14 Feb 2023 6:30 AM
Summary
- മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സുസ്ഥിരപദ്ധതികൾ ചർച്ച ചെയ്യുന്നതിനുള്ള രാജ്യാന്തര സമ്മേളനം കൊച്ചിയിൽ.
- ഇന്ത്യൻ തീരങ്ങളിലെ മത്തി-അയല സമ്പത്തിനെ കാലാവസഥാവ്യതിയാനം കാര്യമായി ബാധിച്ചിട്ടുണ്ട്.
കൊച്ചി: കാലാവസ്ഥാവ്യതിയാനം മത്തി, അയല പോലെയുള്ള പല മീനുകളെയും ബാധിക്കുന്നുണ്ടെന്ന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ ജെ കെ ജെന പറഞ്ഞു.
മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സുസ്ഥിരപദ്ധതികൾ ചർച്ച ചെയ്യുന്നതിനുള്ള രാജ്യാന്തര സമ്മേളനത്തിൽ ഇന്ത്യൻ സമുദ്രമത്സ്യമേഖലയിലെ ഗവേഷണപ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ തീരങ്ങളിലെ മത്തി-അയല സമ്പത്തിനെ കാലാവസഥാവ്യതിയാനം കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗവേഷകർ പഠനം നടത്തുന്നുണ്ട്. സമുദ്രമത്സ്യമേഖലയുടെ സുസ്ഥിര വളർച്ചക്ക് രാജ്യങ്ങൾ തമ്മിലും ഗവേഷണസ്ഥാപനങ്ങൾ തമ്മിലും പരസ്പര സഹകരണം ആവശ്യമാണ്. മീനുകൾക്ക് ഗുണകരമമാകുന്ന രീതിയിൽ കടലിൽ കൃത്രിമ ആവാസവ്യവസ്ഥ സ്ഥാപിക്കൽ, സീറാഞ്ചിംഗ് തുടങ്ങി മത്സ്യോൽപാദനം കൂട്ടാനുള്ള ശ്രമങ്ങൾ ഇന്ത്യയിൽ ഗവേഷകർ നടത്തിവരുന്നുണ്ട്. കൃത്രിമ ആവാസവ്യവസ്ഥ സ്ഥാപിച്ചിടങ്ങളിൽ 20 ശതമാനം വരെ ഉൽപാദനം കൂടിയതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്ക് ചിലവ് കുറഞ്ഞ സാങ്കേതികവിദ്യകൾ ലഭ്യമാക്കുകകയാണ് ലക്ഷ്യമെന്ന് കന്ദ്ര ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ ജെ ബാലാജി പറഞ്ഞു. ആകെ മത്സ്യോൽപാദനത്തിന്റെ മൂന്നിലൊന്നാണ് ഇന്ത്യയിൽ കടലിൽ നിന്നുള്ള മത്സ്യോൽപാദനമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാൾ ഉൾക്കടലിന്റെ അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ സ്ഥിരം കൂട്ടായ്മ രൂപപ്പെടുത്തുന്നതിനുള്ള പാനൽ ചർച്ച ഇന്ന് (ചൊവ്വ) രാവിലെ നടന്നു.. കടലിൽ കൃത്രിമ മത്സ്യആവാസകേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സംവാദം ഉച്ചയ്ക്ക് ശേഷം നടക്കും.