28 Sep 2023 6:51 AM GMT
Summary
- സ്‌കൂളില്‍നിന്നും കുട്ടികള്‍ വീട്ടിലെത്തിയത് രാത്രി എട്ടുമണിക്കുശേഷം
- ഔട്ടര്‍ റിംഗ് റോഡിലാണ് ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമായത്
- ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായി
ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബംഗളൂരു നഗരം. ബുധനാഴ്ചയാണ് ഇതുവരെ കണ്ടിട്ടില്ലാത്ത തിരക്കില്‍പ്പെട്ട് മണിക്കൂറുകലോളം നഗരം നിശ്ചലമായതു. മഹാനഗരത്തിന്റെ ടെക് കോറിഡോര്‍ ഔട്ടര്‍ റിംഗ് റോഡ്, വൈറ്റ്ഫീല്‍ഡ്, മാറാത്തഹള്ളി, മഹാദേവപുര, ബെലന്ദൂര്‍, സര്‍ജാപൂര്‍ പ്രദേശങ്ങളിലാണ് വന്‍ ഗതാഗതക്കുരുക്ക് റിപ്പോര്‍ട്ട് ചെയ്തത്.
ഇതില്‍ ഔട്ടര്‍ റിംഗ് റോഡിലാണ് ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമായത്. നാല് മണിക്കൂറിലധികമാണ് ഇവിടെ വാഹനങ്ങളും ആള്‍ക്കാരും കുടുങ്ങി കിടന്നതു. സ്‌കൂളില്‍നിന്നും കുട്ടികള്‍ രാത്രി എട്ട് മണിയോടെയാണ് വീട്ടിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കന്നഡ അനുകൂല സംഘടനകളും കര്‍ഷക സംഘടനകളും സംഘടിപ്പിച്ച ബെംഗളൂരു ബന്ദിന് അടുത്തദിവസമാണ് നഗരം കുരുക്കിലകപ്പെട്ടത്.
നഗരവാസികൾ ട്രാഫിക് മാനേജ്മെന്റിലും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിലും രോഷാകുലരാണെന്നു സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു. അവരുടെ പ്രതിഷേധം ട്വീറ്റുകളിലും പോസ്റ്റുകളിലും നിറഞ്ഞു.
ഇന്‍ഫോസിസ് മുന്‍ ഡയറക്ടർ ബോര്‍ഡ് അംഗവും നഗരപാലിക വിദഗ്ധനുമായ മോഹന്‍ദാസ് പൈ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും ടാഗ് ചെയ്യുകയും ജനങ്ങള്‍ എത്രകാലം കഷ്ടപ്പെടണമെന്ന് ചോദിക്കുകയും ചെയ്തു.
'സാര്‍ എത്രനാള്‍ ജനങ്ങള്‍ കഷ്ടപ്പെടണം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 4 മാസം കഴിഞ്ഞിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല,'' പൈ എക്സിലെ ഒരു പോസ്റ്റില്‍ കുറിച്ചു.
മറ്റൊരാള്‍ ട്രാഫിക് ജോയിന്റ് കമ്മീഷണറില്‍ നിന്നുള്ള ഒരു സന്ദേശം പങ്കിട്ടു, സന്ദേശം ഇന്ത്യയുടെ ഐടി തലസ്ഥാനത്തെ ഭയാനകമായ ട്രാഫിക് സാഹചര്യത്തിന് ഒന്നിലധികം കാരണങ്ങൾ പറയുന്നു. തന്റെ കുട്ടികള്‍ രാത്രി 9 മണിക്കാണ് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയതെന്ന് അദ്ദേഹം സന്ദേശത്തിൽ പറയുന്നുണ്ട്.
ഓഫീസില്‍ നിന്ന് 100 ശതമാനം ജോലി ചെയ്യണമെന്ന് നിര്‍ബന്ധിക്കുന്ന കമ്പനികള്‍ പാഠം ഉള്‍ക്കൊണ്ട് ബെംഗളൂരു വിടണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
ഐബിഐ ട്രാഫിക് റിപ്പോര്‍ട്ട് അനുസരിച്ച് ബുധനാഴ്ച രാത്രി 7:30 ന് ഏകദേശം 3.59 ലക്ഷം വാഹനങ്ങള്‍ നിരത്തിലുണ്ടാരയിരുന്നു. നീണ്ട വാരാന്ത്യ൦ ആഘോഷിക്കുന്നവരും, മഴയും, വെള്ളക്കെട്ടും ഗണേഷ് ഘോഷയാത്രകളും സ്ഥിതി കൂടുതല്‍ വഷളാക്കി. ഉച്ചകഴിഞ്ഞ് 3:30 മുതല്‍ 5:00 വരെ നീണ്ടു നിന്ന മഴയിലും വെള്ളക്കെട്ടിലും നിരവധി വാഹനങ്ങള്‍ തകരാറിലായി.