image

23 Sep 2023 9:25 AM GMT

Politics

ബെംഗളൂരുവില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍ജഷന്‍ ടാക്‌സ് ?

MyFin Desk

bengaluru congestion tax | bengaluru traffic jam
X

Summary

  • ലണ്ടന്‍ മാതൃകയില്‍ കണ്‍ജഷന്‍ ടാക്‌സ് ഏര്‍പ്പെടുത്താനാണ് നീക്കം
  • ഒന്‍പതുറോഡുകളാണ് അതിരൂക്ഷമായ കുരുക്കില്‍ വലയുന്നത്
  • പ്രതിദിനം 12 ദശലക്ഷം വാഹനങ്ങള്‍ നഗരത്തിലേക്ക് എത്തുന്നു


ബെംഗളൂരുവിലെ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി തിരക്കേറിയ സമയങ്ങളില്‍ ചില റോഡുകളില്‍ നികുതി ചുമത്താൻ ശുപാർശ . സംസ്ഥാനത്തിനെ ഒരുലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കാനുള്ള പദ്ധതിയുടെ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശമുള്ളത്.

തിരക്കേറിയ സമയങ്ങളില്‍ ബെംഗളൂരുവിലെ ഒന്‍പത് റോഡുകളില്‍ നികുതി ചുമത്താനാണ് നിര്‍ദ്ദേശം. നിലവില്‍ പ്രതിദിനം 12 ദശലക്ഷം വാഹനങ്ങള്‍ നഗരത്തിലേക്ക് കടന്നുവരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 1.2 കോടി പൗരന്മാര്‍ ഗതാഗതക്കുരുക്കിന്റെ ഇരകളാണ്. കൂടാത് പ്രതിവര്‍ഷം 2.8 ലക്ഷം ലിറ്റര്‍ ഇന്ധനം പാഴാക്കുന്നു. അതോടൊപ്പം ജനങ്ങളുടെ 60 കോടി വ്യക്തിഗത-മണിക്കൂറുകള്‍ പാഴാകുകയും ചെയ്യുന്നു.

2007 നും 2020 നും ഇടയിലുള്ള കാലയളവില്‍, ബെംഗളൂരുവില്‍ സ്വകാര്യ വാഹനങ്ങളുടെ എണ്ണം 280 ശതമാനമാണ് വര്‍ധിച്ചത്. വാഹനങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ നഗരത്തിലെ പൊതുഗതാഗത അടിസ്ഥാ സൗകര്യങ്ങളുടെ ശേഷി നിലവില്‍ 48ശതമാനം മാത്രമാണ്.

എന്താണ് തിരക്ക് നികുതി?

തിരക്കുള്ള സമയങ്ങളില്‍ നിര്‍ദ്ദിഷ്ട നഗര മേഖലകളില്‍ പ്രവേശിക്കുന്ന വാഹനങ്ങളില്‍ നിന്ന് ചാര്‍ജുകള്‍ ഈടാക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു സംവിധാനമാണ് ``കണ്‍ജഷന്‍ ടാക്‌സ്.'' ഗതാഗതക്കുരുക്കിനെ ചെറുക്കുന്നതിനും വായു മലിനീകരണം കുറയ്ക്കുന്നതിനും ഈ സമീപനം കൂടുതലായി ഉപയോഗിക്കപ്പെടുന്നു. കൂടാതെ സ്‌കാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനും പൊതുഗതാഗത സംവിധാനം കൂടുതലായി ഉപയോഗപ്പെടുത്താനും ഈ നീക്കത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

തിരക്കേറിയ ഒന്‍പത് റോഡുകള്‍

ഔട്ടര്‍ റിംഗ് റോഡ്, സര്‍ജാപൂര്‍ റോഡ്, ഹൊസൂര്‍ റോഡ്, ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ്, ഓള്‍ഡ് മദ്രാസ് റോഡ്, ബല്ലാരി റോഡ്, ബന്നാര്‍ഗട്ട റോഡ്, കനകപുര റോഡ്, മഗഡി റോഡ്, വെസ്റ്റ് ചോര്‍ഡ് റോഡ്, തുംകൂര്‍ റോഡ് എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്നതാണ് തിരക്കേറിയ കോറിഡോറുകള്‍.

തിരക്ക് നികുതി ശേഖരിക്കുന്നത് എങ്ങനെ?

ഇതിനായി നിലവില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫേസ് ടാഗ് സംവിധാനം ഉപയോഗപ്പെടുത്താനാണു ശുപാർശ. ഈ സംവിധാനത്തിന് കീഴില്‍ ഗതാഗതം കൂടുതലുള്ള സ്ഥലങ്ങളിലേക്കുള്ള പ്രധാന പ്രവേശന കേന്ദ്രങ്ങളില്‍ ക്യാമറകള്‍ ഘടിപ്പിച്ച ടോള്‍ ബൂത്തുകള്‍ സ്ഥാപിക്കും. വാഹനങ്ങള്‍ ഈ ടോള്‍ പോയിന്റുകളിലൂടെ കടന്നുപോകുമ്പോള്‍, ക്യാമറകള്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തിരക്ക് നികുതി സ്വയമേവ കുറയ്ക്കുകയും ചെയ്യും.

ന്യൂഡെല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ തിരക്ക് കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശം മുമ്പ് ഉയര്‍ന്നിരുന്നുവെങ്കിലും അതിന് വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. രാഷ്ട്രീയതലത്തിലും ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ ഭാഗത്തുനിന്നുമാണ് പ്രധാനമായും എതിര്‍പ്പ് ഉണ്ടായത്.

എന്നാല്‍ വിദേശത്ത് ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിരവധി നഗരങ്ങള്‍ സമാനമായ നികുതി സമ്പ്രദായങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ലണ്ടന്‍, സ്റ്റോക്ക്‌ഹോം, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിലവില്‍ കണ്‍ജഷന്‍ ചാര്‍ജ് നിലവിലുണ്ട്.