Summary
കേരള ബാങ്ക് വാഗ്ദാനം ചെയ്യുന്ന നിരക്കുകൾ 5 ശതമാനം മുതൽ 7 ശതമാനം വരെയാണ്
തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിന് ശേഷം വിപണിയിലെ യാഥാർഥ്യങ്ങൾക്കു നേരെ സഹകരണ വകുപ്പ് കണ്ണ് തുറന്നിരിക്കുകയാണ്. 15 ദിവസം മുതൽ രണ്ട് വർഷം വരെയും അതിനു മുകളിലുമുള്ള മെച്യൂരിറ്റികൾക്കുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് സംസ്ഥാന സഹകരണ വകുപ്പ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.
ഇപ്പോഴത്തെ 25 ബേസിസ് പോയിന്റ് മുതൽ 50 ബേസിസ് പോയിന്റ് വരെയുള്ള പുനരവലോകനത്തിന് ശേഷം, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (കെഎസ്‌സിബി) അല്ലെങ്കിൽ കേരള ബാങ്ക് വാഗ്ദാനം ചെയ്യുന്ന നിരക്കുകൾ 5 ശതമാനം മുതൽ 7 ശതമാനം വരെയാണ്; അതേസമയം, മറ്റ് ബാങ്കുകളടെയും ക്രെഡിറ്റ് സൊസൈറ്റികളടെയും പുതുക്കിയ നിരക്കുകൾ 5.50 ശതമാനത്തിനും 8.25 ശതമാനത്തിനും ഇടയിലാണ്.
കേരള ബാങ്ക് വാഗ്ദാനം ചെയ്യുന്ന പരമാവധി പലിശ 6.75 ശതമാനത്തിൽ നിന്ന് 7 ശതമാനമായി ഉയർത്തിയപ്പോൾ, മറ്റ് ക്രെഡിറ്റ് സൊസൈറ്റികളുടെയും ബാങ്കുകളുടെയും പലിശ 7.75 ശതമാനത്തിൽ നിന്ന് 8.25 ശതമാനമായി ഉയർത്തി.
നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനത്തിൽ എത്തുന്നതിന് മുമ്പ് എല്ലാ പൊതുമേഖലാ, സ്വകാര്യ മേഖലാ ബാങ്കുകളും സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള വാണിജ്യ ബാങ്കുകളും വാഗ്‌ദാനം ചെയ്യുന്ന പലിശ നിരക്കുകൾ അവലോകനം ചെയ്‌തതായി ഡിപ്പാർട്ട്‌മെന്റ് ഒരു ഔദ്യോഗിക അറിയിപ്പിൽ അറിയിച്ചു.
കേരള ബാങ്കിന്റെ കാര്യത്തിൽ, 15 ദിവസം മുതൽ രണ്ട് വർഷം വരെയുള്ള എല്ലാ മെച്യുരിറ്റികളുടെയും നിക്ഷേപ നിരക്കുകൾ 50 ബേസിസ് പോയിന്റോഅഥവാ അര ശതമാനമോ ഉയർത്തിയപ്പോൾ, രണ്ട് വർഷവും അതിന് മുകളിലുള്ളവയും 25 ബേസിസ് പോയിന്റ് അഥവാ കാൽ ശതമാനം മാത്രമാണ് ഉയർത്തിയത്, അതായത് 6.75 ശതമാനത്തിൽ നിന്ന് 7 ശതമാനം വരെ.
സ്വകാര്യമേഖലയിലും പൊതുമേഖലയിലുമുള്ള ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ കുറഞ്ഞ പലിശ നിരക്കാണ് നിക്ഷേപങ്ങൾക്ക് കേരള ബാങ്ക് നൽകുന്നതെന്ന് മൈഫിന് പോയിന്റ് അടുത്തിടെ ഒരു റിപ്പോർട്ടിൽ എടുത്തുകാണിച്ചിരുന്നു.
മിക്ക ബാങ്കുകളും 7.5 ശതമാനവും അതിനു മുകളിലും ഉയർന്ന നിരക്കുകൾ വാഗ്ദാനം ചെയ്യുമ്പോൾ, കേരള ബാങ്കിന്റെ ഏറ്റവും ഉയർന്ന പലിശ നിരക്ക് 6.75 ശതമാനമാണ് (അതാണിപ്പോൾ 7 ശതമാനമായി പരിഷ്‌ക്കരിച്ചിരിക്കുന്നത്), 2022 ഒക്ടോബറിലായിരുന്നു ആ തീരുമാനമെടുത്തത്. മറ്റൊരു ശ്രദ്ധേയമായ കാര്യം, 2022 ഒക്ടോബർ മുതൽ രണ്ട് വർദ്ധനകളിലൂടെ ആർബിഐ റിപ്പോ നിരക്ക് 60 ബേസിസ് പോയിൻറ് ഉയർത്തി 6.5 ശതമാനമാക്കി എന്നതാണ്.
കഴിഞ്ഞ ഏതാനും പാദങ്ങളിൽ അടിസ്ഥാനപരമായി നിരക്ക് വർദ്ധനയിലൂടെ മിക്ക ബാങ്കുകളും തങ്ങളുടെ നിക്ഷേപം ശക്തിപ്പെടുത്തുന്നതിൽ വിജയിച്ചെങ്കിലും, കേരള ബാങ്കിന്റെ നിക്ഷേപ അടിത്തറയിൽ 3.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2021 സെപ്തംബർ മുതൽ 2022 സെപ്തംബർ വരെയുള്ള ഒരു വർഷ കാലയളവിൽ കേരള ബാങ്കിന്റെ നിക്ഷേപ അടിത്തറ 3.3 ശതമാനം ഇടിഞ്ഞ് 67,866.27 കോടി രൂപയിൽ നിന്ന് 65,630.73 കോടി രൂപയായി.
കൂടാതെ, കേരള ബാങ്കിന്റെ വായ്പാ നിക്ഷേപ അനുപാതം കേരളത്തിൽ നിന്നുള്ള മറ്റു ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 67 ശതമാനത്തിൽ താഴെയാണ്. സ്റ്റേറ്റ് ലെവൽ ബാങ്കിംഗ് കമ്മിറ്റി (SLBC) നൽകുന്ന സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കേരള ബാങ്കിന്റെ ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം (CD ratio) ചരിത്രപരമായി സംസ്ഥാനത്തിനകത്ത് പ്രവർത്തിക്കുന്ന ബാങ്കുകളിൽ ഏറ്റവും താഴ്ന്നതാണ്.