20 July 2023 10:08 AM
Summary
- ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും
- ചൈനയെ ഉപേക്ഷിക്കാന്‍ ജര്‍മ്മനിക്കാവില്ല
- വിപണിയിലെ വൈവിധ്യവല്‍ക്കരണത്തിന് പ്രാധാന്യം
ഇന്ത്യയും ജര്‍മ്മനിയും ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായി ജര്‍മ്മന്‍ വൈസ് ചാന്‍സലര്‍ സാമ്പത്തിക കാര്യ-കാലാവസ്ഥാ പ്രവര്‍ത്തന മന്ത്രിയുമായ റോബര്‍ട്ട് ഹാബെക്ക് പറഞ്ഞു. കമ്പനികള്‍ തമ്മിലുള്ള നിക്ഷേപവും സഹകരണവും കാലാനുസൃതമായി ഉയരേണ്ടതുണ്ട്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച ഇന്ത്യയിലെത്തിയതായിരുന്നു അദ്ദേഹം.
ജര്‍മ്മനിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈനയെന്നും ധാരാളം ജര്‍മ്മന്‍, യൂറോപ്യന്‍ കമ്പനികള്‍ ആ രാജ്യത്ത് നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇന്തോ-ജര്‍മ്മന്‍ ബിസിനസ് ഫോറത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഹബെക്ക് പറഞ്ഞു.
'ഇതൊരു വലിയ വിപണിയാണ്, ഉദാഹരണത്തിന് ഇന്ത്യയ്ക്കും യുഎസിനും ഇത് സമാനമാണ്. മറുവശത്ത്, ഒരു വിപണിയെ മാത്രം ആശ്രയിക്കുന്നത് അപകടകരമാകുമെന്നും ഞങ്ങള്‍ തിരിച്ചറിയുന്നു. അതിലുപരി സാമ്പത്തിക പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി നിഷ്പക്ഷമല്ല.അവയില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഇഴചേര്‍ന്നിരിക്കുന്നു' , അദ്ദേഹം പറഞ്ഞു.
തങ്ങള്‍ക്ക് ചൈനയില്‍നിന്ന് വേര്‍പെടാന്‍ കഴിയില്ല. എന്നാല്‍ വിവപണിയിലെ വൈവിധ്യവല്‍ക്കരണണം അനിവാര്യവുമാണെന്ന് അദ്ദേഹം വിശദമാക്കി.
വൈവിധ്യവല്‍ക്കരണം അര്‍ത്ഥമാക്കുന്നത്, മറ്റ് പങ്കാളിത്തങ്ങളും, ഇന്തോ-ജര്‍മ്മന്‍ പങ്കാളിത്തവും മറ്റ് പങ്കാളികളും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു എന്നാണ്. 'ഇന്ത്യന്‍ പങ്കാളികളുമായുള്ള ചര്‍ച്ചകളില്‍ നിന്നുള്ള എന്റെ ധാരണയും, അത് ഇന്ത്യയ്ക്കും സമാനമാണ് എന്നാണ്. അതിനാല്‍ ഞങ്ങളുടെ സഹകരണം ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ കമ്പനികളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും, കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നതിനും, ഒരു പൊതു വ്യാപാര മേഖല സൃഷ്ടിക്കുന്നതിനും ശ്രമമുണ്ടാകണം', അദ്ദേഹം വിശദമാക്കി. ഇതിനായി ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യമുണ്ടെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
റഷ്യയുടെ ഉക്രൈന്‍ ആക്രമണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മോസ്‌കോയുടെ നടപടി അഭൂതപൂര്‍വമായ ഒന്നായി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നിലവില്‍ വന്ന യൂറോപ്യന്‍ സമാധാന ക്രമത്തെ അത് തകര്‍ത്തെന്നും അദ്ദേഹം യൂറോപ്യന്‍ ഭാഗത്ത് നിന്ന് പറഞ്ഞു.
യൂറോപ്പ് ഏഷ്യയില്‍ നിന്നും അകലെയാണെങ്കിലും വിഷയം വളരെ പ്രാധാന്യമുള്ളതാണെന്ന് ഉക്രൈന്‍ സംഘര്‍ഷത്തെക്കുറിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ വില പരിധി പരാമര്‍ശിച്ച്, 'ഉക്രെയ്‌നിലെ യുദ്ധത്തിന് ഇന്ധനം നല്‍കാന്‍ റഷ്യക്ക് കൂടുതല്‍ പണം നല്‍കുന്നതിന് ഉപരോധ സംവിധാനം ഉപയോഗിക്കരുതെന്ന്' അദ്ദേഹം രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഉപരോധം, പുനരുപയോഗ ഊര്‍ജം എന്നിവയുമായി ബന്ധപ്പെട്ട ഊര്‍ജ വിഷയങ്ങള്‍ക്കു പുറമെ, ഇന്ത്യയുമായുള്ള കൂടിക്കാഴ്ചയില്‍ സാമ്പത്തിക കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.