image

5 July 2023 7:45 PM IST

Policy

യുഎസ് സിറ്റിസണ്‍ഷിപ്പ് പരീക്ഷ കടുപ്പിക്കുന്നു; ഇംഗ്ലീഷ് പോരായ്മ പ്രശ്നമായേക്കും

MyFin Desk

reform of the us citizenship test
X

Summary

  • സ്പീക്കിംഗ് ടെസ്റ്റിന്‍റെ രീതി മാറ്റും
  • ചോദ്യങ്ങളുടെ ഘടനയിലും മാറ്റം
  • പുതിയ ഫോര്‍മാറ്റ് അടുത്ത വര്‍ഷം മുതല്‍


യുഎസ് പൗരത്വം അനുവദിക്കുന്നതിനുള്ള പരീക്ഷ പരിഷ്കരിക്കുന്നു. വര്‍ഷങ്ങളോളം നിയമപരമായ കുടിയേറ്റക്കാരായി തുടരുന്നവര്‍ക്ക് വിവിധ ഘട്ടങ്ങളിലായി ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന പരീക്ഷയിലൂടെയാണ് നിലവില്‍ പൗരത്വം അനുവദിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം 2020ല്‍ നടപ്പാക്കിയ മാറ്റങ്ങള്‍ ഈ പരീക്ഷയുടെ ദൈര്‍ഘ്യവും ബുദ്ധിമുട്ടുകളും വര്‍ധിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് കുടിയേറ്റ സമൂഹത്തിനിടയിലും വ്യാവസായിക ലോകത്തും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. പൗരത്വത്തിനുള്ള തടസ്സങ്ങൾ നീക്കുന്നതിനും പരീക്ഷ നടത്തിപ്പ് മുമ്പ് 2008ല്‍ ഉണ്ടായിരുന്നതിന് സമാനമായ രീതിയിലേക്ക് മാറ്റുന്നതിനുമുള്ള എക്സിക്യൂട്ടിവ് ഉത്തരവില്‍ ബൈഡന്‍ ഒപ്പുവെച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് പുതുക്കിയ രീതിയിലുള്ള പരീക്ഷകള്‍ അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുന്നത്. 15 വര്‍ഷം മുമ്പത്തെ രീതിയിലുള്ള പരീക്ഷാ നടത്തിപ്പ് ഉചിതമാകില്ലെന്നും കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന വിലയിരുത്തലിലുമാണ് പുതിയ ഫോര്‍മാറ്റ് തയാറാക്കുന്നത്.

ഇംഗ്ലീഷിലെ സംഭാഷണ ശേഷി അളക്കുന്നതിനായുള്ള ഒരു സെക്ഷനും പരീക്ഷയുടെ ഭാഗമായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു‌എസ്‌സി‌ഐ‌എസ്) കൂട്ടിച്ചേര്‍ക്കുമെന്നാണ് സൂചന. ഒരു ഓഫീസർ ദൈനംദിന സാഹചര്യങ്ങളെ കാണിക്കുന്ന ഫോട്ടോകൾ അപേക്ഷകരെ കാണിക്കുകയും അതു സംബന്ധിച്ച് സംസാരിക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുക. നിലവിൽ, അപേക്ഷകനോട് വ്യക്തിപരമായ ചോദ്യങ്ങൾ മാത്രം ചോദിച്ചുകൊണ്ടാണ് സംഭാഷണ ശേഷി വിലയിരുത്തുന്നത്. ഫെഡറൽ നിയമങ്ങള്‍ അനുസരിച്ച്, പൗരത്വത്തിനായി അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവ് ഉണ്ടാകണം. യുഎസ് ചരിത്രത്തെയും സർക്കാരിനെയും കുറിച്ചുള്ള അറിവും ഉണ്ടാകണം.

