image

22 Sept 2023 5:44 AM

Politics

27വര്‍ഷത്തെ കാത്തിരിപ്പിന് 2 ദിനം കൊണ്ട് അവസാനം

MyFin Desk

Lok Sabha passes historic women’s reservation Bill
X

Summary

  • രാജ്യസഭയില്‍ ബില്‍ പാസായത് ഏകകണ്ഠമായി
  • വനിതാസംവരണ ബില്‍ പാസാക്കാനുള്ള അഞ്ചാമത്തെ ശ്രമമായിരുന്നു ഇത്


വനിതാസംവരണ ബില്‍ സംബന്ധിച്ച് നീണ്ട 27 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനമായത്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ചരിത്രപരമായ നിയമം രാജ്യസഭയും അംഗീകരിച്ചു. എതിര്‍ശബ്ദവുമില്ലാതെയാണ് ഭരണഘടനാ ഭേദഗതി ഉപരിസഭ അംഗീകരിച്ചത്.

പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ 2023 ലെ ഭരണഘടന (നൂറ്റി ഇരുപത്തിയെട്ടാം ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ഒരു ദിവസം നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ മറുപടി നല്‍കിയിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം ഇത് നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ലോകസഭയില്‍ 454 അംഗങ്ങള്‍ നിയമത്തെ അനുകൂലിച്ചും രണ്ട് പേര്‍ എതിര്‍ത്തുമാണ് ബില്‍ പാസാക്കിയത്.

1996 സെപ്റ്റംബര്‍ 12ന് യുപിഎ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇതു സംബന്ധിച്ച ബില്‍ ആദ്യമായി ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ 27 വര്‍ഷമായി ബില്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു.

വോട്ടെടുപ്പിന് മുന്നോടിയായി ബില്‍ ഏകകണ്ഠമായി പാസാക്കണമെന്ന് പ്രധാനമന്ത്രി മോദി രാജ്യസഭാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ ആദ്യ ബില്‍തന്നെ സ്ത്രീ ശാക്തീകരണം സംബന്ധിച്ചുള്ളതായത് ഏറെ ശ്രദ്ധേയമായി.

അതേസമയം, ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള നീക്കമായാണ് പ്രതിപക്ഷം ഇതിനെ വിലയിരുത്തിയത്. പക്ഷേ എല്ലാ പാര്‍ട്ടികളും വര്‍ഷങ്ങളായി ആവശ്യപ്പെടുകയും പ്രഖ്യാപിക്കുകയും ചെയ്തിരുന്ന ആവശ്യം ബില്ലായി അവതരിച്ചപ്പോള്‍ എതിര്‍ക്കാന്‍ ആരും മുന്നോട്ടുവന്നില്ല. എതിര്‍ത്താല്‍ അത് ജനപിന്തുണയെ ബാധിക്കും എന്ന് എല്ലാ പാര്‍ട്ടികള്‍ക്കും തിരിച്ചറിവുണ്ടായിരിക്കുന്നു.

സംവരണം നടപ്പിലാക്കുന്നതിനുള്ള സെന്‍സസും മണ്ഡാലാതിർത്തി നിര്‍ണയവും 2024 ലെ തിരഞ്ഞെടുപ്പിന് ശേഷം ഉടന്‍ നടക്കുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ച്, സെന്‍സസും ഡീലിമിറ്റേഷന്‍ പ്രക്രിയകളും പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഇത് പ്രവര്‍ത്തികമാകുകയുള്ളു. അത് ഫലത്തില്‍ കുറഞ്ഞത് 2029 വരെയെങ്കിലും മുന്നോട്ട് പോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു പാസാക്കാനുള്ള അഞ്ചാമത്തെ ശ്രമമായിരുന്നു ഇത്.