11 May 2023 12:14 PM GMT
Summary
- സര്‍വേകളും എക്സിറ്റ് പോളുകളും വ്യത്യസ്ത നിരീക്ഷണങ്ങളാണ് നടത്തിയിട്ടുള്ളത്
- ഫോക്സ്‌കോണ്‍ ബെംഗളൂരുവിനു സമീപം ഫാക്ടറി നിര്‍മ്മാണത്തിനായി 300 ഏക്കര്‍ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്
- കമ്പനികളില്‍ പലതും തെരഞ്ഞെടുക്കുന്ന സ്ഥലം കൂടിയാണ് ബെംഗളൂരു
ബെംഗളൂരു: കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വ്യവസായ മേഖലയില്‍ പ്രതിഫലിക്കുമോ എന്നുറ്റുനോക്കുകയാണ് വിദഗ്ധര്‍. അഭിപ്രായ സര്‍വേകളും എക്സിറ്റ് പോളുകളും വ്യത്യസ്ത നിരീക്ഷണങ്ങളാണ് നടത്തിയിട്ടുള്ളത്. രാജ്യത്തെ പത്തിലധികം പ്രധാന ഏജന്‍സികളും മാധ്യമങ്ങളും ഇതില്‍ പങ്കാളികളാണ്. എബിപി ന്യൂസ്- സി വോട്ടര്‍ അഭിപ്രായപ്പെടുന്നത് കോണ്‍ഗ്രസ് സംസ്ഥാനത്ത ഭൂരിപക്ഷം നേടുമെന്നാണ്.
100മുതല്‍ 112സീറ്റുകള്‍വരെ അവര്‍ നേടും. നിലവിലെ ഭരണകക്ഷിയായ ബിജെപി 83-95 സീറ്റുകളില്‍ ഒതുങ്ങുമെന്നും ജനതാദളിന് 29സീറ്റുകള്‍വരെ മാത്രമെ നേടാനാവു എന്നും അവര്‍ പ്രവചിക്കുന്നു. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യയും കോണ്‍ഗ്രസിന് അഅനുകൂലമായ പ്രവചനമാണ് നടത്തിയിട്ടുള്ളത്. 140 സീറ്റുവരെ കോണ്‍ഗ്രസ് നേടാന്‍ സാധ്യതയുണ്ടെന്നാണ് അവര്‍ പറയുന്നത്.
എന്നാല്‍ റിപ്പബ്ളിക് ടിവിയും സുവര്‍ണ ന്യൂസും നിലവിലുള്ള ഭരണകക്ഷിയായ ബിജെപി നൂറോ അതിലധികമോ സീറ്റുകള്‍ നേടുമെന്ന് അഭിപ്രായപ്പെടുന്നു. ഭൂരിപക്ഷം ഏജന്‍സികളും കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്നാണ് നിരീക്ഷിച്ചിട്ടുള്ളത്. പക്ഷേ ഇവിടെ ഒരു അപകടവും രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു.
നൂറിനരികെ സീറ്റുകള്‍ ബിജെപി നേടിയാല്‍ ജനതാദളിനെ പിളര്‍ത്തിയോ അല്ലാതെയോ അവര്‍ അധികാരത്തില്‍ തുടരാന്‍ സാധ്യത ഏറെയാണ്. ഏറെ മുന്‍പ് വിദഗ്ധര്‍ കര്‍ണാടകയില്‍ തൂക്കുസഭയും പ്രവചിച്ചിരുന്നു. അതിനാല്‍ സുസ്ഥിരമായ ഭരണമാണോ സംസ്ഥാനത്തുണ്ടാവുക എന്ന് ഐടി ലോകവും ശ്രദ്ധചെലുത്തുന്നുണ്ട്.