പുതുക്കിയ പരീക്ഷയിലെ സ്പീക്കിംഗ് ടെസ്റ്റ് തങ്ങള്‍ക്ക് ശ്രമകരമാകുമെന്ന ആശങ്ക ഇതിനകം പല കുടിയേറ്റ സമൂഹങ്ങളും പ്രകടമാക്കുന്നുണ്ട്. ചിത്രങ്ങള്‍ കണ്ടുകൊണ്ടു കാര്യങ്ങള്‍ വിവരിക്കുന്നത് ബുദ്ധിമുട്ടാകുമെന്നും എല്ലാ സന്ദര്‍ഭങ്ങള്‍ക്കുമായുള്ള യുഎസിലെ ഇംഗ്ലീഷ് ഉച്ചാരണ ശൈലി കൃത്യമായി പ്രതിഫലിപ്പിക്കാന്‍ തങ്ങള്‍ക്കായേക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലീഷ് ഒരിക്കലും കുടിയേറ്റ ജനതയില്‍ ഭൂരിപക്ഷത്തിന്‍റെയും മാതൃഭാഷ ആയിരിക്കില്ല. അതിനാല്‍ ഫെഡറല്‍ ഗവണ്‍മെന്‍റിലെ ഒരു ഉദ്യോഗസ്ഥന്‍ വന്ന് അവരോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് അപേക്ഷകരുടെ സമ്മര്‍ദം ഉയര്‍ത്തുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

യു.എസ് ചരിത്രവുമായും ഭരണകൂടവുമായും പൗരസമൂഹവുമായും ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ഒറ്റ ഉത്തരം വാക്കാല്‍ അറിയിക്കുന്നതാണ് ഇപ്പോഴത്തെ രീതി. പുതിയ ഫോർമാറ്റിൽ ഇത് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളായി മാറും. നിലവിൽ, പരീക്ഷ പാസാകുന്നതിന് അപേക്ഷകൻ 10 പൗരത്വ ചോദ്യങ്ങളിൽ ആറെണ്ണത്തിന് ശരിയായി ഉത്തരം നൽകണം. 100 പൗരത്വ ചോദ്യങ്ങളുടെ ഒരു കൂട്ടത്തില്‍ നിന്നാണ് ആ 10 ചോദ്യങ്ങൾ തിരഞ്ഞെടുക്കുന്നത്. ഏതൊക്കെ ചോദ്യങ്ങളാണ് ചോദ്യങ്ങളാണ് ചോദിക്കുക എന്ന് അപേക്ഷകനെ മുന്‍കൂട്ടി അറിയിക്കില്ല. അതിനാല്‍ പരീക്ഷ എഴുതുന്നതിന് മുമ്പ് അപേക്ഷകര്‍ 100 ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ അറിഞ്ഞിരിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

2022 സാമ്പത്തിക വർഷത്തിൽ 1 ദശലക്ഷത്തിലധികം ആളുകളാണ് പുതുതായി യുഎസ് പൗരന്മാരായി മാറിയത്. 1907ന് ശേഷം ഏറ്റവും അധികം പേര്‍ യുഎസ് പൗരന്‍മാരായി മാറിയ വര്‍ഷമാണിത്. 1907 മുതലുള്ള പൗരത്വ ഡാറ്റയാണ് ലഭ്യമായിട്ടുള്ളത്. കൂടാതെ തങ്ങള്‍ക്കു ലഭിച്ച അപേക്ഷകളില്‍ ഏറെയും തീര്‍പ്പാക്കാനും 2022ല്‍ യു‌എസ്‌സി‌ഐ‌എസിന് സാധിച്ചു. പരീക്ഷ നടത്തിപ്പിലെ നിർദ്ദിഷ്ട മാറ്റങ്ങൾ ടെസ്റ്റ് ഡിസൈനില്‍ നിലവിലുള്ള ഏറ്റവും മികച്ച രീതികളെ പ്രതിഫലിപ്പിക്കുന്നതാകും എന്ന് യു‌എസ്‌സി‌ഐ‌എസ് വിശദീകരിച്ചിട്ടുണ്ട്.

നിർദിഷ്ട മാറ്റങ്ങളെ സംബന്ധിച്ച് അവബോധം വര്‍ധിപ്പിക്കുന്നതിന് ഈ വര്‍ഷം രാജ്യവ്യാപക ട്രയൽ നടത്തുമെന്ന് ഏജൻസി അറിയിച്ചു.പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായ സമാഹരണവും ഈ ഘട്ടത്തില്‍ നടക്കും. തുടര്‍ന്ന് ട്രയലിന്‍റെ ഫലങ്ങള്‍ വിദഗ്ധര്‍ വിലയിരുത്തി വേണ്ട ഭേദഗതികള്‍ക്കു ശേഷമായിരിക്കും പുതിയ ഫോര്‍മാറ്റ് നടപ്പാക്കുക.