്തിക വർഷത്തെ 308.69 കോടി രൂപയുടെ നെഗറ്റീവ് ആസ്തിയുടെ സ്ഥാനത്തു ഇപ്പോൾ 352.16 കോടി രൂപയുടെ നെഗറ്റീവ് ആസ്തിയിലാണ് കമ്പനി എത്തിയിരിക്കുന്നത്.

കെടിഡിഎഫ്‌സി പോലുള്ള ഒരു കമ്പനി സ്ഥാപിച്ചതിന്റെ ഉദ്ദേശ്യം തന്നെ മൈഫിൻപോയിന്റിനോട് സംസാരിച്ച ഫിനാൻഷ്യൽ അനലിസ്റ്റുകൾ ചോദ്യം ചെയ്തു.

"കെടിഡിഎഫ്‌സിയുടെ ഒരേയൊരു പങ്ക് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയായും പൊതുജനങ്ങളിൽ നിന്ന് സംസ്ഥാന സർക്കാരിന്റെ ഗ്യാരന്റിയോടെ നിക്ഷേപമായും പണം സ്വരൂപിക്കുക, തുടർന്ന് ആ ഫണ്ട് കെഎസ്‌ആർടിസിക്ക് ഒരു മാർജിനോടെ നൽകുക എന്നതാണ്," അവർ വിശദീകരിച്ചു.

എന്നാൽ, കെഎസ്ആർടിസിക്ക് വിതരണം ചെയ്ത ഭൂരിഭാഗം ലോണുകളും മോശമാവുകയും ഇത് കെടിഡിഎഫ്സിയെ വലിയ പ്രതിസന്ധിയിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. കെഎസ്ആർടിസി കുടിശ്ശിക തിരിച്ചടക്കാത്തതാണ് കെടിഡിഎഫ്‌സിയുടെ സാമ്പത്തിക സ്ഥിതിയെ പ്രധാനമായും ബാധിക്കുന്നത് എന്നതാണ് വസ്തുത.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കെഎസ്ആർടിസി ഏതാനും വർഷം മുമ്പ് നിർമിച്ച നാലു ഷോപ്പിങ് കോംപ്ലക്സുകൾ കെടിഡിഎഫ്‌സിക്കു കൈമാറാനുള്ള നീക്കത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.

എല്ലാവർക്കും അറിയാവുന്നതുപോലെ, വളരെക്കാലമായി കെഎസ്ആർടിസി സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തികൊണ്ടിരിക്കുകയാണ്; കോർപറേഷന്റെ 2021-22 ലെ അറ്റ നഷ്ടം 1,787.86 കോടി രൂപയാണ്. ഇത് കെഎസ്ആർടിസി ഈ വർഷം നേടിയ 1,095.52 കോടി രൂപ പ്രവർത്തന വരുമാനത്തേക്കാൾ ഗണ്യമായി ഉയർന്നതാണ്.

മുൻ വർഷത്തെ, അതായതു 2020-21 ലെ, അറ്റ നഷ്ടം 2,005.26 കോടി രൂപയായപ്പോൾ പ്രവർത്തന വരുമാനം 609.28 കോടി രൂപ മാത്രമായിരുന്നു.

കെഎസ്ആർടിസിയുടെ ലോണുകൾക്കു കെയർ റേറ്റിംഗ് ഏജൻസിയുടെ ‘ഡി’ റേറ്റിംഗ് ആണിപ്പോഴുള്ളത്. ഇത് കമ്പനി വായ്പ തിരിച്ചടക്കുന്നതിൽ ക്ര്യത്യനിഷ്ട പാലിക്കുന്നില്ല എന്നാണ് സൂചിപ്പിക്കുന്നത്.