14 Aug 2023 5:20 AM GMT
ത്രിവര്‍ണ്ണ പതാക പ്രൊഫൈല്‍ പിക്ചറാക്കി; ബിജെപി നേതാക്കള്‍ക്ക് ഗോള്‍ഡന്‍ ടിക്ക് നഷ്ടമായി
MyFin Desk
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുള്‍പ്പെടെ നിരവധി ബിജെപി നേതാക്കളുടെ 'എക്സ്' (മുന്‍പ് ട്വിറ്റര്‍) അക്കൗണ്ടിലെ ഗോള്‍ഡന്‍ ടിക്ക് നഷ്ടപ്പെട്ടു.
' ഹര്‍ ഘര്‍ തിരംഗ ' ക്യാംപെയ്‌ന്റെ ഭാഗമായി പ്രൊഫൈല്‍ പിക്ചര്‍ ത്രിവര്‍ണ്ണ പതാകയാക്കിയതിനു ശേഷമാണു ഗോള്‍ഡന്‍ ടിക്ക് നഷ്ടപ്പെട്ടത്.
ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ' ഹര്‍ ഘര്‍ തിരംഗ ' ക്യാംപെയ്ന്‍ ആരംഭിച്ചത്. സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിക്കാന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനാണു ക്യാംപെയ്ന്‍ ആരംഭിച്ചത്.
പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് പ്രൊഫൈല്‍ പിക്ചര്‍ ത്രിവര്‍ണ്ണ പതാകയാക്കിയ നേതാക്കള്‍ക്ക് പക്ഷേ ഗോള്‍ഡന്‍ ടിക്ക് നഷ്ടപ്പെട്ടു.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി എന്നിവര്‍ക്കെല്ലാം ഗോള്‍ഡന്‍ ടിക്ക് നഷ്ടപ്പെട്ടു.
ബിജെപിയുടെ ദേശീയ വക്താവ് സംബിത് പത്രയ്ക്കും എക്‌സ് പ്ലാറ്റ്‌ഫോമിലെ ഗോള്‍ഡന്‍ ടിക്ക് നഷ്ടപ്പെട്ടു. എന്നാല്‍ ക്യാംപെയ്‌ന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹത്തിന്റെ പ്രൊഫൈല്‍ പിക്ചര്‍ ത്രിവര്‍ണ്ണ പതാകയാക്കി മാറ്റിയെങ്കിലും അദ്ദേഹത്തിന്റെ അക്കൗണ്ടിലെ ഗ്രേ ടിക്ക് നീക്കം ചെയ്തിട്ടില്ല.
വെരിഫൈഡ് അക്കൗണ്ടുകളില്‍ യഥാര്‍ത്ഥ പേരുകളും പിക്ചറുകള്‍ ഉപയോഗിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്ന നയം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
ഗോള്‍ഡന്‍ ടിക്ക് എന്നത് ഒരു അക്കൗണ്ട് യഥാര്‍ത്ഥമാണെന്നു സ്ഥിരീകരിക്കുന്ന ചിഹ്നമാണ്.