19 Jun 2023 6:51 AM GMT
Summary
- സൗജന്യമായി നൽകുന്ന കാര്യങ്ങളെ ജനങ്ങള്‍ വിലവെക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി
- സേവനത്തിന്‍റെ പ്രാധാന്യം അറിയാന്‍ ജനങ്ങള്‍ അതില്‍ കുറച്ച് ചെലവ് വഹിക്കണം
സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് ഏതു പ്രതിമ നിര്‍മിക്കുന്നതിനും താന്‍ എതിരാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‍കരി. നാഗ്‍പുരിൽ രാഷ്ട്രസന്ത് തുക്കാഡോജി മഹാരാജ് നാഗ്‍പുർ സർവകലാശാലയുടെ (ആർടിഎംഎൻയു) കാംപസില്‍ ഛത്രപതി ശിവജിയുടെ പ്രതിമ സ്ഥാപിക്കുന്നതിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗഡ്‍കരി. "ജനങ്ങൾ നൽകിയ സംഭാവനയിൽ നിന്ന് പ്രതിമ നിർമ്മിക്കാനുള്ള നീക്കത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. പ്രതിമ സ്ഥാപിക്കലിനായി സർക്കാർ ഫണ്ട് വിനിയോഗിക്കപ്പെടരുതെന്നാണ് ഞാന്‍ കരുതുന്നത്. സൗജന്യമായി നൽകുന്ന കാര്യങ്ങളെ ആളുകൾ വിലമതിക്കുന്നില്ല," ഗഡ്‍കരി നിലപാട് വിശദീകരിച്ചു.
2015ലാണ് നാഗ്പൂരിൽ ഛത്രപതി ശിവാജി മഹാരാജ് സ്മാരക സമിതി രൂപീകരിച്ചത്. ആവശ്യമായ അനുമതികള്‍ നേടുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അന്നുമുതൽ നടന്നുവരികയാണ്. ഈ സമിതി ഏറ്റെടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 5 ലക്ഷം രൂപയുടെ സംഭാവന നല്‍കുമെന്നും ഗഡ്‍കരി പറഞ്ഞു. ആരെങ്കിലും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് 11 രൂപയോ 51 രൂപയോ സംഭാവന നൽകിയാലും അത് ഛത്രപതി ശിവാജിയോടുള്ള ആദരമായി കണ്ട് മതിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതൊരു സാമൂഹ്യ പ്രവര്‍ത്തനത്തിന്‍റെയോ സേവനത്തിന്‍റെയോ പ്രാധാന്യം മനസ്സിലാക്കാൻ ആളുകൾ ആ പ്രവൃത്തിയുടെ കുറച്ച് ചിലവ് വഹിക്കണം. ലക്ഷക്കണക്കിന് ആളുകൾ മുന്നോട്ട് വന്ന് കമ്മിറ്റിയിലേക്ക് സംഭാവന നൽകിയത് നല്ല കാര്യമാണ്. ഛത്രപതി ശിവജിയുടെ ചിന്തകളും ആശയങ്ങളും കശ്‍മീര്‍ മുതല്‍ കന്യാകുമാരി വരെ പ്രചരിപ്പിക്കേണ്ടവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കേന്ദ്ര സര്‍ക്കാരിന്‍റെയും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെയും പ്രതിമ നിര്‍മാണ പദ്ധതികള്‍ നേരത്തേ പ്രതിപക്ഷ കക്ഷികളില്‍ നിന്ന് വ്യാപകമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. ഗുജറാത്തില്‍ സ്ഥാപിക്കപ്പെട്ട, സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ഭീമാകാര പ്രതിമ ഭരണനേട്ടമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തിരുന്നു. 2018ല്‍ സ്ഥാപിതമായ ഈ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ്. ടൂറിസം രംഗത്തെ നേട്ടങ്ങള്‍ കൂടി മുന്നോട്ടുവെച്ചാണ് വിമര്‍ശനങ്ങളെ സര്‍ക്കാര്‍ നേരിട്ടത്. എന്നാല്‍ പ്രതീക്ഷിക്കപ്പെട്ട നേട്ടം ഇനിയും സൃഷ്ടിക്കാന്‍ ഇത്തരം പദ്ധതികള്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.
ഉത്തര്‍ പ്രദേശ് ഉള്‍പ്പടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും വന്‍തുക ചെലവഴിച്ചുള്ള പ്രതിമ നിര്‍മാണവും സമാന പദ്ധതികളും പുരോഗമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിതിന്‍ ഗഡ്‍കരി ഇതിന് എതിരെന്ന് വ്യാഖ്യാനിക്കാവുന്ന നിലപാട് പരസ്യമാക്കിയത് എന്നത് ശ്രദ്ധേയമാണ്. നേരത്തേയും ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും പൊതുനിലപാടുകളില്‍ നിന്ന് വ്യത്യസ്തമായ ചില നിലപാടുകള്‍ ഗഡ്‍കരി പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.