ബെംഗളൂരു ഒരു ടെക് ഹബ്ബാണ്. ആപ്പിളിന്റെ ഐഫോണ്‍ നിര്‍മ്മിക്കുന്ന കമ്പനികളിലൊന്നായ ഫോക്സ്‌കോണ്‍ ബെംഗളൂരുവിനു സമീപം ഫാക്ടറി നിര്‍മ്മാണത്തിനായി 300കോടി രൂപയ്ക്ക് 300 ഏക്കര്‍ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. വോട്ടെടുപ്പിന്റെ തലേദിസമാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്.
നിശബ്ദ പ്രചാരണ ദിവസം ഇങ്ങനെയൊരു പ്രഖ്യാപനം വന്നതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. എങ്കിലും വിഷയം ഒരു വിവാദമാകാതെ കടന്നുപോയി.
കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാനാകണം എന്നതാണ് പൊതുവായ അഭിപ്രായം. മുഖ്യമന്ത്രിക്കസേരക്കായി വടംവലി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അരങ്ങേറാന്‍ സാധ്യത വളരെയുള്ള അന്തരീക്ഷമാണ് ബെംഗളൂരുവിലേത്. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും എല്ലാം അത് ആഗ്രഹിക്കുന്നു.
സിദ്ധരാമയ്യ ഒരുപടികൂടി കടന്ന് ഇപ്രാവശ്യം കൂടി മാത്രമെ മത്സരരംഗത്ത് ഉണ്ടാവു എന്ന് പ്രഖ്യാപിച്ചത് തന്റെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടി മാത്രമാണ്. കൂടാതെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോണ്‍ഗ്രസ് നടത്തിയ ചില പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ അപ്രീതിക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്.
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഭൂരിക്ഷം ലഭിച്ചിട്ടും അവിടെ മുഖ്യമന്ത്രിയും യുവനേതാവ് സച്ചിന്‍ പൈലറ്റും തമ്മിലുള്ള നേതൃതലത്തിലെ സംഘര്‍ഷങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഇത് വലിയ പോരായ്മ തന്നെയാണ്.
ബിജെപി നേതാക്കളും വിവാദ പ്രസ്താവനകള്‍ നടത്തുന്നതില്‍ പിന്നിലായിരുന്നില്ല. ഒരു തവണ സുപ്രീംകോടതിയുടെ പരിഗണനാ വിഷയത്തില്‍പോലും പ്രഖ്യാപനം വന്നിരുന്നു. ഇതില്‍ പരമോന്നത കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ പ്രഖ്യാപിത വികസന നയവുമായാണ് ബിജെപി തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. ഭരണത്തുടര്‍ച്ച നേടുന്നതിനായി ഹൈവോള്‍ട്ടേജ് പ്രചാരണമാണ് ബിജെപി പുറത്തെടുത്തത്. ഇത് ജനപിന്തുണയാകുമോ എന്നറിയേണ്ടതുണ്ട്.
ഇനി നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും തൂക്കുസഭ രൂപീകരിക്കപ്പെടുകയും ചെയ്താല്‍ വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കിനെ അത് ബാധിച്ചേക്കാം. നിലവില്‍ ചൈനയില്‍ നിന്നും പല വ്യവസായികളും ഇന്ത്യയിലേക്ക് മാറുന്ന സാഹചര്യത്തില്‍. കമ്പനികളില്‍ പലതും തെരഞ്ഞെടുക്കുന്ന സ്ഥലം കൂടിയാണ് ബെംഗളൂരു.
പുതിയ കമ്പനികള്‍ ബെംഗളൂരുവിനുപകരം മറ്റ് സംസ്ഥാനങ്ങളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചാല്‍ അത് കര്‍ണാടകയുടെ സാമ്പത്തികമേഖലക്ക് തിരിച്ചടിയാകും. നിലവില്‍ ഇന്ത്യയില്‍ സാമ്പത്തികമായി ഏറ്റവും മികച്ച നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ് കര്‍ണാടക. ഇവിടെ രാഷ്ട്രീയത്തിനു മാത്രമല്ല പ്രാധാന്യം സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കുകൂടിയാണ്.