image

19 Dec 2022 7:15 AM GMT

Kerala

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ; വയനാട്ടിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടിയാകുമോ?

MyFin Bureau

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ; വയനാട്ടിലെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടിയാകുമോ?
X

Summary

  • നിലവില്‍ സര്‍ക്കാര്‍ ഇത്ര തിരക്കിട്ട് കാര്യങ്ങള്‍ നീക്കിയത് പ്രതികൂലമായി ബാധിക്കുമെന്ന് കര്‍ഷകരടങ്ങുന്ന സമൂഹം പറയുമ്പോഴും പരാതികളൊക്കെ പരിഹരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍


കല്‍പ്പറ്റ: ബഫര്‍സോണ്‍ വിഷയത്തിലെ സര്‍ക്കാര്‍ തുടര്‍നടപടികള്‍ ജനങ്ങള്‍ക്ക് അനുകൂലമാക്കിയെന്ന വാര്‍ത്തകളില്‍ വിശ്വസിച്ച് നിന്ന വയനാട്ടുകാരെ ആശങ്കയുടെ നടുക്കടലിലേക്ക് തള്ളിയിട്ട് വനംവകുപ്പ് നടത്തിയ ഉപഗ്രഹ സര്‍വേ.

പരിസ്ഥിതിലോല മേഖല സംബന്ധിച്ച് വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന റിമോട്ട് സെന്‍സിംഗ് സെന്റര്‍ (കെഎസ്ആര്‍ഇസി) നടത്തിയ ഉപഗ്രഹ സര്‍വ്വേയും അതിന്റെ ഭാഗമായി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടുമാണ് ഇപ്പോള്‍ വയനാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

കേരളത്തിലെ 22 സംരക്ഷിത വനപ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ പരിസ്ഥിതിലോല മേഖല (ബഫര്‍സോണ്‍)ക്ക് ഒരു കിലോമീറ്റര്‍ പരിധിക്ക് അകത്തുള്ള സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റു നിര്‍മ്മാണങ്ങള്‍ എന്നിവയെ കുറിച്ചായിരുന്നു ഉപഗ്രഹ സര്‍വേ നടത്തിയത്.

ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിരവധി വീടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഷോപ്പുകള്‍, മതധര്‍മ്മ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങി ആയിരക്കണക്കിന് സ്ഥാപനങ്ങളാണ് വിട്ടുപോയത്.

എണ്ണത്തില്‍ ഏറെ കുറവുള്ള സംഖ്യയാണ് സര്‍വേ റിപ്പോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ട് കോടതിയിലെത്തിയാല്‍ നിലവിലെ ഒരു കിലോമീറ്റര്‍ വായുദൂരം തന്നെ ബഫര്‍സോണ്‍ പ്രഖ്യാപിക്കാന്‍ കോടതിക്ക് കൂടുതല്‍ ആലോചിക്കേണ്ടി വരില്ല. ഇതാണ് വയനാട്ടുകാരെ വീണ്ടും ആശങ്കയുടെ നിഴലില്‍ നിര്‍ത്തുന്നത്.

ഇതിന് പുറമെ വനത്തിനകത്ത് താമസിക്കുന്ന നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍, കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ സ്ഥിതിവിവര കണക്കുകള്‍ വനംവകുപ്പ് ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലെന്നതും വയനാട്ടുകാരുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. നിരവധി സ്‌കൂളുകളാണ് സര്‍വേയില്‍ ഉള്‍പ്പെടാതെ പോയത്. ഇത് ദേശീയ വിദ്യാഭ്യാസ നിയമത്തിന് തന്നെ തിരിച്ചടിയാവും.




ആദിവാസികള്‍ക്ക് വനവകാശ നിയമപ്രകാരം ലഭിച്ച അവകാശങ്ങളെ ഹനിക്കാനും ഈ സര്‍വ കാരണമാകും. ഡിസംബര്‍ 23നുള്ളില്‍ ഇതുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കില്‍ പൊതുജനം നല്‍കണമെന്നാണ് നിര്‍േദശം. വൈകിയ വേളയിലാണ് അധികൃതര്‍ ഇത്തരത്തില്‍ ഒരു നിര്‍ദേശം തന്നെ നല്‍കിയിരിക്കുന്നത്. ഇതും ജനങ്ങള്‍ക്ക് തിരിച്ചടിയാണ്. ജനുവരി 14ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുകയാണ് സര്‍ക്കാര്‍. അതിന് മുന്‍പ് പൊതുജനങ്ങളുടെ പരാതികള്‍ എങ്ങിനെ ക്രോഡീകരിക്കുമെന്നാണ് ചോദ്യം ഉയരുന്നത്.

നിലവില്‍ സര്‍ക്കാര്‍ ഇത്ര തിരക്കിട്ട് കാര്യങ്ങള്‍ നീക്കിയത് പ്രതികൂലമായി ബാധിക്കുമെന്ന് കര്‍ഷകരടങ്ങുന്ന സമൂഹം പറയുമ്പോഴും പരാതികളൊക്കെ പരിഹരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. നിലവിലെ റിപ്പോര്‍ട്ടില്‍ സര്‍വ്വെ നമ്പറുകള്‍, അനുബന്ധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ പലതിലും ഗുരുതര അവ്യക്തതയാണ്.

സ്ഥലത്തിന്റെ പേരുകളില്ല, പെട്ടെന്ന് മനസിലാക്കാവുന്ന പേരുകളും, അതിരുകളുമില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇതു മുഴുവന്‍ പരിശോധിച്ച് സ്വന്തം വീടുണ്ടോ, സ്വന്തം സ്ഥാപനം ഉണ്ടോ എന്നുള്ളത് പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധാരണക്കാര്‍ക്ക് പര്യാപ്തമായിട്ടുള്ള സമയം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വയനാട്ടുകാര്‍ പെരുവഴിയിലാകും. പരാതി നല്‍കാന്‍ സമയം ദീര്‍ഘിപ്പിച്ച് നല്‍കിയും സുപ്രീംകോടതിയില്‍ വ്യക്തമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചും ഈ അപകടത്തില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് വയനാട്ടുകാരുടെയും വനത്തിനോട് ചേര്‍ന്ന് താമസിക്കുന്ന കര്‍ഷക ജനതയുടെയും ആവശ്യം.



റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടിയാകുമോ?

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ വയനാട്ടിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ സാരമായി ബാധിച്ചേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം ജില്ലയിലെ പ്രധാന റിസോര്‍ട്ടുകളും മറ്റ് ഹോട്ടലുകളും വനത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിന് പുറത്താണ് സ്ഥിതി ചെയ്യുന്നത്. ജില്ലയില്‍ വനമില്ലാത്ത പ്രദേശത്താണ് റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്നത്. അതിനാല്‍ തന്നെ ചെറിയ രീതിയില്‍ മാത്രമേ ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ വയനാട്ടിലെ റിയല്‍ എസ്റ്റേറ്റഅ രംഗത്തെ ബാധിക്കുകയുള്ളൂ.