image

13 July 2023 10:14 AM GMT

Politics

ആസിയാന്‍ രാജ്യങ്ങളുമായി സഹകരണം വര്‍ധിപ്പിക്കും

MyFin Desk

cooperation with asean countries will be increased
X

Summary

  • ജയ്ശങ്കര്‍ ആസിയാന്‍ വിദേശകാര്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി
  • ഫിന്‍ടെക്, ഭക്ഷ്യ സുരക്ഷ, സമുദ്ര മേഖലകളില്‍ സിംഗപ്പൂരുമായി സഹകരണം വര്‍ധിപ്പിക്കും
  • മകോംഗ് ഗംഗാ കോ-ഓപ്പറേഷന്‍ (എംജിസി) മെക്കാനിസത്തിന്റെ യോഗത്തിലും ജയ്ശങ്കര്‍ പങ്കെടുക്കും


വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ (ആസിയാന്‍) രാജ്യങ്ങളിലെ സഹപ്രവര്‍ത്തകരുമായി ജക്കാര്‍ത്തയില്‍ ഫിന്‍ടെക്, ഭക്ഷ്യ സുരക്ഷ, സമുദ്ര മേഖലകള്‍ തുടങ്ങിയ മേഖലകളിലെ സഹകരണത്തിന്റെ പുരോഗതി അവലോകനം ചെയ്തു. ആസിയാന്‍-ഇന്ത്യ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ജയശങ്കര്‍ ഇന്തോനേഷ്യന്‍ തലസ്ഥാനത്ത് എത്തിയത്.

സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജനായ വിദേശകാര്യ മന്ത്രി വിവിയന്‍ ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം നടപ്പാക്കുന്നതിലെ പുരോഗതി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍, ഫിന്‍ടെക്, ഭക്ഷ്യ സുരക്ഷ, സമുദ്ര മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇരുവരും നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമായി. വീണ്ടും കണ്ടുമുട്ടിയതില്‍ സന്തോഷമെന്ന് സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി ബാലകൃഷ്ണന്‍ പറഞ്ഞു.നിലവിലെ ആഗോള സാഹചര്യത്തെക്കുറിച്ചും അതിന്റെ വെല്ലുവിളികളെക്കുറിച്ചും ഇരു നേതാക്കളും നല്ല സംഭാഷണം നടത്തി. ഫിന്‍ടെക് മേഖലയിലെ സമീപകാല സംഭവവികാസങ്ങളെ ക്രിയാത്മകമായി വിലയിരുത്തുകയും ചെയ്തു. മ്യാന്‍മറിലെ സ്ഥിതിയെക്കുറിച്ചുള്ള വീക്ഷണങ്ങളും അദ്ദേഹം പങ്കിട്ടു.

2021 ഫെബ്രുവരിയില്‍ സൈന്യം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തതു മുതല്‍ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മ്യാന്‍മര്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. അതേസമയം മ്യാന്‍മര്‍ സൈന്യം തങ്ങളുടെ എതിരാളികളെയും ഭരണത്തിനെതിരായ സായുധ പോരാട്ടം നടത്തുന്നവരെയും ലക്ഷ്യമിട്ട് വ്യോമാക്രമണവും നടത്തുന്നുണ്ട്.

ബൂണെ വിദേശകാര്യമന്ത്രിയുമായും ജയ്ശങ്കര്‍ ചര്‍ച്ചകള്‍ നടത്തി. വിദേശകാര്യമന്ത്രി ഡാറ്റോ എറിവാന്‍ പെഹിന്‍ യൂസോഫുമായുള്ള ചര്‍ച്ചയില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.ഭക്ഷ്യസുരക്ഷ, ചലനാത്മകത, ബഹിരാകാശ സഹകരണം എന്നിവയും ചര്‍ച്ച ചെയ്തതായി ജയ്ശങ്കര്‍ ട്വീറ്റുചെയ്തു.

ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്ലന്‍ഡ്, വിയറ്റ്നാം എന്നിവയാണ് ആസിയാന്‍ അംഗരാജ്യങ്ങള്‍.

ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി റെത്നോ മര്‍സൂദിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രി പാര്‍ക്ക് ജിന്നിനെയും ജയ്ശങ്കര്‍ കാണുകയും നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളിലെ സഹകരണം ചര്‍ച്ച ചെയ്യുകയും ചെയ്തു. 'പാര്‍ക്ക് ജിന്നുമായി വീണ്ടും ഒരു കൂടിക്കാഴ്ചയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഏപ്രിലിലെ ഇന്ത്യാ സന്ദര്‍ശനത്തില്‍ നിന്ന് ഞങ്ങളുടെ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുക എന്നതായിരുന്നു ലക്ഷ്യം'-ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

ന്യൂസിലന്‍ഡില്‍ നിന്നുള്ള നനയ മഹുതയെയും അദ്ദേഹം കണ്ടു. ഇന്തോനേഷ്യ, മലേഷ്യ, ഓസ്ട്രേലിയ, വിയറ്റ്നാം എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരുമായി അദ്ദേഹം നിരവധി ചര്‍ച്ചകള്‍ നടത്തുകയും ചോയ്തു.

ജക്കാര്‍ത്തയ്ക്ക് ശേഷം, ജയശങ്കര്‍ മെകോംഗ് ഗംഗാ കോ-ഓപ്പറേഷന്‍ (എംജിസി) മെക്കാനിസത്തിന്റെ 12-ാമത് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ബാങ്കോക്കിലേക്ക് പോകും. ലോവര്‍ മെകോംഗ് മേഖലയിലെ ഏറ്റവും പഴയ സംവിധാനങ്ങളിലൊന്നായ എംജിസിയെ നയിക്കുന്നത് ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യ, കംബോഡിയ, ലാവോ പിഡിആര്‍, മ്യാന്‍മര്‍, തായ്ലന്‍ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ ഗംഗാ നദിയും മെകോങ് നദീതടവും പങ്കിടുന്ന ആറ് അംഗരാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം സുഗമമാക്കുന്നതിനുള്ള ഒരു സംരംഭമാണ് എംജിസി.