9 Dec 2022 10:40 AM GMT
ഇലക്ട്രറല്‍ ബോണ്ട്, അജ്ഞാത ദാതാക്കളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 676.26 കോടി
MyFin Desk
Summary
2018ല്‍ ഇലക്ടറല്‍ ബോണ്ട് അവതരിപ്പിച്ചത് മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 23 ഘട്ടമായുള്ള വില്‍പന വഴി 11,467 കോടി രൂപയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് എത്തിയത്.
ഡെല്‍ഹി: ഇലക്ടറല്‍ ബോണ്ടുകളുടെ 23-ാം ഘട്ട വില്‍പനയിലൂടെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് അജ്ഞാതരായ ദാതാക്കളില്‍ നിന്നും 676.26 കോടി രൂപ എത്തിയെന്ന് റിപ്പോര്‍ട്ട്. 22-ാം ഘട്ട വില്‍പനയിലൂടെ 545 കോടി രൂപയാണ് എത്തിയത്. നവംബര്‍ 11 മുതല്‍ 15 വരെയാണ് 23-ാം ഘട്ട വില്‍പ്പന നടന്നത്. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇത്രയധികം പണം എത്തിയതെന്നും ശ്രദ്ധേയമാണ്.
660.25 കോടി രൂപയുടെ ബോണ്ടുകള്‍ (ഇക്കുറി ആകെ വില്‍പന നടത്തിയതിലെ 97.63 %) പണമാക്കി മാറ്റിയത് എസ്ബിഐയുടെ ഡെല്‍ഹി മെയിന്‍ ബ്രാഞ്ചില്‍ നിന്നാണെന്നും വിവരാവകാശ രേഖയ്ക്കുള്ള മറുപടിയില്‍ എസ്ബിഐ അധികൃതര്‍ വ്യക്തമാക്കയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
309.45 കോടി രൂപയുടെ ബോണ്ടുകള്‍ മുംബൈ മെയിന്‍ ബ്രാഞ്ച് വഴിയും, 222.40 കോടി രൂപയുടെ ബോണ്ടുകള്‍ ഡെല്‍ഹി ബ്രാഞ്ച് വഴിയുമാണ് വിറ്റത്. 2018ല്‍ ഇലക്ടറല്‍ ബോണ്ട് അവതരിപ്പിച്ചത് മുതല്‍ ഇതുവരെയുള്ള കാലയളവില്‍ 23 ഘട്ടമായുള്ള വില്‍പന വഴി 11,467 കോടി രൂപയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് എത്തിയത്.
കഴിഞ്ഞ രണ്ട് മാസങ്ങളിലെ മാത്രം കണക്ക് നോക്കിയാല്‍ 1,221 കോടി രൂപ ഇതുവഴി വിവിധ പാര്‍ട്ടികളിലേക്ക് എത്തി. 23-ാം ഘട്ട വില്‍പനയില്‍ ഏകദേശം 666 ഇലക്ട്രറല്‍ ബോണ്ടുകളാണ് വിറ്റുപോയത്. ഒരോ ബോണ്ടിനും ഒരു കോടി രൂപ മൂല്യമുള്ളവയായിരുന്നു. അതിനാല്‍ തന്നെ ഇവയിലേക്ക് കോര്‍പ്പറേറ്റുകളില്‍ നിന്നോ, ശതകോടീശ്വരന്മാരായ ആളുകളില്‍ നിന്നോ ആകാം നിക്ഷേപം വന്നതെന്നാണ് സൂചന.
ഇന്ത്യയ്ക്കകത്ത് നിന്നോ വിദേശത്ത് നിന്നോ കോര്‍പ്പറേറ്റ് പാര്‍ട്ടികള്‍ക്ക് സ്വീകരിക്കാവുന്ന സംഭാവനയാണ് ഇലക്ട്രല്‍ ബോണ്ടുകള്‍ എന്നത്. എസ്ബിഐയാണ് ഇലക്ട്രറല്‍ ബോണ്ടുകള്‍ ഇറക്കുന്നത്. ബോണ്ടുകള്‍ വാങ്ങുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. നിലവില്‍ 1,000, 10,000, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി രൂപ എന്നിങ്ങനെയുള്ള ബോണ്ടുകളായാണ് എസ്ബിഐ ഇറക്കിയിരിക്കുന്നത്. ഇവ എസ്ബിഐയില്‍ കെവൈസി അധിഷ്ഠിത അക്കൗണ്ടുള്ള ആര്‍ക്കും വാങ്ങാം. ശേഷം അവരവരുടെ താല്‍പര്യത്തിന് അനുസരിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ വേരിഫൈഡ് അക്കൗണ്ടിലേക്ക് ഈ ബോണ്ടുകള്‍ നിക്ഷേപിക്കാം. 15 ദിവസമാണ് ബോണ്ടുകളുടെ കാലാവധി.