image

17 May 2023 8:46 AM GMT

Politics

പുസ്തകം എഴുതി കമല ഹാരിസ് നേടിയത് 66 ലക്ഷം രൂപ; ബൈഡന്‍ നേടിയത് നാല് ലക്ഷം

MyFin Desk

bidan kamala harris income
X

Summary

  • 2021-ല്‍ ജോ ബൈഡന് ബുക്ക് റോയല്‍റ്റി ഇനത്തില്‍ 30,000 ഡോളര്‍ ലഭിച്ചിരുന്നു
  • ജോ ബൈഡന്റെയും ഭാര്യയുടെയും ആസ്തി 1.09-2.57 മില്യന്‍ യുഎസ് ഡോളറാണ്
  • 2021-ല്‍ ബുക്ക് റോയല്‍റ്റി ഇനത്തില്‍ 4,50,000 ഡോളര്‍ കമല ഹാരിസിന് ലഭിച്ചിരുന്നു


ഇന്ത്യന്‍ വംശജയും യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസ് ഒരു കാര്യത്തില്‍ പ്രസിഡന്റ് ജോ ബൈഡനെ മറികടന്നിരിക്കുകയാണ്. അത് പുസ്തകം എഴുതി സമ്പാദിക്കുന്ന കാര്യത്തിലാണ്. 2022-ല്‍ കമല ഹാരിസ് ബുക്ക് റോയല്‍റ്റി ഇനത്തില്‍ സമ്പാദിച്ചത് 81,313 യുഎസ് ഡോളറാണ്. ഇത് ഏകദേശം 66,97,629 ഇന്ത്യന്‍ രൂപ വരും. ഇത് പക്ഷേ 2021-ല്‍ കമലയ്ക്ക് ബുക്ക് റോയല്‍റ്റി ഇനത്തില്‍ ലഭിച്ചതിനേക്കാള്‍ വളരെ കുറഞ്ഞ വരുമാനമാണ്. 2021-ല്‍ ബുക്ക് റോയല്‍റ്റി ഇനത്തില്‍ 4,50,000 ഡോളര്‍ കമല ഹാരിസിന് ലഭിച്ചിരുന്നു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 2022-ല്‍ ബുക്ക് റോയല്‍റ്റി ഇനത്തില്‍ സമ്പാദിച്ചത് 2500 മുതല്‍ 5,000 ഡോളര്‍ (ഏകദേശം 4,11,882 ഇന്ത്യന്‍ രൂപ) വരും.

ബൈഡനും കമല ഹാരിസും സമര്‍പ്പിച്ച പബ്ലിക് ഫിനാന്‍ഷ്യല്‍ ഡിസ്‌ക്ലോഷര്‍ വൈറ്റ് ഹൗസ് തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു. ഇതിലാണു ബൈഡന്റെയും കമല ഹാരിസിന്റെയും വരുമാനത്തെ കുറിച്ചു വെളിപ്പെടുത്തിയത്.

2022-ല്‍ ബുക്ക് റോയല്‍റ്റിയിലൂടെ കമല സമ്പാദിച്ച 81,313 യുഎസ് ഡോളറില്‍ 40,209 ഡോളറും ലഭിച്ചത് 2019-ല്‍ കമല എഴുതി പ്രസിദ്ധീകരിച്ച ' സൂപ്പര്‍ ഹീറോസ് ആര്‍ എവരിവെയര്‍ ' (Superheroes are Everywhere) എന്ന പുസ്തകത്തില്‍ നിന്നാണ്. അതേ വര്‍ഷം പ്രസിദ്ധീകരിച്ച ' ദ ട്രൂത്ത് വീ ഹോള്‍ഡ് ' എന്ന ഓര്‍മ്മക്കുറിപ്പില്‍ നിന്ന് 41,104 ഡോളറും 2022-ല്‍ കമല നേടി.

ജോ ബൈഡന്‍ 2017-ല്‍ എഴുതിയ ഓര്‍മ്മക്കുറിപ്പായ ' പ്രോമിസ് മീ ഡാഡ് ' (Promise me Dad) എന്ന പുസ്തകത്തില്‍നിന്നും 2,501-5000 ഡോളറും, 2004-ല്‍ എഴുതിയ 'പ്രോമിസസ് ടു കീപ്പ് ' (Promises to Keep) എന്ന പുസ്തകത്തില്‍നിന്നും 201 ഡോളറുമാണ് 2022-ല്‍ ബുക്ക് റോയല്‍റ്റിയായി ലഭിച്ചത്.

2021-ല്‍ ജോ ബൈഡന് ബുക്ക് റോയല്‍റ്റി ഇനത്തില്‍ 30,000 ഡോളര്‍ ലഭിച്ചിരുന്നു.

2022-ല്‍ പ്രസംഗം, എഴുത്ത് തുടങ്ങിയവയിലൂടെ ബൈഡന്‍ 3000 ഡോളര്‍ വരുമാനമായി നേടി.

2022-ല്‍ ബൈഡന്റെ ഭാര്യ ജില്‍ ബൈഡന് ബുക്ക് റോയല്‍റ്റിയിലൂടെ 5000-15,000 ഡോളറാണ് ലഭിച്ചത്. 2021-ല്‍ ഇത് 15,000-50,000 ഡോളറായിരുന്നു.

യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ പ്രതിവര്‍ഷം ജോ ബൈഡന് സാലറിയായി ലഭിക്കുന്നത് നാല് ലക്ഷം ഡോളറാണ്. യുഎസ് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ കമല ഹാരിസിന് പ്രതിവര്‍ഷം സാലറിയായി ലഭിക്കുന്നത് 2,35,100 ഡോളറും.

ഇന്‍വെസ്റ്റ്‌മെന്റ്, ഹോള്‍ഡിംഗ്‌സ്, മറ്റ് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ ജോ ബൈഡന്റെയും ഭാര്യയുടെയും ആസ്തി 1.09-2.57 മില്യന്‍ യുഎസ് ഡോളറാണ്.